
ആർക്കിടെക്ട് എന്ന വലിയ വേഷത്തിന് പിന്നിലെ മജീഷ്യനെന്ന പ്രത്യേകതയാണ് തന്നെ അയാളിലേക്ക് അടുപ്പിച്ചത്. ആ അടുപ്പമാണ് ദാമ്പത്യത്തിലെത്തിച്ചത്. പക്ഷേ... എല്ലാ പെണ്ണുങ്ങളുടെയും മുന്നിൽ അയാളിങ്ങനെ സ്വയം തിളങ്ങാൻ ശ്രമിക്കുന്നുണ്ടെന്നും അറിയാം. ഇവിടെയും അതുതന്നെ സംഭവിച്ചിരിക്കുന്നു. അയാളിൽ നിന്നുപഠിച്ച ചെറിയ വിദ്യകൾ മാത്രമാണ് തനിക്കറിയാവുന്നത്. വളരെ വേഗത്തിലാണ് അതൊക്കെ താൻ പഠിച്ചത്. പകർന്നുതരാൻ ആദ്യമുണ്ടായിരുന്ന ഉത്സാഹം ശബരിയിൽ നിന്ന് അപ്രത്യക്ഷമായി. നിർബന്ധിച്ചാൽ ശഠിച്ചാൽ മാത്രം പുതിയൊരു വിദ്യ പറഞ്ഞുതരും.ആദ്യ കൂടിക്കാഴ്ചയിൽതന്നെ സുമിയുമായി അകൽച്ചയുണ്ടായതായി അവൾക്കനുഭവപ്പെട്ടു. മാജിക് ആസ്വദിക്കുകയില്ല, നിരാകരിക്കുകയാണുണ്ടായത്. താത്പര്യരഹിതമായ പ്രതികരണം അസ്ഥാനത്ത്, അസമയത്ത് അവതരിപ്പിക്കപ്പെട്ട മാജിക്...വേണ്ടിയിരുന്നില്ല.
രാത്രിയുടെ വിരസതയിൽ ശല്യപ്പെടുത്തലിന്റെ മുറിവിൽ ഉന്മേഷം നൽകാൻ വേണ്ടിയാണ് വളർത്തുമത്സ്യങ്ങളെ സൃഷ്ടിച്ചത്. പക്ഷേ, ആ തുടിപ്പുകൾ ഒരു പിടച്ചിലായി മാറി. ഇനിയെന്താണ് സംസാരിക്കുക? എങ്ങനെയാണ് രസച്ചരട് കേൾക്കുക?
സാദ്ധ്യമാണെന്ന് തോന്നുന്നില്ല. ശബരിയോട് താൻ നിർബന്ധപൂർവം പറഞ്ഞതാണ് ഉപദേശിച്ചതാണ് ഈ നേരത്ത് അന്യമായ ഒരു വീട്ടിൽ കയറി അഭയം തേടി ബുദ്ധിമുട്ടിക്കരുതെന്ന്. അപ്പാർട്ട്മെന്റിന്റെ വിശാലമായ വളപ്പിൽ, തോട്ടത്തിൽ പാർക്കിൽ ശബരിയുമൊത്ത് ചുറ്റിക്കറങ്ങി നേരം പോക്കാമായിരുന്നു. ആകാശമേഘങ്ങളും നക്ഷത്രക്കൂട്ടവും ചങ്ങാതികൾ... പുതിയ പാർപ്പിടത്തിലെ ആദ്യരാത്രി, അങ്ങനെയൊരു സ്വപ്നത്തൂവൽപോലെ...പാറിപ്പാറി... എല്ലാം അസ്തമിച്ചിരിക്കുന്നു. ഒരു വിടവ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
''ഉറക്കം വരുന്നുണ്ടല്ലേ?""
കവിത ചോദിച്ചു.
''സാരമില്ല. കുറേനേരം ഒപ്പമിരിക്കാം.""
അങ്ങനെ ഒരു മറുപടിയുണ്ടാവുമെന്നവൾ പ്രതീക്ഷിച്ചു. അങ്ങനെ കരുതാൻ ഒരു കാരണവുമില്ലെങ്കിലും. സുമി മൂളി. നന്നായി ഉറക്കം വരുന്നുവെന്നറിയാൻ നെറ്റി ചുളിച്ച്, കണ്ണടച്ച് വായ തുറന്നു.
''കിടന്നോളൂ""
''കവിത?""
''ഞാനിവിടെ ഇരുന്നോളാം.""
''കിടന്നോളൂ. ഒരാൾക്ക് സുഖമായി ഈ സോഫയിൽ കിടക്കാം.""
സുമി നിർദ്ദേശിച്ചു. കവിത കിടക്കുന്നത് കാത്തുനിൽക്കാതെ അവൾ മുറിയിലേക്ക് കയറി.
''പോകാൻ നേരം എന്നെ വിളിച്ചാൽ മതി.""
''അതിനി എപ്പോഴാണാവോ?""
