migrant-workers

തിരുവനന്തപുരം: അൽഖ്വയ്ദ ബന്ധമുള്ള ഭീകരരെ പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി പിടികൂടി മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പൊലീസിന്റെയും ഇന്റലിജൻസിന്റെയും നിരീക്ഷണം പേരിന് മാത്രം. ലോക്ക് ഡൗണിന് മുമ്പും പിമ്പും ഓരോ പ്രദേശത്തും വന്നുപോകുകയും തമ്പടിക്കുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി കൃത്യമായ യാതൊരുവിവരവും പൊലീസിന്റെ പക്കലില്ലെന്നതാണ് വാസ്തവം.

ലോക്ക് ഡൗണിന് പിന്നാലെ തിരഞ്ഞെടുപ്പ് ചുമതലകളുടെ തിരക്ക് കൂടി ആയതാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് തടസ്സമാകുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുമ്പോൾ കാലങ്ങളായി ഓരോരോ കാരണങ്ങളുടെ പേരിൽ ചുമതലകളിൽ വരുത്തുന്ന വീഴ്ചകളാണ് ഭീകരവാദികളും ക്രിമിനലുകളുമുൾപ്പെടെ കേരളത്തെ സുരക്ഷിത താവളമാക്കുന്നതിന് കാരണം. സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനിൽ പോലും തങ്ങളുടെ പരിധിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പേരോ വിലാസമോ കൃത്യമായി ഇല്ല. തൊഴിലാളിക്യാമ്പുകളുടെയും ചില തൊഴിലുടമകളുടെയും വിവരങ്ങൾ മാത്രമാണ് പൊലീസിനുള്ളത്.

നിർമ്മാണമേഖലയിൽ തുടങ്ങി സർവമേഖലകളിലും പടർന്നു

ഏകദേശം ഒന്നര പതിറ്റാണ്ട് മുമ്പാണ് സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് തുടങ്ങിയത്. നിർമ്മാണ മേഖലയിൽ ജോലി തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തപ്പെട്ട ഇവർ പിന്നീട് സമസ്ത മേഖലകളും കൈയ്യടക്കി.ഇഷ്ടികകമ്പനികൾ, കശുഅണ്ടി ഫാക്ടറികൾ, ഹോട്ടലുകൾ, മരാമത്ത് പണികൾ, തെങ്ങ് കയറ്റം, മരം മുറിക്കൽ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, മത്സ്യ ബന്ധനം തുടങ്ങി എല്ലാ തൊഴിൽ മേഖലകളും അന്യസംസ്ഥാന തൊഴിലാളികളുടെ നിയന്ത്രണത്തിലായി.

കേരളം സുരക്ഷിതതാവളം

തൊഴിലുടമയെയും ഒപ്പമുള്ളവരെയും അരും കൊലചെയ്യുകയും കവർച്ചചെയ്യുകയും ചെയ്തതുൾപ്പെടെ തൊഴിലാളികളുടെ എണ്ണം പെരുകിയതനുസരിച്ച് ഇവരുൾപ്പെടുന്ന കുറ്റകൃത്യങ്ങളും വർദ്ധിച്ചു. പശ്ചിമബംഗാൾ, ബീഹാർ, യു.പി, രാജസ്ഥാൻ, അസാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് അതിഥിതൊഴിലാളികളുടെ വരവ് വർദ്ധിച്ചതോടെ അവിടങ്ങളിൽ നിന്നുളള കുറ്റവാളികളും കേരളത്തെ സുരക്ഷിത താവളമാക്കി.

തൊഴിലുടമകൾ ഇവരുടെ ഫോട്ടോയും തിരിച്ചറിയൽ രേഖകളുമുൾപ്പെടെയുള്ള വിവരങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തി കൈമാറണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും മിക്ക കരാറുകാരും ഇതൊന്നും പാലിക്കാറില്ല. തൊഴിലിടങ്ങളിലെത്തി നിയമാനുസൃതമല്ലാതെ തൊഴിലാളികൾ പണിയെടുക്കുന്നുണ്ടോയെന്ന് പരശോധിക്കാൻ പൊലീസും മെനക്കെടില്ല.

