narendra-modi

ന്യൂഡൽഹി: കേരളത്തിലെ സഭാതർക്കത്തിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിളള. സഭതർക്കത്തിന്റെ എല്ലാ വിശദാംശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് കൂടിക്കാഴ്‌ചക്ക് ശേഷം അദ്ദേഹം വ്യക്തമാക്കി.

'തർക്കമുളള രണ്ട് സഭാനേതൃത്വങ്ങൾ ഉന്നയിച്ച പരാതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്ത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്ക് സഹായങ്ങൾ ലഭിക്കുന്നതിന് വിവേചനം നേരിടുന്നുണ്ടെന്ന് സഭാ നേതൃത്വം പരാതിയിൽ പറയുന്നു. 80:20 എന്ന രീതിയിലാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് വിവേചനപരമാണ്. ഈ വിഷയം പ്രധാനമന്ത്രിയെ അറിയിച്ചു.' എന്നായിരുന്നു ശ്രീധരൻ പിളളയുടെ പ്രതികരണം.

കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രിസ്‌‌തുമസിന് ശേഷം പ്രശ്‌നത്തിൽ പരിഹാരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഭാതർക്കത്തിൽ നീതിപൂർവമായ പരിഹാരം ഉണ്ടാവണമെന്നും സഭാതർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭയുടെ ജോസഫ് മാർ ഗ്രിഗോറിയോസ് പ്രതികരിച്ചു. സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും പി എസ് ശ്രീധരൻ പിളള കൂടിക്കാഴ്‌ച നടത്തും.