കവിത പിറുപിറുത്തു.
സുമി വാതിലടയ്ക്കാൻ ഒരുങ്ങി. പെട്ടെന്ന് പിന്തിരിഞ്ഞു.
പുറത്ത് വനിതയായ അതിഥി തനിച്ചിരിക്കുമ്പോൾ താൻ വാതിൽപൂട്ടി ഒഴിഞ്ഞുമാറുന്നത് ശരിയല്ല. തമ്മിൽ അകലം നിലനിൽക്കുന്നെങ്കിലും വാതിലിന്റെ ബന്ധനം വേണ്ട.
ഇറുകിയ ചുരിദാർ ധരിച്ചാൽ ഉറക്കം ശരിയാവില്ല. ഒരുതരം അസ്വസ്ഥതയാണ്. നേർത്ത നൈറ്റി അണിയാൻ നിവർത്തിയെങ്കിലും അവൾക്ക് ധൈര്യമുണ്ടായില്ല. ശബരി വീണ്ടും വരും. കവിതയെ കൂട്ടിക്കൊണ്ടുപോവാൻ. അന്നേരം എഴുന്നേൽക്കണം. അവർ പുറത്തിറങ്ങി കഴിയുമ്പോൾ വാതിൽ പൂട്ടണം. സുതാര്യമായ രാവുടുപ്പിൽ അയാളുടെ മുന്നിൽ നിൽക്കാനാവില്ല. അയാളെ ശപിച്ചുകൊണ്ടവൾ ഉറങ്ങാൻ കിടന്നു. വൈകിയാലും മയക്കത്തിന്റെ സുഖസാഗരത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നില്ല.
കവിത സ്വീകരണമുറിയിലെ വിളക്ക് കെടുത്തി. അവൾക്ക് ക്ഷീണമുണ്ടായിരുന്നു. കണ്ണുകളിൽ കനം തൂങ്ങുന്നുണ്ടായിരുന്നു. അവൾ സോഫയിൽ കിടന്നു. അപരിചിതമായ ആ അന്തരീക്ഷത്തിൽ അവൾക്കും ഉറങ്ങാൻ കഴിയുമായിരുന്നില്ല.
ഈ അപ്പാർട്ട്മെന്റ് വന്ന് കണ്ടതും തിരഞ്ഞെടുക്കുന്നതും ശബരിയാണ്. ശബരി കണ്ടെത്തുന്നത് മോശമാവില്ലെന്ന് തീർച്ചയുണ്ടായിരുന്നു. അതുകൊണ്ട് തനിക്കും കാണണമെന്ന് ശാഠ്യം പിടിച്ചില്ല. ഇവിടെയെത്തിയപ്പോൾതന്നെ ചുറ്റുപാടിഷ്ടമായി. ഒരു പ്രത്യേക ലോകത്തിന്റെ സുഖശീതളിമയിലേക്ക് വന്നെത്തിയതായി തോന്നി. പക്ഷേ ഈ രാത്രി ഈ ഫ്ലാറ്റിലെ കാത്തിരിപ്പ് മരവിപ്പുണ്ടാക്കിയിരിക്കുന്നു. കണക്കുകൂട്ടൽ തെറ്റിയതുപോലെ. ഇനിയുള്ള സഞ്ചാരം അത്ര പ്രസന്നമായിരിക്കില്ലെന്ന മുൻവിധി. സുമിയുടെ മുഖവും ഭാവവും വ്യക്തമാക്കുന്നത് വെറുപ്പാണ്. തെറ്ര് ശബരിയുടെ പക്ഷത്താണ്. കാലവും നേരവും നോക്കാതെ ഓരോന്ന് ചെയ്യും. എപ്പോഴും ന്യായം സ്വന്തം പക്ഷത്താണെന്ന അഹങ്കാരം. അനുഭവിക്കേണ്ടിവരുന്നത് താനും. ഇത് ആദ്യത്തെ അനുഭവമല്ല. അവൾ ഫോണെടുത്ത് ശബരിയെ വിളിച്ചു.
അയാൾ അപ്പോൾ മറ്റാരോടോ സംസാരിക്കുകയായിരുന്നു. ഈ നേരത്തും ചങ്ങാതിയോ? കുശലമോ?അവൾ ചിറികോട്ടി. തെല്ലുകഴിഞ്ഞപ്പോൾ അയാളവളെ വിളിച്ചു.
''ഈ പാതിരായ്ക്കെന്താ സല്ലാപം?""
അവൾ രൂക്ഷമായി ചോദിച്ചു.
''സല്ലാപമോ? ഞാൻ ലോറി ഡ്രൈവറെ വിളിച്ചതാ""
''എത്താറായോ?""
''ഇല്ല.""
''എവിടെ നിൽക്കുന്നു?""
''സ്വമ്മിംഗ് പൂളിനടുത്ത്""
''എന്നെയിവിടെയാക്കിയിട്ട്...""
അവൾ നീരസമറിയിച്ചു.
