
കുടുംബത്തിലെ ജഡ്ജിമാർക്ക് വംശനാശം വന്നിരിക്കുന്നു. അല്ലെങ്കിൽ സ്വമേധയാ വിരമിച്ചിരിക്കുന്നു. പുതിയ കാലത്ത് മൗനമാണ് ഏറ്രവും വലിയ ലൈഫ് ഇൻഷ്വറൻസ് പോളിസി എന്ന് പലരും തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ ദുരവസ്ഥയാണ് പല കുടുംബങ്ങളിലും. ദീർഘകാലം വക്കീൽ ഗുമസ്തനായിരുന്ന മോഹനൻ ചെട്ടിയാർ പറഞ്ഞപ്പോൾ കേട്ടിരുന്ന പലരും അതിനോട് യോജിച്ചു.
റിട്ടയർ ചെയ്ത നാലഞ്ചുപേർ സംഘത്തിലുണ്ടാകും. ഓരോ ദിവസം ഓരോ സ്ഥലത്തായിരിക്കും ഒത്തുകൂടൽ. ഒരുദിവസം ക്ഷേത്രവളപ്പിന് സമീപമുള്ള ആൽമരച്ചോട്. മറ്റൊരുനാൾ റെയിൽവേ സ്റ്റേഷനിലെ സിമന്റ് ബഞ്ച്. പിന്നൊരുദിവസം നാലുമുക്കിലെ തട്ടുകട. കടിയായി പരിപ്പുവടയോ ഉഴുന്നുവടയോ. കുടിയ്ക്കാൻ കട്ടനോ ചായയോ. നുണഞ്ഞിറക്കാൻ സമകാലിക കുടുംബപ്രശ്നങ്ങളും തർക്കങ്ങളും വിസ്താരങ്ങളും വിധിപ്രസ്താവങ്ങളുമൊക്കെയുണ്ടാകും. സമൂഹമായിരിക്കും മിക്കവാറും പ്രതിസ്ഥാനത്ത്.
എല്ലാ കുടുംബങ്ങളിലും നീതിയും ന്യായവും പറയുന്നവരുണ്ടായിരുന്നു. നിരീക്ഷണങ്ങളും മുന്നറിയിപ്പുകളും സന്ദേഹങ്ങളും രഹസ്യമായി നടക്കും. പെൺമക്കളും മരുമക്കളുമായി എണ്ണം കൂടുതലായിരുന്നുവെങ്കിലും അവരുടെ മാസമുറയെക്കുറിച്ചുവരെ വീട്ടിലെ മുതിർന്നവർക്ക് നിശ്ചയമുണ്ടായിരുന്നു. നവവധു ആദ്യരാത്രിയിൽ വരന്റെ വീട്ടിലെ ക്ലോസറ്റിൽ പ്രസവിക്കേണ്ട ഗതികേടുണ്ടായിരുന്നില്ല. പെൺമക്കളുടെ ഒരുക്കം, സംസാരം, ചലനങ്ങൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സി.സി ടിവി കാമറകളായിരുന്നു മുതിർന്ന സ്ത്രീകളുടെ ജ്ഞാനക്കണ്ണുകൾ. ആ കണ്ണുകളിൽ പലതും മങ്ങിപ്പോയിരിക്കുന്നു അല്ലെങ്കിൽ പുത്തൻ കാഴ്ചകളിലും സീരിയലുകളിലും മഞ്ഞളിച്ചു പോയിരിക്കുന്നു. സുകുമാരൻ നാടാരുടെ നിരീക്ഷണം പലർക്കും രസിച്ചു.
പ്രായമായ പെൺകുട്ടികളെക്കാൾ ചെറുപ്പമാണെന്ന് വരുത്തിതീർക്കാൻ അവരുടെ അമ്മമാർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ അസഹനീയമാണ്. അമ്മ ഇത്രയൊക്കെ അതിരുവിടണോ എന്ന് മക്കൾ വേഷഭൂഷാദികൾ കണ്ട് ചോദിക്കേണ്ട അവസ്ഥ. ഭാര്യ ചെറുപ്പക്കാരി ചമഞ്ഞാലേ താനും ചെറുപ്പക്കാരനായിരിക്കൂ എന്ന് ധരിച്ച് എല്ലാറ്റിനും മൗനസമ്മതം മൂളുന്ന ഭർത്താക്കന്മാർ. കേശവൻ കുട്ടിനായരുടെ നിരീക്ഷണങ്ങൾ പലരെയും രസിപ്പിച്ചു. മകൻ മുതിരുമ്പോൾ ഒന്നോരണ്ടോ സ്മാളടിച്ചോട്ടെ. പക്ഷേ നാളെ കുടിക്കില്ലേ എന്ന് കരുതി അച്ഛൻ തന്നെ മദ്യം കൊടുത്ത് ശീലിപ്പിച്ചാലോ. ഭാര്യ അതിനെ എതിർത്താലോ വീട്ടിലെ മറ്റുള്ള ആരെങ്കിലും ശക്തിയായി എതിർക്കും. അപ്പോൾ ഭാര്യ ഒറ്റപ്പെടും. വീട്ടിലെ ഒരു ന്യായാധിപയുടെ കഥ അതോടെ കഴിയും. മക്കളുടെ പ്രായത്തിനൊത്ത ദുഃശീലങ്ങളെ അച്ഛൻ എതിർത്താൽ അമ്മ അനുകൂലിക്കും. അതോടെ മക്കൾ തിരുത്തപ്പെടാതെ പോകുന്നു. വഴിപിഴയ്ക്കുന്ന പുതുതലമുറയ്ക്ക് ഒന്നുകിൽ അച്ഛന്റെയോ അമ്മയുടെയോ കലവറയില്ലാത്ത പിന്തുണ ലഭിക്കുന്നു. ഫലമോ മുൾമുരിക്ക് വീടിനു മുകളിലേക്ക് പടർന്ന് പന്തലിക്കുന്നു. നാട്ടുകാരറിയുന്നു. പൊലീസ് കേസ്, പിന്നെ കോടതി വരാന്ത. വീടുകളിലെ ന്യായസ്ഥന്മാർ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്യുന്നതുകൊണ്ടല്ലേ ഈ ദുഃസ്ഥിതി. വിൻസെന്റ് സാറിന്റെ ചോദ്യം അതായിരുന്നു.
സഭ പിരിയാറായതിനാൽ പ്രഭാകരപ്പണിക്കരായിരുന്നു അവസാനം അഭിപ്രായം പറഞ്ഞത്. പരിസ്ഥിതി, പരിസരമലിനീകരണം, മാലിന്യക്കൂമ്പാരം എന്നൊക്കെ വിളിച്ചു കൂവുന്നവർ ധാരാളം. കൺമുന്നിൽ വളരുന്ന മക്കളുടെ മനസിലെ മാറാലയും ചപ്പുചവറുകളും നിമിഷങ്ങൾകൊണ്ട് തുടച്ചുമാറ്റാൻ കഴിയാത്തവരാണ് ഇങ്ങനെയൊക്കെ ഓരിയിടുന്നതെന്നതാണ് തമാശ. ആൽമരത്തിലെ കിളികൾ അതുകേട്ട് കൈയടിക്കും പോലെ ചിറകടിച്ചു.
(ഫോൺ: 9946108220)