
കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ തുടർച്ചയായ രണ്ടാംദിവസമാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്.
സ്വർണക്കടത്തിന് പിന്നിലെ കളളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതികൾ നൽകിയ മൊഴികളുടേയും അന്വേഷണ വേളയിൽ കണ്ടെടുത്ത തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
വിവിധ സർക്കാർ പദ്ധതികളുടെ ടെൻഡർ നടപടികൾ,നിക്ഷേപകർ, ഊരാളുങ്കലിന് നൽകിയ വിവിധ കരാറുകൾ , ലൈഫ് മിഷൻ ഇടപാട് എന്നിവ സംബന്ധിച്ചെല്ലാം എൻഫോഴ്‌സ്‌മെന്റ് രവീന്ദ്രനോട് വിശദമായി ചോദിക്കുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ മൂന്ന് തവണയും ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയ രവീന്ദ്രൻ നാലാം തവണ നോട്ടീസ് നൽകിയ ശേഷമാണ് ഇ ഡിക്ക് മുന്നിൽ ഹാജരായത്. കഴിഞ്ഞ ദിവസം പതിനാല് മണിക്കൂറാണ് രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്‌തത്.