ലേബർ വകുപ്പിന്റെ സ്‌കീമുകൾ വിജയിച്ചില്ല

അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി അപ്നാ ഘർ ഭവന പദ്ധതി ഉൾപ്പെടെ വിവിധ സ്‌കീമുകൾ ലേബർ വകുപ്പ് ആവിഷ്‌കരിച്ചെങ്കിലും വളരെ കുറച്ച് തൊഴിലാളികൾ മാത്രമാണ് പദ്ധതികളിൽ ഭാഗഭാക്കായത്. ലോക്ക് ഡൗണിന് മുമ്പ് പത്ത് ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തുണ്ടായിരുന്നുവെന്നാണ് ലേബർ വകുപ്പിന്റെ കണക്ക്. ലോക്ക് ഡൗണിന് മുമ്പ് ഇവരിൽ പകുതിയിലധികം പേർ നാട്ടിലേക്ക് മടങ്ങിയതായും അൺലോക്ക് വണ്ണിൽ കഷ്ടിച്ച് ഒന്നര ലക്ഷത്തോളം തൊഴിലാളികൾ തിരികെ വന്നതായും ലേബർ വകുപ്പ് അവകാശപ്പെടുന്നു. തൊഴിൽ മേഖലയിൽ പൊതുവിൽ മാന്ദ്യം അനുഭവപ്പെട്ടിരിക്കെ നിർമ്മാണ മേഖലയിലേതടക്കം കരാറുകാരുടെ കീഴിൽ ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ തൊഴിലാളികൾ ജോലി അന്വേഷിച്ച് ഒരു ജില്ലയിൽ നിന്ന് മറ്റ് ജില്ലകളലേക്കും മറ്റും യഥേഷ്ടം മാറി പോകാറുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സജീവം

അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ പെരുമ്പാവൂരലേക്കും അവിടെ നിന്ന് മറ്റിടങ്ങളലേക്കും ധാരാളം അന്യസംസ്ഥാന തൊഴിലാളികൾ മാറിയും തിരിഞ്ഞും ജോലിക്കായി എത്തുന്നുണ്ട്. ഇതൊന്നും പൊലീസോ ലേബർ വകുപ്പോ അറിയാറില്ല. ആഡംബര ഫോണുകൾ ഉപയോഗിക്കുന്ന ഇവരിൽ പലരും സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. പലസംസ്ഥാനങ്ങളിൽ നിന്നായെത്തിയ ഇവർക്കിടയിൽ നിരവധി ഗ്രൂപ്പുകളുമുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ പൊതുവിൽ ബംഗാളികളെന്ന പേരിലാണ് കരുതപ്പെടുന്നതെങ്കിലും ഇവർക്കിടയിൽ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളും മുഷ്രാബാദ്, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തീവ്രമനോഭാവക്കാരുമുണ്ട്.

ഇത്തരക്കാർ ചില പ്രത്യേക സ്ഥലങ്ങളിൽ കൂട്ടമായേ താമസിക്കാറുള്ളൂ. അവരുടെതായ ഭാഷകളിലുള്ള വാട്ട്സ് ആപ് , ഫേസ് ബുക്ക് ഗ്രൂപ്പുകളും ഇവർക്കുണ്ട്. ഇവരുടെ ഫോൺനമ്പരുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പൊലീസിന്റെ പക്കലില്ലാത്തതിനാൽ ഗ്രൂപ്പുകളിൽ ഇവർ നടത്തുന്ന ആശയവിനിമയങ്ങളോ ഇടപാടുകളോ നിരീക്ഷിക്കാൻ പൊലീസിന് പലപ്പോഴും കഴിയാറില്ല.

