
കാനഡ: ശിരസ്സിൽ അമ്പ് കുത്തനെ തുളച്ചു കയറിയിട്ടും കാരറ്റ് എന്ന മാൻ തളരാനോ കരയാനോ തയ്യാറായിരുന്നില്ല. കാനഡക്കാരിയായ ലീ-ആൻ കാർവർ എന്ന വനിത ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തിലൂടെയാണ് കാരറ്റിനെക്കുറിച്ച് ലോകമറിഞ്ഞത്. ലീ തന്നെയാണ് കാരറ്റിന്റെ കഥ ലോകത്തോട് പങ്കുവച്ചതും. മൂന്ന് വർഷമായി ലീയും കാരറ്റും ചങ്ങാത്തത്തിലായിരുന്നു. മാൻ കുട്ടിയ്ക്ക് കാരറ്റ് എന്ന് പേരിട്ടതും ലീ ആയിരുന്നു. 'ഒരു ദിവസം തലയിൽ അമ്പ് തറച്ച നിലയിൽ അവൻ എന്റെ വീട്ടിലെത്തി. ഞാൻ ഭയന്ന്, കരഞ്ഞു. എന്നാൽ, കാരറ്റ് ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ പെരുമാറി. പതിവു പോലെ വന്ന് എന്റെ കൈകൾ സ്നേഹത്തോടെ നക്കിത്തുടച്ചു. വേദനയുടെ ഒരു ലക്ഷണങ്ങളും കാരറ്റ് കാണിച്ചതുമില്ല. ചോരപ്പാടുകളും ഇല്ലായിരുന്നു' - ലീ പറയുന്നു.
തലയോട്ടിയിൽ അമ്പുമായി കാരറ്റ് നടക്കുന്നതിന്റെ വീഡിയോയും ലീ പങ്കു വച്ചിട്ടുണ്ട്.
കാരറ്റിന്റെ തലയിൽ തറച്ചത് കാർബൺ കൊണ്ട് നിർമ്മിച്ച അമ്പാണെന്നാണ് വിവരം. സംഭവം റസിഡൻഷ്യൽ ഏരിയയിൽ നടന്നതാകാമെന്നും ഈ സംഭവത്തിന് വേട്ടയുമായി ബന്ധവുമില്ലെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
അതേസമയം, കാരറ്റിന്റെ കഥ അറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതർ അമ്പിന്റെ മുകൾഭാഗം ശ്രദ്ധാപൂർവം മുറിച്ചു മാറ്റി. ബാക്കിയുള്ള ഭാഗം മുറുവുണങ്ങുമ്പോൾ സ്വാഭാവികമായും പുറത്തു പോകുമെന്നും അവർ പറഞ്ഞു.