shailaja

തിരുവനന്തപുരം: വൈറസ് ബാധയുടെ പശ്‌ചാതലത്തിൽ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ. എല്ലാ അങ്കണവാടി വർക്കർ‌മാരും ഹെൽപ്പർമാരും തിങ്കളാഴ്‌ച മുതൽ രാവിലെ ഒമ്പതരയ്‌ക്ക് അങ്കണവാടിയിൽ എത്തിച്ചേരേണ്ടതാണ്. കുട്ടികൾ എത്തുന്നത് സംബന്ധിച്ചുളള തീരുമാനം പിന്നീട് എടുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 10 മുതലാണ് മുഴുവൻ അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്കും താത്ക്കാലിക അവധി നൽകിയത്. അങ്കണവാടികൾ തുറന്നാലും അങ്കണവാടി ഗുണഭോക്താക്കൾക്കുളള ഭക്ഷണം ഫീഡിംഗ് ടേക്ക് ഹോം റേഷൻ ആയി തന്നെ തുടരേണ്ടതാണ്.

കുടുംബങ്ങളിലേക്ക് അങ്കണവാടികൾ എന്ന പദ്ധതി തുടരണം. സമ്പുഷ്‌ട കേരളം പദ്ധതിയുമായി ബന്ധപ്പെട്ടുളള സർവേകൾ, ദൈനംദിന ഭവന സന്ദർശനങ്ങൾ എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് ശേഷം നടത്തേണ്ടതാണ്. ഇത് കൂടാതെ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.