''എത്ര രസമായിരുന്നു തണുത്തകാറ്റേറ്റ്, വിശേഷങ്ങൾ പറഞ്ഞ് ഒന്നിച്ച് നിൽക്കാൻ.'"
അയാൾ പരുങ്ങി. തർക്കിക്കാനോ വാദിക്കാനോ ശ്രമിച്ചില്ല. അവൾ ഫോൺ കട്ട് ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ സ്വരം മയപ്പെടുത്തി അന്വേഷിച്ചു.
''അവിടെ എന്തെങ്കിലും അസൗകര്യം?""
അവൾ പരിഹാസത്തോടെ മൂളി.
''സുമി അപ്പോഴേ ഉറങ്ങാൻ പോയി.""
''നീയും ഉറങ്ങിക്കോളൂ.""
''ഒരു കാര്യം ഇനി ലോറിയെത്തി, സാധനമിറക്കിയാലും എന്നെ വിളിക്കുന്നത് നേരം വെളുത്തിട്ട് മതി. ഇനിയും വാതിൽ തുറക്കാൻ സുമിയെ വിളിച്ചെഴുന്നേല്പിക്കാനാവില്ല.""
അവൾ പറയുന്നത് ശരിയാണ്. ആദ്യദിവസം തന്നെ മറ്റൊരു കുടുംബത്തെ ശല്യപ്പെടുത്തുന്നതിന് പരിമിതി വേണം. അയാൾക്കറിയാമായിരുന്നു ലോറി എത്തി പണി പൂർത്തിയാവുമ്പോൾ പ്രഭാതമാകുമെന്ന്. കട്ടിലും അലമാരയുമൊക്കെ ഇറക്കിവയ്ക്കുമ്പോൾ കൃത്യമായ സ്ഥാനം നിർദ്ദേശിക്കാനാണ് കവിത ഒപ്പം വന്നത്. അടുക്കള ചിട്ടപ്പെടുത്താനും. എന്നിട്ട് അവൾ തന്നെ ഇപ്പോൾ പിന്മാറുന്നു.
നീന്തൽക്കുളത്തിലെ നീലജലം തൊട്ടുനോക്കി. നല്ല തണുപ്പുണ്ട്. ഇനി മുതൽ എല്ലാ ദിവസവും അല്പനേരം നീന്തലിനായി മാറ്റിവയ്ക്കണം. തന്റെ പ്രിയവിനോദമാണ് നീന്തൽ. കവിതയെ നീന്തൽ പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. നനഞ്ഞു കുതിർന്ന അവൾ പലവട്ടം ഒഴിഞ്ഞുമാറി. ഇനിയത് സാദ്ധ്യമാവുമെന്ന് തോന്നുന്നില്ല. അവളെ പഠിപ്പിക്കാനുള്ള ഹരവും കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടിരിക്കുന്നു. വെള്ളത്തിൽ അവളെ കുതിർത്തെടുക്കാനും മേനിയിൽ മുറുകെ പിടിക്കാനും ചൂടുപകരാനും ലഹരിപകർന്ന പഴയ ദിനങ്ങൾ. വെള്ളം ആ ലഹരിയുടെ പ്രലോഭനമായിരുന്നു. പിന്നെയും അയാൾ ജലനിരപ്പിൽതൊട്ടു. നിലാവിൽ സ്വന്തംമുഖം ആ തലത്തിൽ പ്രതിഫലിക്കുന്നതായി തോന്നി. ഇനിയുമേറെ നേരം കാത്തിരിക്കാനുണ്ട്. പുലരുമ്പോഴേക്ക് എല്ലാം കഴിഞ്ഞാൽ മതിയായിരുന്നു.
സോഫയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു കവിത. ഒരുതരത്തിലും പൊരുത്തപ്പെടാനാവാത്തതുപോലെ ഉറക്കം അകന്നുനിന്നു. അവൾ എഴുന്നേറ്റു. ജാലകവിരി നീക്കി പുറത്തേക്ക് നോക്കി. ജനാലശീല അവളുടെ തലമുടിയും പിൻഭാഗവും മറച്ചു. സ്വന്തമായ ഒരു ലോകത്ത് എത്തിയതായി തോന്നി. അവൾ ഒരു പാട്ടോർത്തു. അധരങ്ങളിൽ അത് മൂളിപ്പാട്ടായി പിറന്നു. മെല്ലെ മെല്ലെ സ്വരമുയർന്നു.
ബെഡ്റൂമിൽ പാതിമയക്കത്തിൽ സുമിയുടെ കാതുകളിൽ ആ സ്വരമെത്തി. നേർത്ത മഴച്ചാൽ പോലെ. സ്വപ്നത്തിലെന്നോണം ആരാണ് പാടുന്നത്? കേൾക്കാൻ ഇമ്പമുള്ള ഗീതം. അവൾ കാതോർത്തു. ഹിന്ദിയിലാണ് ഗാനം.
