
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണവും വോട്ടെടുപ്പും വോട്ടെണ്ണലും സൃഷ്ടിച്ച കൊവിഡ് വ്യാപന ആശങ്കയ്ക്കിടെ അടുത്തമാസം സ്കൂൾ തുറക്കാൻ തീരുമാനിച്ചതോടെ ആരോഗ്യവകുപ്പിന് നെഞ്ചിടിപ്പ് കൂടി. സ്കൂൾ തുറക്കലിന് മുമ്പ് തന്നെ ക്രിസ്‌മസ്, പുതുവർഷ ആഘോഷങ്ങൾ കൂടി എത്തുന്നതാണ് ആരോഗ്യവകുപ്പിന്റെ നെഞ്ചിൽ അപായമണി മുഴക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകാൻ ഇതൊക്കെ ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷങ്ങളിൽ ജനം പങ്കു കൊള്ളുമെന്ന് ആരോഗ്യ വകുപ്പ് കരുതുന്നില്ല. ഓണത്തിനും പിന്നീട് വന്ന തദ്ദേശ തിരഞ്ഞെടുപ്പ് സമയത്തും പ്രോട്ടോക്കോൾ ജനങ്ങൾ സൗകര്യപൂർവം ലംഘിക്കുന്നതാണ് എല്ലാവരും കണ്ടത്.
ഇപ്പോൾ സ്‌കൂൾ തുറക്കാനുള്ള തീരുമാനത്തെ ആരോഗ്യവകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും പരസ്യമായിട്ടല്ലെങ്കിലും എതിർക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൊവിഡിന്റെ വ്യാപനം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് ഒരു പ്രവചനമോ വിലയിരുത്തലോ നടത്താൻ വിദഗ്ദ്ധർ തയ്യാറാകുന്നത് പോലുമില്ല. ഇപ്പോൾ പ്രതിദിന രോഗികളുടെ എണ്ണം 4500നും 5500നും ഇടയിലാണ്. രോഗികളുടെ എണ്ണം ഈ നിലയിൽ എത്തിക്കാൻ ആരോഗ്യവകുപ്പ് ഏറെ പണിപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള കൊവിഡ് വ്യാപനത്തിന്റെ തോത് പ്രകടമായി വരുന്നതേയുള്ളൂ. ഇതിനൊപ്പമാണ് ക്രിസ്‌മസ്- പുതുവത്സരാഘോഷങ്ങൾ കൂടി എത്തുന്നത്. ഈ സാഹചര്യത്തിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 10,000 വരെ എത്താനുള്ള സാദ്ധ്യതയും വിദഗ്ദ്ധർ മുന്നിൽ കാണുന്നുണ്ട്.
സൂപ്പർ സ്‌പ്രെഡ് സാദ്ധ്യത വീണ്ടും
ഓണത്തിന്റെ സമയത്ത് കൊവിഡ് മാനദണ്ഡങ്ങൾ മറന്ന ജനം കൂട്ടത്തോടെ ഇറങ്ങിയതോടെ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയർന്നിരുന്നു. സമാനമായ അവസ്ഥ ക്രിസ്‌മസ് - പുതുവത്സര ആഘോഷ സമയത്തും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ആഘോഷങ്ങളോടനുബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതെല്ലാം പാലിക്കപ്പെടുമെന്ന വിശ്വാസം ആരോഗ്യ വകുപ്പിനും ഇല്ല. അതിനാൽ തന്നെ ജൂലായിൽ പൂന്തുറയിലും പുല്ലുവിളയിലും ഉണ്ടായതു പോലെ കൊവിഡിന്റെ സൂപ്പർ സ്‌പ്രെഡിനുള്ള സാദ്ധ്യതയും വിദഗ്ദ്ധർ തള്ളുന്നില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂന്ന് കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മാർച്ച് മുതൽ മേയ് വരെ 3496 കേസുകളും റിപ്പോർട്ട് ചെയ്തു. മേയ് മുതൽ ജൂലായ് വരെയുള്ള നാല് മാസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം 27,457ൽ എത്തി. ആഗസ്റ്റിൽ കൊവിഡ് അതിന്റെ വ്യാപനത്തിന്റെ മൂർദ്ധന്യത്തിലെത്തുകയും സെപ്തംബർ 12 ആയപ്പോഴേക്കും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുകയും ചെയ്തു.