
മുംബയ്: ബാങ്ക് ഉദ്യോഗസ്ഥനെ കൊന്ന് കഷണങ്ങളാക്കിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തൊന്നുകാരനായ സുശീൽ കുമാർ സർണായിക്കാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ചാൾസ് നാഡാർ (41), ഭാര്യ സലോമി (31) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ 12 നാണ് സുശീലിനെ കാണാതായത്. ദിവസങ്ങൾക്ക് ശേഷം റെയ്ഗഡ് ജില്ലയിലെ നേറൽ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് രണ്ട് സ്യൂട്ട്‌കേസുകളിലായിട്ടാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
'സഹപ്രവർത്തകർക്കൊപ്പം വിനോദയാത്രയ്ക്ക് പോകുകയാണെന്നും ,നാളെ തിരിച്ചെത്തുമെന്നും അമ്മയോട് പറഞ്ഞാണ് പന്ത്രണ്ടാം തീയതി സുശീൽ വീട്ടിൽ നിന്നും പോയത്. പതിനാലാം തീയതിയായിട്ടും മകൻ തിരിച്ചെത്താതായതോടെ ബാങ്കിലെത്തി അന്വേഷിക്കുകയായിരുന്നു. സഹപ്രവർത്തകർക്ക് അറിയില്ലെന്ന് പറഞ്ഞതോടെ മാതാപിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു'- അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്വേഷണത്തിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സുശീലിന്റെ മൃതദേഹം മാതാപിതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്‌കേസുകൾ കണ്ടെത്തിയത്. സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്യൂട്ട്‌കേസിന്റെ സ്റ്റിക്കറാണ് കൊലയാളികളെ കണ്ടെത്താൻ സഹായകമായത്.സ്റ്റിക്കറിൽ നിന്ന് ഏത് കടയിൽ നിന്നാണ് സ്യൂട്ട്‌കേസ് വാങ്ങിയതെന്ന് മനസിലാക്കിയ പൊലീസ് അവിടെയെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
ഡിസംബർ 12 ന് സുശീൽ ദമ്പതികളെ സന്ദർശിച്ചിരുന്നു. സലോമിയുടെ സ്വഭാവത്തെക്കുറിച്ചുള്ള സുശീലിന്റെ ചില പരാമർശങ്ങൾ ചാൾസിനെ പ്രകോപിപ്പിച്ചു. തുടർന്ന് കൊലപ്പെടുത്തി ശരീരം 12 കഷണങ്ങളായി മുറിച്ചു. അടുത്തുള്ള കടയിൽ നിന്ന് രണ്ട് സ്യൂട്ട്‌കേസുകൾ വാങ്ങുകയും, ശരീരഭാഗങ്ങൾ അതിലിട്ട് ഉപേക്ഷിക്കുകയായിരുന്നു. വലതുകാൽ ഇതുവരെ കണ്ടെത്താനായില്ല.