അറിയാതെ ഫോണിൽ സ്പർശിച്ചുവോ, ഏതോ ആൽബം പ്ലേയായതാണോ എന്നും സംശയിച്ചു. ഇല്ല, ഫോണിൽ നിന്നല്ലെന്നവൾ ഉറപ്പുവരുത്തി. വീണ്ടും ആലോചിച്ചു. കുറേനേരം മുമ്പ് ഏതാനും വാക്കുകൾ സംസാരിച്ച ശബ്ദം അവൾ തിരിച്ചറിയുകയായിരുന്നു. പാടുന്നത് കവിതയാണ്. മായവേലകളറിയുന്ന കവിത. മായാജാലക്കാരന്റെ ഭാര്യ ഗായിക കൂടിയാണ്. മധുരമായി പാടുന്ന പാട്ടുകാരി. സുമി കിടക്കയിൽ നിന്നെഴുന്നേറ്റു.
ശബ്ദമുണ്ടാക്കാതെ സ്വീകരണമുറിയിലെത്തി. സോഫ ശൂന്യമായിരുന്നു. അരണ്ടവെളിച്ചത്തിൽ ചുറ്രാകെ കണ്ണോടിക്കുമ്പോൾ ജാലകവിരി നീങ്ങിയിരിക്കുന്നത് കണ്ടു. അവിടെ നിന്നാണ് ഗാനം ഒഴുകിയെത്തുന്നത്. അവൾ ആ ഗാനത്തിനരികിലെത്തി. പാട്ട് തടസപ്പെടുത്താതെ പിന്നിൽ നിന്നു.
രാവിന്റെ മേലാടയ്ക്കുമേൽ കവിതയുടെ പാട്ട് പൊൻചിറകായി. ആകാശത്തിന്റെ ഏതോ കോണിലേക്ക് പറന്നുപറന്നുപോവുന്ന തൂവലുകൾ. പിന്നിൽ നിൽക്കുന്നയാളുടെ നിഴൽ ഭിത്തിയിൽ പതിഞ്ഞപ്പോഴാണ് കവിത ഞെട്ടലോടെ തിരിഞ്ഞുനോക്കിയത്. സുമി അവിടെയുണ്ടെന്ന് അവൾക്ക് വിശ്വസിക്കാനായില്ല. ഇപ്പോൾ സുമിയുടെ ഭാവത്തിൽ നീരസമില്ല. കണ്ണുകളിൽ വെറുപ്പിന്റെ കറുപ്പുനിറമില്ല. അഭിനന്ദനം, ആരാധന,....അതിനുമപ്പുറം നിർവചിക്കാനാവാത്ത ഏതോ ചില രേഖകൾ, വർണ്ണങ്ങൾ.
''പാട്ട് മനോഹരമായി.""
ആ അഭിനന്ദനം കവിത നന്ദിപൂർവം സ്വീകരിച്ചു.
''ഒരു പാട്ടുകാരി അയൽക്കാരിയായി വന്നത് ഭാഗ്യമായി. പാട്ടുകേൾക്കാൻ ഒരുവാതിൽ ദൂരമല്ലേയുള്ളൂ.""
''ഞാൻ വെറുതേ മൂളിയതാ. പാട്ടുകാരിയൊന്നുമല്ല.""
''ശരിയാ, വിനയം നല്ലതാ.""
ഒരുപാട്ടിന്റെ ഇതളുകളിൽ മാധുര്യത്തിൽ അവൾ വേഗത്തിൽ ചങ്ങാതികളായി. അവർ സോഫയിലിരുന്നു. രണ്ടുപേരുടെയും ഉറങ്ങാനുള്ള താത്പര്യവും ഉറക്കം കിട്ടാത്തതിലുള്ള ഈർഷ്യയും അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ഇപ്പോൾ പരിചിതർ, വർഷങ്ങളുടെ അടുപ്പമുള്ളവർ.
''ഒരുപാട്ടുകാരിയാവണമെന്ന് എനിക്ക് വലിയ മോഹമായിരുന്നു.""
കവിത അറിയിച്ചു.
''സ്കൂളിലുംകോളേജിലും എനിക്ക് പാട്ടിന് സമ്മാനം കിട്ടിയിട്ടുണ്ട്.""
''എങ്ങനെ കിട്ടാതിരിക്കും, ഇത്രനന്നായി പാടിയാൽ...""
''നന്നായല്ല ഇപ്പോൾ പാടിയത്...""
അവൾ ദീർഘമായി ശ്വസിച്ചു.
''ഇതിലും എത്രയോ നന്നായാണ് കുട്ടിക്കാലത്ത് ഞാൻ പാടിയിരുന്നത്...പക്ഷേ വീട്ടിൽ ആരും പ്രോത്സാഹിപ്പിച്ചില്ല. കൂട്ടുകാരികളുടെ പിന്തുണ മാത്രമായിരുന്നു ശക്തി. കോളേജിൽ നിന്നിറങ്ങിക്കഴിഞ്ഞപ്പോൾ ആ ശക്തിയും വഴിമാറി. ഞാൻ ഒറ്റയായി. പിന്നെ കല്യാണം. പാട്ടെന്നു കേട്ടാൽ മുഖം തിരിക്കുന്ന ഭർത്താവ്. ഒരുമൂളിപ്പാട്ടുപോലും വല്ലായ്മപ്പെടുത്തുന്നയാൾ.""