സൈബർ ഡോം പരാജയം

സൈബർ ഡോം ഉൾപ്പെടെയുള്ള സന്നാഹങ്ങളുണ്ടെന്ന് അവകാശപ്പെടുമ്പോഴും പെരുമ്പാവൂരിൽ നിന്ന് പിടിയിലായ അൽഖ്വയ്ദ പ്രവർത്തകരുടെ നീക്കങ്ങൾ തിരിച്ചറിയാൻ പറ്റാതെ പോയത് പൊലീസ് നിരീക്ഷണത്തിലെ ഈ പിഴവലേക്കാണ് വിരൽ ചൂണ്ടുന്നത്. ലോക്ക് ഡൗൺ സമയത്ത് നാട്ടിൽ പോകണമെന്ന ആവശ്യവുമായി പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികൾ സംഘടിച്ച് റോഡിലിറങ്ങിയ സംഭവത്തിന് ശേഷം പോലും ഇവരുടെ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിലായില്ല എന്നതാണ് വാസ്തവം.

കേരളം തന്ത്രപ്രധാന പ്രദേശം

ദേശസുരക്ഷയുമായി ബന്ധപ്പെട്ട് തന്ത്രപ്രധാന കേന്ദ്രങ്ങളും സ്ഥാപനങ്ങളും ഉൾക്കൊള്ളുന്നതാണ് സംസ്ഥാനത്തെ പലജില്ലകളും. റോഡ് മാർഗവും കടൽ മാർഗവും ആർക്കും കടന്നുവരാൻ കഴിയുന്ന വിധത്തിലാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ്.പദ്മനാഭ സ്വാമി ക്ഷേത്രം, ടെക്നോപാർക്ക്, വി.എസ്.എസ്.സി, വൻകിട ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ, കെ.എം.എം.എൽ അടക്കം തന്ത്രപ്രധാനമായ ഒട്ടനവധി വ്യവസായ സ്ഥാപനങ്ങളും സെക്രട്ടറയേറ്റ് ഉൾപ്പെടെ സുപ്രധാന ഓഫീസുകളുമുൾപ്പെടുന്ന തലസ്ഥാനനഗരവും വ്യവസായ നഗരമായ കൊച്ചിയും പോലെ തന്ത്രപ്രധാനമാണ് കേരളത്തിലെ ഓരോ ഇഞ്ച് സ്ഥലവും .

ആലുവയിൽ പിടിയിലായത് എൻ.ഐ.എ കേസിലെ പ്രതികൾ

പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽഖ്വയ്ദയുമായി ബന്ധമുള്ള മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷറഫ് ഹസൻ എന്നിവരാണ് ഇക്കഴിഞ്ഞ സെപ്തംബറിൽ പെരുമ്പാവൂരിൽ നിന്നും ആലുവയിലെ പാതാളത്തു നിന്നും പിടിയിലായത്. എൻ.ഐ.എ ഡൽഹി യൂണിറ്റ് അന്വേഷിച്ചുവന്ന ഇവരെ സംസ്ഥാന ഇന്റലിജൻസിന്റെയും എറണാകുളം റൂറൽ പൊലീസിന്റെയും സഹായത്തോടെയാണ് പിടികൂടിയത്.ഡിജിറ്റൽ ഡിവൈസുകളും ആയുധങ്ങളും ദേശവിരുദ്ധ ലേഖനങ്ങളും ഇവരിൽ നിന്ന് പിടികൂടുകയും ചെയ്തിരുന്നു. കേരളത്തിൽ ഏറെ നാളായി പലവിധ ജോലികൾ ചെയ്ത് അന്യസംസ്ഥാന തൊഴിലാളികളെന്ന പേരിൽ സുരക്ഷിതരായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പെരുമ്പാവൂരിൽ കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂര പീഡനത്തിനിരയായി യുവതി കൊല്ലപ്പെട്ട കേസിൽ അന്യ സംസ്ഥാന തൊഴിലാളി അമീറുൾ ഇസ്ളാം അറസ്റ്റിലായത് മുതൽ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിലെ ക്രിമിനലുകൾ നാടിന് ഭീഷണിയായിരുന്നിട്ടും ഇവരെ കണ്ടെത്താനോ പിടികൂടാനോ പൊലീസിന്റെ ഭാഗത്തുനിന്ന് കുറ്റമറ്റ മാർഗങ്ങളൊന്നും നാളിതുവരെ ഉണ്ടായിട്ടില്ല.