smart-city

തിരുവനന്തപുരം: അടിസ്ഥാന സൗകര്യ വികസനത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കാനുമായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സ്‌മാർട്ട് സിറ്റി പദ്ധതി നടത്തിപ്പിനായി കേന്ദ്ര നഗരവികസന മന്ത്രാലയം തലസ്ഥാനത്തിന് അനുവദിച്ച 194 കോടി രൂപയിൽ ഇതുവരെ ചെലവിട്ടത് 20.83 കോടി രൂപ മാത്രം. തലസ്ഥാനത്തെ സ്‌മാർട്ട് സിറ്റി പദ്ധതികളുടെ മെല്ലപ്പോക്കിന്റെ നേർക്കാഴ്ചയാണിതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

2018 ജൂലായിൽ സ‌്മാർട്ട് സിറ്റി ചലഞ്ചിൽ കോർപ്പറേഷൻ ഒന്നാം സ്ഥാനം നേടിയിരുന്നു. അടുത്ത വർഷം മാർച്ചിൽ പദ്ധതിയുടെ കാലാവധി അവസാനിക്കുകയാണ്. നാല് ഘട്ടങ്ങളിലായാണ് കേന്ദ്ര നഗരവികസന മന്ത്രാലയം 194 കോടി അനുവദിച്ചത്. ഈ തുകയുടെ ചെലവഴിക്കൽ സ്റ്റേറ്റ്‌മെന്റ് നൽകിയാലേ അടുത്ത ഗഡു തുക അനുവദിക്കുകയുള്ളൂ.

പുതിയ കൗൺസിലിനെ കാത്തിരിക്കുന്ന ഏറ്റവും കടുത്ത വെല്ലുവിളിയും ഈ സ്‌മാർട്ട് സിറ്റി പദ്ധതിയാണ്. 100 നഗരങ്ങളിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സ്‌മാർട്ട് സിറ്രി പദ്ധതിക്കായി രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരത്തെ പരിഗണിച്ചത്. ആദ്യത്തെ രണ്ടുവർഷം കൺസൾട്ടന്റുമായി ബന്ധപ്പെട്ട വിവാദത്തിൽ പദ്ധതി മുങ്ങി. ഒടുവിൽ കൺസൾട്ടന്റിനെ മാറ്രി ഡൽഹി ആസ്ഥാനമായ ഐ.പി.ഇ ഗ്ലോബിനെ കൺസൾട്ടന്റാക്കി. 2022ഓടെ പദ്ധതികൾ പൂർത്തിയാക്കാമെന്നായിരുന്നു അധികൃതർ കണക്കുകൂട്ടിയത്. അപ്പോഴാണ് കൊവിഡ് വ്യാപനം രൂക്ഷമായത്. അതേസമയം, സ്വദേശ് ദർശൻ, അമൃത് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട ചെറിയ പദ്ധതികൾ പൂർത്തിയായിട്ടുണ്ട്. നഗരത്തെ സ്മാർട്ടാക്കാനുള്ള നിരവധി പ്രോജക്ടുകളാണ് സ്‌മാർട്ട് സിറ്റി പദ്ധതിയിലുള്ളത്.

43 പദ്ധതികൾ

സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ 43 പദ്ധതികളാണ് 2022ൽ പൂർത്തിയാക്കാനുള്ളത്. സമയബന്ധിതമായി ഈ പദ്ധതികൾ പൂർത്തിയാക്കാനായില്ലെങ്കിൽ റദ്ദാവുക 1538 കോടിയാണ്. ഈ പദ്ധതികളെല്ലാം തന്നെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നതുമാണ്. 1134 കോടിയുടെ പദ്ധതി രൂപരേഖ ഇതുവരെ സമർപ്പിച്ചെന്നാണ് കണക്ക്. 493.69 കോടി രൂപ അനുവദിച്ചു. ഓരോ പദ്ധതിക്കും കീഴിലും മറ്റ് വിവിധ ചെറുപദ്ധതികളുമുണ്ട്.

