karan-johar

മുംബയ്: വീട്ടിൽ നടത്തിയ പാർട്ടിയിൽ മയക്കുമരുന്നു വിതരണം ചെയ്തുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അയച്ച നോട്ടീസിന് മറുപടിയുമായി ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. 2019ൽ സ്വവസതിയിൽ നടത്തിയ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കരൺ വ്യക്തമാക്കി.

നിരവധി താരങ്ങൾ പങ്കെടുത്ത, ഈ പാർട്ടിയിലേതെന്ന് കരുതുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോയുമായി ബന്ധപ്പെട്ടാണ് കരണിന് നോട്ടീസ് അയച്ചതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എൻ.സി.ബിയുടെ മഹാരാഷ്ട്ര സോണൽ യൂണിറ്റിനാണ് പരാതി ലഭിച്ചിരിക്കുന്നതെന്നും പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മനസിലാക്കാനാണ് കരണിന് നോട്ടീസ് അയച്ചതെന്നും എൻ.സി.ബി. ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. എന്നാണ് കരണിനെ ചോദ്യംചെയ്യുക എന്ന കാര്യം എൻ.സി.ബി വെളിപ്പെടുത്തിയിട്ടില്ല.

ശിരോമണി അകാലിദൾ നേതാവായ മഞ്ജിന്ദർ സിംഗ് സിൽസയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ദീപിക പദുക്കോൺ, അർജുൻ കപൂർ, വിക്കി കൗശൽ, വരുൺ ധവാൻ, രൺബീർ കപൂർ, മലൈക അറോറ തുടങ്ങി പല പ്രമുഖ താരങ്ങളും അന്ന് കരണിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തിരുന്നു.