കവിതയുടെ ആഴത്തിലുള്ള വിഷാദം സുമി തിരിച്ചറിഞ്ഞു. ജീവിതത്തിന്റെ പങ്കാളിയായെത്തുന്നവർ സഹകരിക്കാതിരുന്നാൽ പെണ്ണിന്റെ ആഗ്രഹങ്ങൾ കരിയിലകളായി പാറുന്നു. ചവിട്ടിയരയ്ക്കപ്പെടുന്നു.
വിശ്വനാഥനും തനിക്കും തമ്മിലും പൊരുത്തമില്ല. പക്ഷേ, പൊരുത്തക്കേടുകൾ മറച്ചുപിടിച്ചുകൊണ്ട് മുന്നോട്ട് സഞ്ചരിക്കുമ്പോൾ മുറിയുന്ന മനസ്. കിനിയുന്ന ചോര. കവിത തുടർന്നു. ഹൃദയം തുറന്നു. ആദ്യകൂടിക്കാഴ്ചയിൽ തുറക്കാവുന്നതിനുമപ്പുറം.
''പാട്ടിനെ സ്നേഹിച്ച എന്റെ പാട്ടിന് കാതോർത്ത ഒരു സഹപാഠിയുണ്ടായിരുന്നു. വിനയൻ. ക്ലാസിലും കാമ്പസിലും നിശബ്ദമായി അവൻ എന്നെ പിന്തുടർന്നിരുന്നു. അടുത്തുകിട്ടുമ്പോൾ ഒരുപാട് വിശേഷങ്ങൾ പറയും. ഹിന്ദുസ്ഥാനി മുതൽ കർണാടിക് സംഗീതമുൾപ്പെടെ ലളിതഗാനങ്ങൾ വരെ അവന്റെ ഇഷ്ടവിഭവങ്ങളായിരുന്നു. തന്റെ പാട്ട് ഒരുപാടിഷ്ടമാണെന്ന് അവൻ പറഞ്ഞിട്ടുണ്ട്. തന്നെയും അതുപോലെയിഷ്ടമായിരുന്നെന്ന് അറിയാം. പക്ഷേ ഒരിക്കലും അവൻ പറഞ്ഞില്ല. ക്ലാസ് അവസാനിച്ച് പരീക്ഷയും കഴിഞ്ഞ് വിടപറയുമ്പോൾ അവൻ പാട്ട് പാടിച്ചു. കോളേജ് മൈതാനത്തിന്റെ പടികളിൽ വെയിലേറ്റ് ചൂടിൽ ചുവന്ന് താൻ പാടി. മറ്റ് കുട്ടികൾ പരിഹസിച്ചില്ല. കഥകൾ മെനഞ്ഞില്ല. ചുറ്റും കൂടി ആർപ്പുവിളിച്ചില്ല. അങ്ങനെയൊക്കെ സംഭവിച്ചിരുന്നെങ്കിൽ ആ ബന്ധം പ്രണയമായി വളരുമായിരുന്നു. അതിനുമപ്പുറം ദാമ്പത്യത്തിലേക്ക് കടക്കുമായിരുന്നു...ഒന്നുമുണ്ടായില്ല...""
സുമിക്ക് സഹതാപം തോന്നി.
ശബരി വരയ്ക്കുന്ന കെട്ടിടങ്ങളുടെ ചാരുതയെക്കുറിച്ച് പുകഴ്ത്താനും ഇത്തിരി ജാലവിദ്യയിൽ മതിമറക്കാനും വിധി. സന്തോഷമില്ലാത്ത മനസ്. യാന്ത്രികമായി മുന്നോട്ട് പോവുന്നു. അർദ്ധരാത്രി ലോറി കാത്ത് മറ്റൊരാളുടെ ഫ്ലാറ്റിൽക്കയറി ശല്യപ്പെടുത്തുമ്പോഴും വേദന അടക്കിപ്പിടിക്കുന്നു.
''അയ്യോ ശല്യമൊന്നുമായില്ല""
സുമി ആശ്വസിപ്പിച്ചു.
''ആദ്യത്തെ ഭാവം ഞാൻ തിരിച്ചറിഞ്ഞതാണ്.""
കവിത മന്ദഹസിച്ചു.
''ഏതായാലും ഒരുപാട്ടുകൊണ്ട് ഇയാളെ കീഴ്പ്പെടുത്താനായല്ലോ""
സുമി ആ ചിരിയിൽ പങ്കാളിയായി.
അല്പനേരത്തെ മൗനത്തിന് ശേഷമാണ് സുമി ചോദിച്ചത്.
