
പാലക്കാട് നഗരസഭയിൽ ഭരണതുടർച്ച നേടി വിജയിച്ച ബി ജെ പിയുടെ ആഹ്ളാദ പ്രകടനം അതിരുകടന്നു എന്ന ആരോപണം സമൂഹമാദ്ധ്യമത്തിൽ ഉയരുന്നുണ്ട് . നഗരസഭയുടെ കെട്ടിടത്തിൽ ജയ് ശ്രീറാം എന്നെഴുതിയ കൂറ്റൻ ഫ്ളക്സ് സ്ഥാപിച്ച് പ്രവർത്തകർ ജയം കൊണ്ടാടിയതാണ് വിവാദമായത്. നഗരസഭ കെട്ടിടത്തിൽ ഇത്തരത്തിൽ ഒരു ഫ്ളക്സ് പതിപ്പിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേർ പരാതിയുമായി രംഗത്ത് വന്നതോടെ പൊലീസ് സംഭവത്തിൽ കേസെടുത്തിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും നഗരസഭാ മന്ദിരത്തിൽ ഉയർത്തിയ ബാനറിന്റെ പേരിൽ തർക്കം മുറുകുകയാണ്. ഈ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീരാമന്റെയും ശിവാജിയുടെയും ചിത്രങ്ങൾ ഭരണഘടനയുടെ അസൽ രേഖയിൽ ആലേഖനം ചെയ്തിട്ടുണ്ട് എന്ന് രാവിലത്തെ പോസ്റ്റിൽ ഞാൻ പറഞ്ഞിരുന്നു. അതിനാൽത്തന്നെ അവരുടെ ചിത്രങ്ങൾ പതിക്കുന്ന പോസ്റ്ററുകൾ ഭരണഘടനാ വിരുദ്ധമാകുമോ എന്ന ആശയക്കുഴപ്പത്തെ കുറിച്ചും ഞാൻ പറഞ്ഞിരുന്നു.
ഇപ്പോൾ ആശയക്കുഴപ്പം വീണ്ടും കൂടി.
നമ്മുടെ കരസേനയിലെ ഏറ്റവും പഴക്കം ചെന്ന റൈഫിൾ റെജിമെന്റാണ് 1775ൽ സ്ഥാപിതമായ രാജ്പുത്താനാ റൈഫിൾസ്. എല്ലാ മതവിഭാഗങ്ങളും ഉള്ള അവരുടെ യുദ്ധകാഹളം എന്താണെന്നറിയാമോ? രാജാ രാമചന്ദ്ര കീ ജയ്!
അതുപോലെ, കരസേനയിലെ ഏറ്റവും പഴക്കം ചെന്ന കാലാൾപ്പടയാണ് 1768ൽ സ്ഥാപിതമായ മറാഠാ ലൈറ്റ് ഇൻഫൻട്രി റെജിമെന്റ്. പല മതവിഭാഗങ്ങളിലും സംസ്ഥാനങ്ങളിലും ഉള്ള അവരുടെ യുദ്ധകാഹളമോ? ബോൽ ശ്രീ ഛത്രപതി ശിവാജി മഹാരാജ് കീ ജയ്! ശെടാ. മതേതരത്വം എന്തെന്നറിയാത്ത പുവർ സില്ലി ഇന്ത്യൻസ്. ഇഷ്ടല്ലാ!