
ബ്രസൽസ്: മൃഗങ്ങളെ അറുക്കുന്നതിനു മുമ്പ് ബോധം കെടുത്തിയിരിക്കണമെന്ന്, അംഗരാജ്യങ്ങൾക്കു നിയമം കൊണ്ടുവരാമെന്ന് യൂറോപ്യൻ യൂണിയൻ നീതിന്യായ കോടതി. അതേസമയം, മുസ്ലീം, ജൂത മതവിഭാഗങ്ങളുടെ മതപരമായ ആചാരങ്ങൾക്കു വിരുദ്ധമായ നീക്കമാണിതെന്ന് വിധിക്കെതിരെ ആരോപണമുയർന്നു. ഇ.യു അംഗരാജ്യങ്ങളിലെ ഭരണകൂടങ്ങൾക്ക് ഇത്തരം നിയമം നിർബന്ധമാക്കാമെന്നാണ്, കശാപ്പു ചെയ്യുന്ന മൃഗങ്ങളെ ബോധം കെടുത്തിയിരിക്കണമെന്ന് ബെൽജിയത്തിലെ ഫ്ലെമിഷ് മേഖലാ ഭരണകൂടം കൊണ്ടുവന്ന നിയമത്തെ പിന്തുണച്ച് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഹലാൽ രൂപത്തിൽ അറുക്കുന്നതും ജൂത വിഭാഗങ്ങളുടെ കോഷർ ആചാരങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ചില മൃഗാവകാശ സംഘടനകളുടെ സമ്മർദഫലമായാണ് ഇത്തരം നിയമം കൊണ്ടുവന്നതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് ബെൽജിയത്തിലെ ജൂത കൂട്ടായ്മ വിമർശിച്ചു.