
യമശാപം പോലെ അജയ്യമാണെന്ന് കരുതിയ ഗദ മുറിഞ്ഞപ്പോൾ ഖരന്റെ മുഖം വിളറി ആത്മവിശ്വാസം മങ്ങി. അതുശ്രദ്ധിച്ച ശ്രീരാമൻ പുഞ്ചിരിയോടെ ഇപ്രകാരം പറഞ്ഞു: അല്ലയോ ദുഷ്ടരാക്ഷസാ... നിന്റെ ശക്തിയെല്ലാം നീ കാണിച്ചുകഴിഞ്ഞു. ഇനിയെന്തെങ്കിലും പ്രകടിപ്പിക്കാനുണ്ടോ? നിന്റെ ശക്തി അത്ര വലുതല്ലെന്ന് നീ ഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് ഇങ്ങനെ മേനി പറയുന്നത്. ഗദയുടെ ശക്തി അപാരമാണ്. ആർക്കും തടുക്കാൻ പറ്റില്ലെന്നൊക്കെ വീമ്പിളക്കിയ നിന്റെ ഗദ ഇതാ ചിന്നിച്ചിതറിക്കിടക്കുന്നു. ക്ഷുദ്രകർമ്മങ്ങളാണ് നീ ചെയ്തു കൊണ്ടിരിക്കുന്നത്. ഗരുഡൻ അമൃതം കവരുന്നപോലെ രാക്ഷസാധമനായ നിന്റെ ജീവൻ ഞാനെടുക്കുകയാണ്. എന്റെ ശരങ്ങൾ നിന്റെ കഴുത്തറുക്കും. ചിതറിത്തെറിക്കുന്ന രക്തം നിന്റെ കഴുത്തറുക്കും. ചിതറിത്തെറിക്കുന്ന രക്തം ഈ ഭൂമി പാനം ചെയ്യും. കൈകൾ തളർന്ന് ശരീരമാകെ പൊടിച്ച രണ്ട് ദുർബ്ബലനായി നീ ഭൂമിയിൽ പതിക്കും. നിന്റെ അന്ത്യനിദ്ര ആയിരിക്കും അത്.
ക്ഷുദ്രകർമ്മിയായ നീ ജീവനറ്റ് പതിക്കുമ്പോൾ നീ മൂലം ദുഃഖിച്ചിരുന്ന ദണ്ഡകാരണ്യവാസികൾ ആശ്വസിക്കും. എന്റെ ശരങ്ങളേറ്റ് നിന്റെ അനുചരന്മാരും കാലപുരി പൂകി. ഇനിയെങ്കിലും തപസ്വികൾ സ്വൈരമായി സഞ്ചരിക്കട്ടെ. ഭീതി പരത്തിയ രാക്ഷസികൾ കണ്ണീർ വാർക്കട്ടെ. പരമദുഷ്ടനായ നിന്നെ നേതാവാക്കിയതിന്റെ ഫലമാണ് ഇതെല്ലാമെന്ന് അവർ തിരിച്ചറിയട്ടെ. ദുഃഖമെന്താണെന്ന് ഇതുവരെ മറ്റുള്ളവർക്ക് ദുഃഖമേകിയിരുന്നവർ അറിയട്ടെ. ദുഷ്ടാത്മാവേ ഭയപ്പാടോയെയാണ് ഇതുവരെ മഹർഷിമാർ ഹോമം ചെയ്തിരിക്കുന്നത്. ഇനി അവർ ശാന്തിയോടെ അഗ്നിയിൽ ഹോമം ചെയ്യട്ടെ. ശ്രീരാമവചനങ്ങൾ കേട്ടപ്പോൾ ഖരന് കോപം വർദ്ധിച്ചു. പരുഷമായ വാക്കുകൾ അയാളിൽ നിന്ന് പുറപ്പെട്ടു. രാമാ! നീ അവിവേകിയാണ്. ഭയപ്പെടേണ്ട സമയത്തും നീ ധൈര്യം നടിക്കുന്നു. കാലൻ അരികിലെത്തിയാൽ ചിലർക്ക് എന്താണ് പറയേണ്ടതെന്നും പറയാൻ പാടില്ലാത്തതെന്നും അറിയില്ല. നീ കാലപാശക്കുടുക്കിൽ പെട്ടിരിക്കുകയാണ്.
കോപാധിക്യത്താൽ ഖരൻ പുരികങ്ങൾ വളച്ചു. യുദ്ധത്തിന് ഇനി പറ്റിയ ആയുധം എന്താണെന്ന് അയാൾ നാലുപാടും നോക്കി. അടുത്തുനിൽക്കുന്ന ഒരു മാമരം അപ്പോൾ ദൃഷ്ടിയിൽപ്പെട്ടു. അതിനെ ശക്തിയോടെ പിഴുതെടുത്തുകൊണ്ട് ശ്രീരാമന് നേർക്ക് നീ ചത്തുകഴിഞ്ഞതാ എന്ന് അലറിക്കൊണ്ടു പറഞ്ഞു. ശ്രീരാമന്റെ നേർക്ക് അതു വലിച്ചെറിഞ്ഞെങ്കിലും ശ്രീരാമൻ അത് അസ്ത്രമെയ്ത് നൂറായി മുറിച്ചു.