''കുട്ടികൾ? ""
''ഇല്ല""
പെട്ടെന്നായിരുന്നു മറുപടി.
ആ ചോദ്യം വേണ്ടായിരുന്നെന്ന് തോന്നി. ചോദ്യത്തിലൂടെ വേദനിപ്പിച്ചോ എന്ന ആശങ്കയുണ്ടായി.
''ഞങ്ങൾക്കുമില്ല കുട്ടികൾ. ""
അവളെ സമാധാനിപ്പിക്കാനെന്നോണം സുമി പറഞ്ഞു. കവിത വേറെ ചോദ്യങ്ങളിലൂടെ വിശദമായ അന്വേഷണത്തിന് മുതിർന്നില്ല. പക്ഷേ സ്വന്തം അവസ്ഥയിലൂടെ യാഥാർത്ഥ്യം തുറന്നുപറയാൻ മടിച്ചതുമില്ല.
''എന്റേതാണ് കുഴപ്പം ""
അവൾ കൂടുതൽ ഉറപ്പിച്ചു പറഞ്ഞു.
''ശബരിയുടേതല്ല ""
സുമി അവളുടെ ചുമലിൽ തൊട്ടു ആശ്വസിപ്പിക്കാനെന്നോണം.
''ഇല്ല സുമീ... എനിക്ക് വിഷമമൊന്നുമില്ല. ട്രീറ്റ്മെന്റ് തുടങ്ങി. ആദ്യം തന്നെ സത്യം ബോദ്ധ്യപ്പെട്ടു. ഡോക്ടർ തുറന്നുപറഞ്ഞു. ഞങ്ങൾക്കൊരു കുഞ്ഞ് വേണമെന്ന് നിർബന്ധമാണെങ്കിൽ ദത്തെടുക്കാം. അല്ലെങ്കിൽ എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച് ശബരിക്ക് അച്ഛനാവാം. രണ്ടിനെക്കുറിച്ചും ഞങ്ങൾ പിന്നീടാലോചിച്ചില്ല.""
''ഏതായാലും ഉറക്കം പോയില്ലേ, ഞാനൊരു ചായയുണ്ടാക്കാം.""
സുമി അടുക്കളയിലേക്ക് നടന്നു.
കവിത ഒപ്പമെത്തി.
''കട്ടൻചായ മതി""
''ഞാൻ കട്ടൻ കുടിക്കില്ല""
സുമി അറിയിച്ചു.
അവൾ ഷെൽഫിൽ നിന്ന് മിൽക്ക് പൗഡറെടുത്തുവെള്ളം തിളപ്പിക്കാൻ വച്ചു. ചൂടുചായ കുടിച്ചപ്പോൾ ഉന്മേഷമായി.പ്രഭാതം വിടർന്നതുപോലെ.
''ശബരിയും ലോറിയും...ഒരു മെഗാസീരിയലാണെന്ന് തോന്നുന്നു.""
കവിത പിറുപിറുത്തു.
''ഇനിയെപ്പോഴോ വരട്ടെ...പാട്ടുകാരിയെ എനിക്ക് ബോധിച്ചു. ""
ശബരി; കുട്ടികളില്ലാത്ത ജാലവിദ്യക്കാരൻ. മായാ മുദ്രകളിലൂടെ ഒരു കുഞ്ഞിനെ സൃഷ്ടിക്കാൻ അയാൾക്ക് കഴിയില്ല. മാന്ത്രികപ്പൂക്കൾക്കും മത്സ്യങ്ങൾക്കുമപ്പുറം കരയുന്ന ഓമനിക്കുന്ന ഒരു പൈതൽ... സുമി വിചാരിച്ചു. അങ്ങനെയൊരു ശിശു പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ. ആ വേലയുടെ അത്ഭുതവും അനുഗ്രഹവും യാചിക്കാമായിരുന്നു. തുല്യദുഃഖിതരായ രണ്ട് യുവതികൾ.
പുലരുവോളം അവർ സംസാരിച്ചിരുന്നു. ഒന്നിനുപുറകെ ഒന്നായി വിഷയങ്ങൾ രസച്ചരടുകളായി എത്തിക്കൊണ്ടിരുന്നു. നേരം പോക്കിനായി ഒരു ഘോഷയാത്ര. സൗഹാർദ്ദപൂക്കളുടെ അണിചേരൽ ഇരുട്ടങ്ങുതുടങ്ങുമ്പോഴാണ് ഡോർബെൽ ശബ്ദിച്ചത്.
''ശബരിയായിരിക്കും ""
കവിത പറഞ്ഞു.
സുമി വാതിൽതുറന്നു. കവിതയുടെ ഊഹം ശരിയായിരുന്നു. ശബരി ക്ഷീണിതനായിരുന്നു. ഉറക്കച്ചടവ് പടർന്ന മുഖം. സാധനങ്ങൾ ഇറക്കുന്നതിനും അടുക്കുന്നതിനും മേൽനോട്ടം വഹിച്ചതിന്റെ ക്ലേശം. എങ്കിലും അയാൾ സുമിയെ നോക്കി മന്ദഹസിച്ചു. കവിതയ്ക്ക് ആതിഥ്യം നൽകിയതിന് നന്ദി പറഞ്ഞു.
