
മോസ്കോ : ടെന്നീസിലെ ഗ്ലാമർ സാന്നിദ്ധ്യം റഷ്യയുടെ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടർ ജിൽക്സാണ് വരൻ. 41കാരനായ അലക്സാണ്ടർ ജിൽക്സുമായി വിവാഹ നിശ്ചയം കഴിഞ്ഞ വിവരം 33കാരിയായ ഷറപ്പോവ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ഷറപ്പോവ പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിരമിച്ചത്.
' ആദ്യം കണ്ടുമുട്ടിയപ്പോൾ തന്നെ ഞാൻ യെസ് പറഞ്ഞു ' അലക്സാണ്ടർ ജിൽക്സിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ഷറപ്പോവ കുറിച്ചു. 2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്സാണ്ടർ ജിൽക്സും തമ്മിലുള്ള പ്രണയം ആദ്യമായി ശ്രദ്ധയാകർഷിച്ചത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള അലക്സാണ്ടറുടെ ആദ്യ ഭാര്യ ബ്രിട്ടിഷ് - ബഹ്റൈൻ ഫാഷൻ ഡിസൈനറായ മിഷ നോനുവാണ്. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്.
സെർബിയയിൽ ജനിച്ച ഷറപ്പോവ ലോക ഒന്നാം നമ്പർ താരമായിരുന്നു. 2004ൽ 17ാം വയസിൽ വിമ്പിൾഡൻ ജേതാവായി. 2005ൽ ലോക ഒന്നാം നമ്പർ താരമായി. 2006ൽ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം, 2008ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം, 2012ൽ ഫ്രഞ്ച് ഓപ്പൺ കിരീടം, ലണ്ടൻ ഒളിംപിക്സിൽ വെള്ളി തുടങ്ങിയവ സ്വന്തമാക്കി. 2016 ഓസ്ട്രേലിയൻ ഓപ്പണിനിടെ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് 15 മാസത്തെ വിലക്കു നേരിട്ടിരുന്നു. പിന്നീട് പഴയ ഫോം തിരിച്ചുപിടിക്കാനാകാഞ്ഞ ഷറപ്പോവ 373ാം റാങ്കിലിരിക്കെയാണ് വിരമിച്ചത്.