സുസ്ഥിര വികസനം, പൗരന്മാർക്ക് മാന്യമായ ജീവിത നിലവാരം, വൃത്തിയും സുസ്ഥിരവുമായ അന്തരീക്ഷം എന്നീ ലക്ഷ്യങ്ങളാണ് സ്‌മാർട്ട് സിറ്റി പദ്ധതിയിലുള്ളത്. തമ്പാനൂർ മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റം, ചാല മാർക്കറ്റിന്റെ നവീകരണം, പാളയം മാർക്കറ്റ് നവീകരണം, പുത്തരിക്കണ്ടം ഓപ്പൺ എയർ തിയറ്റർ, പൊന്നറ ശ്രീധർ പാർക്ക് നവീകരണം തുടങ്ങിയ വൻകിടപദ്ധതികളും പട്ടികയിലുണ്ട്. അതി വേഗത്തിൽ പദ്ധതികൾ പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് വില്ലനായെത്തിയത്. ഇതോടെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായി.

പൂർത്തിയായ പദ്ധതികൾ
സ്മാർട്ട് സിറ്റി പരിധിയിൽ മുഴുവൻ ജലവിതരണ പദ്ധതി, ഭൂഗർഭ ഡ്രെയ്‌നേജ് സംവിധാനം, ഗാന്ധി പാർക്കിലെ ഇ - ചാർജിംഗ് സ്‌റ്റേഷൻ, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം നവീകരണം, ശ്രീകണ്‌ഠേശ്വരം പാർക്ക്, ശ്രീചിത്ര പാർക്ക്, ഗാന്ധി പാർക്ക് എന്നിവിടങ്ങളിലെ ഓപ്പൺ ജിം, ഇ - ഓട്ടോ വിതരണം തുടങ്ങി വിവിധ പദ്ധതികൾ സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്. പനവിളയിലും ആയുർവേദ കോളേജിലും ‌സ്‌മാർട്ട് ബസ് സ്റ്രോപ്പ് പൂർത്തിയായി.

117.51 കോടി രൂപയാണ് പാളയം മാർക്കറ്റ് നവീകരണത്തിനായി ചെലവിടുന്നത്. തമ്പാനൂരിലും പബ്ലിക് ഓഫീസ് പരിസരത്തും ബഹുനില കാർ പാർക്കിംഗ് കേന്ദ്രവും ഷോപ്പിംഗ് കോംപ്ളക്‌സും സ്ഥാപിക്കലാണ് മറ്റൊന്ന്. 62.76 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. കിഴക്കേക്കോട്ടയിലെ ബസ് സ്റ്രാൻഡിന് 43.61 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. ആ‌ർ.എം.എസ് പരിസരത്തും വിമൻസ് കോളേജിലും തീരുമാനിച്ച ബസ് സ്റ്റോപ്പുകൾ പൂർത്തിയായില്ല. 25 കുടിവെള്ള കിയോസ്‌കുകളും എങ്ങുമെത്തിയില്ല. വൈദ്യുതി,​ ബി.എസ്.എൻ.എൽ തുടങ്ങിയവ ഭൂഗർഭ കേബിൾ വഴിയാക്കുക, ജംഗ്ഷനുകൾ നവീകരിക്കുക, സൈക്കിൾ ട്രാക്കുകൾ, നടപ്പാതകൾ എന്നിവ ഏർപ്പെടുത്തി പദ്ധതിയിലുൾപ്പെട്ട 72 കിലോമീറ്റർ റോഡ് സ്‌മാർട്ടാക്കും. ചാല മുതൽ മാനവീയം വീഥി വരെ റോ‌ഡ് ഒന്നാംഘട്ടത്തിലും ആൽത്തറ - അട്ടക്കുളങ്ങര രണ്ടാം ഘട്ടത്തിലും എം.ജി റോഡ് മൂന്നാംഘട്ടത്തിലും നന്നാക്കും.

ആകെ ചെലവ്: 1538 കോടി

കേന്ദ്രം: 500 കോടി

സംസ്ഥാനം: 500 കോടി

പദ്ധതി വിഹിതം: 260 കോടി

നഗരസഭ: 135.7കോടി

പൊതുസ്വകാര്യ പങ്കാളിത്തം: 142.3കോടി