''വരൂ, ഇനി നമുക്ക് നമ്മുടെ സാമ്രാജ്യത്തിലേക്ക് പോവാം.""
''ചായ ""
സുമി ആരാഞ്ഞു.
''വേണ്ട. ലോറിക്കാർക്കൊപ്പം റോഡിലെ തട്ടുകടയിൽ നിന്ന് ഞാൻ ചായകുടിച്ചു.""
അയാൾ കവിതയേയും കൂട്ടി പുറത്തേക്കിറങ്ങി.
നടന്നകലുമ്പോൾ കവിത പറഞ്ഞു.
''വരണേ, സാമ്രാജ്യം കാണാൻ.""
''തീർച്ച""
ഇപ്പോൾ അവൾക്ക് ശബരിയോട് നീരസം തോന്നുന്നുണ്ടായിരുന്നില്ല. ആ കുടുംബവുമായി ചങ്ങാത്തം സ്ഥാപിച്ചതായി തോന്നി. നല്ല അയൽക്കാരി. അയാളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. ഒരുപകുതി രാവിൽതന്നെ കവിതയെക്കുറിച്ച് എല്ലാം മനസിലാക്കി. വേഗത്തിലെങ്കിലും ആഴത്തിലുള്ള അറിവ്. പകൽ വിരസമായിരുന്നു. പ്രതീക്ഷിക്കുന്ന സമയത്തൊന്നും വിശ്വനാഥ് എത്തുകയില്ലെന്നറിയാമായിരുന്നു. ജോലിയിൽ മുഴുകികഴിഞ്ഞാൽ അയാൾ എല്ലാം മറക്കും. തലേരാത്രിയിൽ ഫോണിൽ പകർന്ന പ്രണയവും ശൃംഗാരവും കടങ്കഥമാത്രമാണെന്നറിയാം. അയാൾക്കനുഭവപ്പെട്ട കുറ്റബോധം താത്ക്കാലികമാണെന്നുമറിയാം.
കവിതയുടെ ഫ്ലാറ്റിലേക്ക് അടുത്തദിവസം പോയാൽ മതിയെന്ന് നിശ്ചയിച്ചു. ഇന്നവർ എല്ലാം അടുക്കി ചിട്ടപ്പെടുത്തട്ടെ. അതിനുശേഷം വിശ്രമിക്കട്ടെ. ഇനിയുള്ള ദിവസങ്ങളിൽ എത്രനേരം വേണമെങ്കിലും അവിടെ ചെന്നിരിക്കാമല്ലോ. നാലുമണികഴിഞ്ഞപ്പോഴാണ് വിശ്വനാഥ് എത്തിയത്. അയാൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. വസ്ത്രം മാറി അയാൾ പറഞ്ഞു.
''ഞാനിത്തിരി കിടക്കട്ടെ.""
തിരിഞ്ഞുകിടന്നതോടെ അയാൾ ഉറക്കത്തിലേക്കാണ്ടു.
ഭാര്യാസാമീപ്യത്തിന്റെ നറുമണമറിയാതെ. ഏറെ കഴിഞ്ഞാണ് അയാളുണർന്നത്. അത്രനേരവും മൊബൈൽ സ്ക്രീനായിരുന്നു അവളുടെ ആശ്വാസം. ഇതിനിടെ തന്നെ അത്താഴവും തയ്യാറാക്കികഴിഞ്ഞിരുന്നു. ഉണർന്നാൽ അയാൾ ലാപ്ടോപുമായി സ്വന്തം മുറിയിൽ ജോലിയിൽ മുഴുകുമെന്നറിയാമായിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഒന്നിനും ഒരു മാറ്റവുമില്ല. അവൾ മന്ദഹസിച്ചു. കാലാകാലങ്ങളിൽ നിറം പൂശും ഭിത്തിയുടെ മുഖം മാറും. അഴുക്കുപിടിക്കുമ്പോൾ വീണ്ടും നിറം പൂശും. പക്ഷേ തന്റെ ജീവിതത്തിന് മാറ്റമില്ല. ചലനമില്ല. ഒരേ വഴിയിൽ.. ഒരേ ദിശയിൽ.
പക്ഷേ, അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത്താഴമേശയിലെത്തുമ്പോൾ അയാൾ അവളെ ചേർത്തുപിടിച്ചു.
''പിന്നെയും ഞാൻ മറന്നു?""
എന്ത് എന്ന ചോദ്യം അവളുടെ നോട്ടത്തിൽ.
''നിന്നെ...""
