
മോസ്‌കോ: റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക് 5 താൻ സ്വീകരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. കഴിഞ്ഞ ദിവസം വാർഷിക സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്ന് പുടിൻ വ്യക്തമാക്കിയത്. "സ്‌പുട്‌നിക് ഇതുവരെ ഞാൻ സ്വീകരിച്ചിട്ടില്ല. നിലവിലെ വാക്‌സിനുകൾ 68 വയസുകാരന് ചേർന്നതല്ല. പ്രായം അനുവദിക്കുമ്പോൾ വാക്‌സിൻ സ്വീകരിക്കും. ഒരു വിഭാഗം പ്രായക്കാർക്ക് നിലവിൽ ലഭ്യമായ വാക്‌സിനുകൾ മികച്ച ഫലം നൽകുമെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ എന്റെ പ്രായത്തിലുള്ളവർക്ക് വാക്‌സിൻ വിതരണം ചെയ്‌തിട്ടില്ല" - പുടിൻ പറഞ്ഞു.
വാക്‌സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണം. ആവശ്യമായ വാക്‌സിൻ ഉത്പാദിപ്പിക്കാൻ നമുക്ക് ഇനിയും സമയം ആവശ്യമാണെന്നും സമ്മേളനത്തിൽ പുടിൻ പറഞ്ഞു. കൊവിഡ് ആശങ്കയുള്ളതിനാൽ ക്രെംലിനിലെ ഓഫിസിൽ വരാതെ മോസ്‌കോ നഗരത്തിന് പുറത്തുള്ള വസതിയിൽ താമസിച്ചാണ് അദ്ദേഹം ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്.
അതേസമയം, വാക്‌സിൻ മകളുടെ ശരീരത്തിൽ കുത്തിവച്ചെന്ന് പുടിൻ മുൻപ് പറഞ്ഞിരുന്നു.
സ്‌പുട്‌നിക് 91.4 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞയാഴ്‌ച പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ല.