
തെക്കേപ്പാടത്ത്
നോക്കുത്തി നാട്ടിയേപ്പിന്നെ
വരമ്പത്തൂടെ പോകുമ്പം
കുട്ടിക്കാവിന്
കിലുകിലെ ചിരിയില്ല.
ദേവൂച്ചി പഠിപ്പിച്ച
'ചിത്തിരപ്പെണ്ണേ ചാഞ്ചക്കം" പാടി
കുട്ടിപ്പാവാട പൊക്കി,
പാദസരം കിലുക്കി,
വരളിക്കല്ലിലേക്കുള്ള ചാട്ടവുമില്ല.
പാൽനെല്ലുതിർക്കയോ
അരംപോട്
ഈമ്പിക്കുടിക്യോ ചെയ്താൽ
നെരുവമ്പ്രം കോട്ടത്തെ
ചത്തോറെക്കോലംപോലെ
നോക്കുത്തി
ചെത്തം കേൾപ്പിക്കും!
വെയിലും മഴയും
ഒരുമിച്ചുവന്നാൽ
അന്തിവരെ അനങ്ങൂലത്.
അന്നാണത്രേ
നോക്കുത്തിക്കല്യാണം!
അങ്ങനൊരൂസം പോണം,
തെന്നിപ്പറക്കണം.
ചിത്രശലഭങ്ങൾക്കുള്ള
ഒരൂട്ടം പറക്കലുണ്ട്;
ചിറ്റേനിക്കതിരിൽ തൊട്ടുരുമ്മി.
അപ്പോൾ ചത്തുനിൽക്കുന്ന
ചട്ടിത്തലയെ
കൊഞ്ഞനം കാട്ടണം.
ഒരു വൈകുന്നേരം
അവൾ പോയി;
വരളിക്കല്ലിനടുത്തുവരെ.
അന്ന്,
മഴത്തൊങ്ങലും
വെയിൽക്കള്ളികളുമുള്ള
മഞ്ഞദാവണിയുടുത്ത്
നോക്കുത്തി ചിരിച്ചു;
ദേവൂച്ചിയെപ്പോലേ!