ഇതുതന്നെ ഖരനെ നിഗ്രഹിക്കാൻ പറ്റിയ സമയമെന്ന് ശ്രീരാമൻ മനസിൽ ചിന്തിച്ചു. രാമചാപത്തിൽ നിന്ന് ഒന്നിച്ച് ആയിരം ശരങ്ങൾ പുറപ്പെട്ടു. ഖരന്റെ ശരീരമാകെ മുറിഞ്ഞു. ചുടുരക്തമൊഴുകി. വേദനയും കോപവും സഹിക്കാനാകാതെ മദയാനയെപ്പോലെ ഖരൻ ശ്രീരാമന്റെ നേർക്ക് ഓടിയടുത്തു. ഖരൻ പാഞ്ഞടുത്തപ്പോൾ ശ്രീരാമൻ രണ്ടുമൂന്നടി തന്ത്രപൂർവം പിന്നോട്ടുമാറി. പിന്നെ ദേവേന്ദ്രൻ നൽകിയ അസ്ത്രം ഖരന്റെ മാറിടം ലക്ഷ്യമാക്കി തൊടുത്തു. ഇടിനാദം പോലെ മൂർച്ചയേറിയ ആ ശരം ഖരന്റെ നെഞ്ചിൽ തറച്ചു. അഗ്നി വമിച്ചുകൊണ്ടിരുന്ന ശ്രീരാമശരം ഖരാസുരന്റെ ജീവനെടുത്തു. പണ്ട് ശ്വേതാരണ്യത്തിൽ വച്ചു പരമേശ്വരൻ കാലനെ എന്നപോലെദേവേന്ദ്രൻ വജ്രായുധത്താൽ വൃത്രാസുരനെ എന്ന പോലെ കടൽനാക്കുകൊണ്ട് നമൂചിയെ എന്നപോലെയായിരുന്നു ശ്രീരാമന്റെ ആക്രമണം.
ഖരനിഗ്രഹം കൊണ്ട് രാജർഷിമാരും ദേവർഷിമാരും ആഹ്ലാദിച്ചു. അവർ ശ്രീരാമനെ സ്തുതിക്കാൻ തുടങ്ങി: അല്ലയോ ശ്രീരാമ! ദേവേന്ദ്രൻ ശരഭംഗാശ്രമത്തിൽ വന്നത് ഇതിനുവേണ്ടിയായിരുന്നു. തന്ത്രപൂർവം മഹർഷിമാർ അങ്ങയെ ഇവിടേക്ക് ആനയിച്ചതും ഇതിനുവേണ്ടിതന്നെ. ഇനി ഭയലേശമെന്യേ തപസ്വികൾക്ക് ദണ്ഡകാരണ്യത്തിൽ വസിക്കാം. സഞ്ചരിക്കാം. യാഗങ്ങൾ ചെയ്യാം. ദേവന്മാരും ചാരണന്മാരും ഈ സമയത്ത് അവിടെയെത്തി എങ്ങും പുഷ്പങ്ങൾ വർഷിക്കപ്പെട്ടു. അവർ ശ്രീരാമനെ വാഴ്ത്തി. കേവലം മൂന്ന് നാഴികകൊണ്ട് ബലവാന്മാരായ ഖരൻ, ദൂഷണൻ, ത്രിശിരസ് അവർക്കൊപ്പം പതിനാലായിരം രാക്ഷസസേന എന്നിവരെ നിഗ്രഹിച്ചു. രാഘവപരാക്രമം അപാരം. ആ വീരപരാക്രമവും യുദ്ധനൈപുണ്യവും ആർക്കും വർണിക്കാനാകില്ല. ഇപ്രകാരം സ്തുതിച്ചശേഷം അവരെല്ലാം മടങ്ങിപ്പോയി.
ഗിരിഗുഹയിൽ നിന്ന് ലക്ഷ്മണൻ സീതാദേവിക്കൊപ്പം ശ്രീരാമസന്നിധിയിലെത്തി. മഹർഷിമാർ സ്തുതിക്കുന്ന ജ്യേഷ്ഠനെ ലക്ഷ്മണൻ നമസ്കരിച്ചു. വൈദേഹിയാകട്ടെ അഭിമാനത്തോടും അനുരാഗത്തോടും ആലിംഗനം ചെയ്തു. ദുഷ്ടരാക്ഷസപ്പടയെ ഉന്മൂലനം ചെയ്തിട്ടും അശേഷം ക്ഷീണമില്ലാത്ത നാഥനെ ദേവി വീണ്ടും വീണ്ടും ആലിംഗനം ചെയ്തു.
(ഫോൺ: 9946108220)