
ലണ്ടൻ: ഓക്സ്ഫഡും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിനായ കൊവിഷീൽഡിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മികച്ച പ്രതിരോധ ശേഷിയുണ്ടെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ഓക്സ്ഫഡ് സർവകലാശാലയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഒരു ഡോസ് പൂർണമായി നൽകുമ്പോൾ ലഭിക്കുന്നതിനേക്കാൾ ഫലപ്രാപ്തി രണ്ട് ഡോസ് വാക്സിൻ നൽകുമ്പോൾ ലഭിക്കുന്നുവെന്നാണ് കാണിക്കുന്നത്. വാക്സിന്റെ ഇടക്കാല അവസാനഘട്ട പരീക്ഷണ ഫലങ്ങൾ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
ആദ്യ ഘട്ടത്തിൽ രണ്ടുഡോസ് വാക്സിൻ പരീക്ഷിച്ചതായും സർവകലാശാല വ്യക്തമാക്കി. 'ഒരു ഡോസ് എടുക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ പ്രതിരോധ ശേഷിയാണ് ബൂസ്റ്റർ ഡോസ് എടുക്കുമ്പോൾ ലഭിക്കുന്നതെന്ന് ഓക്സ്ഫഡ് പ്രസ്താവനയിൽ പറയുന്നു.
വാക്സിൻ രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്ന ടി സെൽ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.
അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 75,376,294 ആയി. ഇതുവരെ 1,670,551 പേർ മരിച്ചു. 52,933,425 പേർ രോഗവിമുക്തരായി. രോഗവ്യാപനത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാമത്. അമേരിക്കയിൽ 17,627,070 രോഗികളുണ്ട്. ലോകത്ത് രോഗികളുടെ എണ്ണം ഒരു കോടി കടക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക. ഇതുവരെ 317,929 പേർ മരിച്ചു. ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങൾ കൊവിഡ് വ്യാപനത്തിലും മരണത്തിലും യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്.