
കോട്ടയം: തിരഞ്ഞെടുപ്പ് ആഘോഷത്തിനിടയിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ ഗുണ്ട് പൊട്ടിച്ച. ശബ്ദം കേട്ട് പേടിച്ച 80കാരി ബോധം നഷ്ടപ്പെട്ട് നിലത്തു വീണു. അബോധാവസ്ഥയിലായ വൃദ്ധയെ തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മകന്റെ പരാതിയെ തുടർന്ന് മുട്ടം പൊലീസ് കേസ് എടുത്ത് രണ്ടു പേർക്കെതിരെ നടപടി സ്വീകരിച്ചു.
തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് പ്രകടനമായി വന്ന രണ്ട് യു.ഡി.എഫ് പ്രവർത്തകർ തന്റെ ഉടമസ്ഥതയിലുളള വ്യാപാര സ്ഥാപനത്തിന്റെ മുന്നിൽ ഓടയുടെ മുകളിലേക്ക് ഗുണ്ട് എറിഞ്ഞതായി വൃദ്ധയുടെ മകൻ വിജു സി. ശങ്കർ പൊലീസിന് നല്കിയ പരാതിയിൽ പറയുന്നു.
വ്യാപാര സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണ് വിജു ശങ്കർ താമസിക്കുന്നത്. രോഗ ചികിത്സയിൽ വിശ്രമിക്കുകയായിരുന്നു വൃദ്ധ. വ്യാപാര സ്ഥാപനത്തിലായിരുന്ന താനും ഭാര്യയും ശബ്ദം കേട്ട് ഉടൻ വീട്ടിൽ എത്തി അമ്മയെ തൊടുപുഴയിലുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് വിജു പറഞ്ഞു.
വിജുവിന്റെ പരാതിയിൽ മുട്ടം മുളങ്ങാശ്ശേരിയിൽ ബിസു സെബാസ്റ്റ്യൻ , പൂച്ചക്കുഴിയിൽ നിവിൻ എന്നിവരുടെ പേരിൽ പടക്കം അലക്ഷ്യമായി എറിഞ്ഞതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുട്ടത്തെ വ്യാപാരിയും മർച്ചന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ വിജു സി. ശങ്കറിന്റെ സ്ഥാപനത്തിന് നേരെയുണ്ടായ നടപടിയിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.