nayanthara-chakochan

സൗത്ത് ഇന്ത്യൻ ചലച്ചിത്ര ലോകത്ത് നയൻതാര തിളങ്ങി നിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ കുഞ്ചാക്കോ ബോബൻ. ഷൂട്ടിംഗ് പുരോഗമിക്കുന്ന നിഴൽ എന്ന ചിത്രത്തിൽ നയൻതാരയ‌്ക്കൊപ്പമുള്ള ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവയ‌്ക്കുകയാണ് ചാക്കോച്ചൻ. സൂപ്പർസ്‌റ്റാർ ഇമേജിൽ നിൽക്കുന്ന താരമാണെങ്കിലും, സിനിമയുമായി സഹകരിക്കുന്ന ഒരവസരത്തിലും അത്തരത്തിലൊരു ഇടപെടൽ നയൻതാരയിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു.

'സിനിമയോടും അഭിനയത്തോടും വളരെ ആത്മാർത്ഥമായാണ് അവർ ഇടപെടുന്നത്. ജോലിയിലുള്ള കൃത്യനിഷ്‌ഠയും പ്ളാനിംഗും അതിശയിപ്പിക്കുന്നതാണ്. ഒരുദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കി പോകുമ്പോൾ അടുത്തദിവസം ചിത്രീകരിക്കുന്ന സീനുകളെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ചോദിച്ചു മനസിലാക്കും. അതിനനുസരിച്ച് വസ്‌ത്രവും മേക്കപ്പും ചെയ‌്താണ് അവർ അടുത്തദിവസം ലൊക്കേഷനിലെത്തുന്നത്. സിനിമയ‌്ക്കൊപ്പം ഇത്തരത്തിൽ നീങ്ങുന്നതുകൊണ്ടുതന്നെയാകും സൗത്ത് ഇന്ത്യൻ ചലച്ചിത്ര ലോകത്ത് അവരിന്നും തിളങ്ങി നിൽക്കുന്നത്. യൂണിറ്റിലെ എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ അവർ ശ്രമിച്ചു. ഡൗൺ ടു എർത്തായ ഒരു താരത്തെയാണ് ഞാൻ അവരിൽ കണ്ടത്'-സ്‌റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ വാക്കുകൾ.