
പത്തനംതിട്ട: തദ്ദേശതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ട ഡി സി സി ജനറൽ സെക്രട്ടറി സുധാ കുറുപ്പ് രാജിവച്ചു. തന്നെ കാലുവാരി തോൽപ്പിച്ചുവെന്നും സി പി എമ്മിൽ ചേരുമെന്നും സുധ മാദ്ധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട ജില്ല പഞ്ചായത്ത് പളളിക്കൽ ഡിവിഷനിൽ നിന്നാണ് സുധ ജനവിധി തേടിയത്.
തിരഞ്ഞെടുപ്പിൽ വേണ്ടത്ര ഏകോപനമില്ലായിരുന്നു. ഡി സി സി-ബ്ലോക്ക്- മണ്ഡലം തലങ്ങളിൽ പാർട്ടിക്ക് പാളിച്ച പറ്റി. പാർട്ടിയുടെ ഒരു സ്ഥാനാർഥി മത്സരിക്കുമ്പോൾ ഈ മൂന്നു ഘടകങ്ങളും ഒരുമിച്ചുനിന്ന് സ്ഥാനാർത്ഥിക്ക് വേണ്ടുന്ന സഹായം ചെയ്‌താൽ മാത്രമേ സ്ഥാനാർത്ഥിക്ക് വിജയിക്കാൻ സാധിക്കുകയുളളൂ. എന്നാൽ അതുണ്ടായില്ലെന്നും സുധ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ വേണ്ടുന്ന രീതിയിൽ ക്രമീകരിച്ചു കൊണ്ടുപോകാൻ പാർട്ടിക്ക് കഴിഞ്ഞില്ല. സ്ഥാനാർത്ഥികൾക്ക വേണ്ടതൊന്നും പാർട്ടി ചെയ്‌തില്ലെന്നും അതുകൊണ്ട് മാത്രമാണ് പാർട്ടി വിടുന്നതെന്നും സുധ കൂട്ടിച്ചേർത്തു.