
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുൻപ് പുറത്ത് വരാനിരിക്കുന്ന ഫലത്തെക്കുറിച്ച് പ്രവചനം നടത്തിക്കൊണ്ട് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ജയശങ്കർ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് താൻ ഫേസ്ബുക്കിൽ കുറിച്ചതല്ലെന്നും, ഒക്ടോബർ 23നു ശേഷം ഫേസ്ബുക്കിൽ താൻ ഒരു കുറിപ്പും എഴുതിയിട്ടില്ലെന്നും വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അഡ്വ ജയശങ്കർ. ഫേസ്ബുക്കിൽ താൻ ഒരു കുറിപ്പും എഴുതാത്തതിൽ മനംനൊന്ത് ഏതോ സൈബർ പോരാളി രചിച്ച സാഹിത്യ സൃഷ്ടിയായി ഇതിനെ കാണണമെന്നും ഇനിയും ഇത്തരം കുറിപ്പുകൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാന്യരേ,
ഒക്ടോബർ 23നു ശേഷം ഫേസ്ബുക്കിൽ ഞാൻ ഒരു കുറിപ്പും എഴുതാത്തതിൽ മനംനൊന്ത് നമ്മുടെ നാട്ടിലെ ഏതോ സൈബർ പോരാളി ചുവടെ കാണും പ്രകാരമുള്ള ഒരു സോദ്ദേശ്യ സാഹിത്യ സൃഷ്ടി രചിച്ചു വ്യാപകമായി പ്രചരിപ്പിക്കുന്നതായി അറിയുന്നു.
സൈബർ പോരാളികളുടെ രീതിശാസ്ത്രം അറിയാവുന്നതു കൊണ്ട് അത്ഭുതം തോന്നുന്നില്ല.
തുടർന്നും ഇത്തരം സാഹിത്യ കൃതികൾ പ്രതീക്ഷിക്കുന്നു. സൈബർ വസന്തം പൂത്തുലയട്ടെ.