hathras-case

ലക്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി സി.ബി.ഐ. പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സന്ദീപ്, ലവ് കുശവ്, രവി, രാമു എന്നിവർക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തി സി.ബി.ഐ വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം ഉള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ പ്രതികൾ കൂട്ട ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് ബീജത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ ബലാത്സംഗം നടന്നിട്ടില്ലെന്നുമായിരുന്നു കേസ് ആദ്യം അന്വേഷിച്ചിരുന്ന ഉത്തർപ്രദേശ് പൊലീസ് നൽകിയ റിപ്പോർട്ട്. ഇതിനായി ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടാണ് ഉത്തർപ്രദേശ് പൊലീസ് ഉദ്ധരിച്ചിരുന്നത്.

എന്നാൽ ഇരയായ പെൺകുട്ടിയെ ആദ്യം ചികിത്സിച്ച അലിഗഢ് മുസ്ലിം സർവകലാശാലയിലെ ഡോക്ടർമാർ പെൺകുട്ടി ബലാത്സംഗത്തിനിരയായിരുന്നുവെന്ന് സി.ബി.ഐക്ക് മൊഴി നൽകിയിരുന്നു. നാലു പ്രതികളെയും അഹമ്മദാബാദിൽ കൊണ്ടുപോയി സി.ബി.ഐ. ബ്രെയിൻ മാപ്പിംഗ് നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കുറ്റപത്രത്തിൽ കൂട്ടബലാത്സംഗക്കുറ്റം ചുമത്തിയത്. സെപ്തംബർ 14നാണ് പെൺകുട്ടിയെ നാലുപേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. തുടർന്ന് ചികിത്സയിൽ ആയിരുന്ന പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിൽ വച്ച് മരിച്ചു.