പുഞ്ചിരിക്കാനല്ലാതെ മറ്റൊന്നിനും അവൾക്ക് കഴിയുമായിരുന്നില്ല. ഭക്ഷണം കഴിഞ്ഞെഴുന്നേറ്റാൽ അയാൾ വീണ്ടും തന്നെ മറക്കുമെന്ന് അവൾക്കറിയാമായിരുന്നു. ഒരു മേഘക്കീറിൽ നിന്ന് മഴ പെയ്യുകയില്ലെന്നും. ഇന്ന് തെറ്റിയത് അവളുടെ മുൻവിധിയാണ്. ചപ്പാത്തിയും തക്കാളിക്കറിയും ഒന്നിച്ചിരുന്ന് കഴിച്ചു. അപ്പോഴും ഇടംകൈയാൽ അയാളവളെ തലോടുന്നുണ്ടായിരുന്നു. ആ വിരലുകളിൽ അപൂർവമായ ലഹരിയുണ്ടായിരുന്നു. ആദ്യം കിടപ്പുമുറിയിലേക്ക് പോയത് അയാളായിരുന്നു. പാത്രങ്ങൾ കഴുകിയടുക്കി അടുക്കളയടച്ച് വേഷം മാറി അവൾ ചെന്നത് അല്പം കഴിഞ്ഞാണ്. നേർത്ത രാവുടുപ്പാണ് അവൾ ധരിച്ചത്. അയാളെ പ്രകോപിപ്പിക്കാൻ വേണ്ടിയോ മോഹം വളർത്താൻ വേണ്ടിയോ ആയിരുന്നില്ല അത്. പതിവുപോലെ...സ്വാഭാവികമായി.
ഇറുകിപ്പിടിക്കുന്ന കട്ടിയുള്ള വസ്ത്രം ധരിച്ച് ഉറങ്ങാൻ വിഷമമാണ്. തലേരാത്രി ഉറക്കം നഷ്ടപ്പെട്ടതിന്റെ വ്യാധിയുമുണ്ട്. ഇന്ന് സുഖമായി ഉറങ്ങണം. പുലരുവോളം. ശല്യമില്ലാതെ...തടസമില്ലാതെ.
കിടക്കയിലെത്തിയ അവളുടെ മേനിയുടെയും മുടിയിഴകളുടെയും സൗരഭ്യം അയാൾ ഏറ്റുവാങ്ങി. മുൻപൊരിക്കലും ഇത്രവശ്യമായ ഗന്ധം നുകർന്നിട്ടില്ലെന്ന് തോന്നി. മധുവിധുനാളുകളിൽപോലും...
അവളുടെ മേനി വടിവുകൾ കൗതുകത്തോടെ അയാൾ നോക്കി. ആ നോട്ടം, ആദ്യരാവിലെ വധുവിനെയെന്നപോലെ അവളെ നാണത്താൽ ചുവപ്പിച്ചു. അവർക്കിടയിൽ സംസാരമുണ്ടായില്ല. അയാളവളെ തുടരെചുംബിച്ചു. കവിളിൽ,നെറ്റിയിൽ, അധരങ്ങളിൽ, കാതിൽ...പിന്നെ ഉടലാകെ...
അവൾ മിഴികൾ പൂട്ടി. തന്റെ ഭർത്താവിലും കാമലോലുപനായ ഒരുപുരുഷനുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. നീണ്ടവരൾച്ചയ്ക്കുശേഷം അവഗണനയ്ക്കുശേഷം. ഇതൊരു മായക്കാഴ്ചയോ? ജാലവിദ്യയോ?
അപ്പോൾ അവളുടെ മിഴികളിലേക്ക് ഒരമ്പരപ്പുപോലെ അയാൾ പ്രത്യക്ഷപ്പെട്ടു. ശബരി എന്ന ജാലക്കാരൻ. തന്റെ പങ്കാളിയുടെ വരണ്ടമനസിൽ പ്രണയത്തിന്റെയും രതിയുടെയും വസന്തം വിരിയിക്കാൻ എത്തിയ മന്ത്രവാദി. ആ മനുഷ്യനോട് അവൾക്ക് മതിപ്പുണ്ടായി. ആരാധനയുണ്ടായി. നന്ദിയും. ഇടനാഴിയിലിറങ്ങിയാൽ തെല്ലുനടന്നാൽ ചുവടുകൾക്കപ്പുറം മറ്റൊരു വാതിലിനുള്ളിൽ അയാൾ. കവിതയുമൊത്ത് ഉറങ്ങുന്ന അയാൾ. അയാൾ വന്നത് വാടകയ്ക്ക് പാർക്കാൻ മാത്രമാണോ? അതോ, തന്റെ ജീവിതത്തിൽ വർണാഭമായ ചിത്രങ്ങൾ വരയ്ക്കാനോ?
അയാൾ മൃദുവായി ചോദിച്ചു.
''എന്താ ആലോചിക്കുന്നത്?""
''ഇപ്പോൾ കഴിഞ്ഞതൊക്കെ. ""
''ഒരു ജാലവിദ്യ ""
അയാൾ പുഞ്ചിരിച്ചു.
അവൾ ഞെട്ടിപ്പോയി.
(തുടരും)