mulla

 രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കേരളകൗമുദിയും ചർച്ചാവിഷയം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തിരിച്ചടിക്ക് ഒരു പ്രധാന കാരണം സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളെ പാടേ അവഗണിച്ചതാണെന്ന വിമർശനം ശ്രദ്ധയിൽപ്പെടുത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിറുത്തിപ്പൊരിച്ചു. എ,ഐ ഗ്രൂപ്പ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ കടന്നാക്രമണം.

സ്ഥാനാർത്ഥി നിർണയത്തിൽ പിന്നാക്കക്കാരെ വെട്ടിനിരത്തിയതും അതുമൂലം പാർട്ടി നേരിട്ട പ്രത്യാഘാതങ്ങളും സംബന്ധിച്ച കേരളകൗമുദി റിപ്പോർട്ടുകൾ ഉദ്ധരിച്ചാണ് യോഗത്തിന്റെ ആമുഖ പ്രസംഗത്തിൽ വിഷയം മുല്ലപ്പള്ളി അവതരിപ്പിച്ചത്.

' ഈഴവർ ഉൾപ്പെടെയുള്ള പ്രബല പിന്നാക്ക സമുദായങ്ങളെ പോലും സ്ഥാനാർത്ഥി നിർണയത്തിൽ അവഗണിച്ചതായി വ്യാപകമായ ആക്ഷേപമുയർന്നു. പ്രമുഖ പത്രമായ കേരളകൗമുദി തന്നെ ആ ഘട്ടത്തിൽ ഈ ആക്ഷേപം ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും നമുക്കത് തിരുത്താൻ കഴിഞ്ഞില്ല. പ്രവർത്തന പാരമ്പര്യത്തിനും അർഹതയ്ക്കുമല്ല, ഗ്രൂപ്പ് താത്പര്യങ്ങൾക്കാണ് മുഖ്യപരിഗണന ലഭിച്ചതെന്ന വിമർശനം പാർട്ടിയിലും ശക്തമാണ്. കെ.പി.സി.സി പ്രസിഡന്റ് എന്ന പേരിൽ ഞാനും ധാരാളം പഴി കേട്ടു. എന്റെ സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിൽ പോലും എനിക്ക് പങ്കില്ലായിരുന്നു. ഗ്രൂപ്പ് താത്പര്യം മാത്രം നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന രീതി ദുരന്തമാവും. രാഷ്ട്രീയകാര്യ സമിതി ഇനിയെങ്കിലും ഇത് ഗൗരവമായി കാണണം ' -മുല്ലപ്പള്ളി പറഞ്ഞു.

ഇതിന് വിശദീകരണം നൽകുന്നതിന് പകരം, മുല്ലപ്പള്ളിയെ കടന്നാക്രമിക്കാനും വ്യക്തിപരമായി അധിക്ഷേപിക്കാനുമായിരുന്നു എ,ഐ ഗ്രൂപ്പ് നേതാക്കളുടെ വെമ്പൽ. മുല്ലപ്പള്ളി ഉന്നയിച്ച വിഷയം നേരിട്ട് പരാമർശിക്കാതെയുള്ള കടന്നാക്രമണം പലപ്പോഴും അതിരു വിട്ടു. ഐ ഗ്രൂപ്പ് നേതാവ് വി.ഡി.സതീശന്റെയും എ ഗ്രൂപ്പ് നേതാവ് പി.സി.വിഷ്ണുനാഥിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണം. ബെന്നി ബഹനാനും, ഷാനിമോൾ ഉസ്മാനും ഒപ്പം ചേർന്നു.

'വിളിച്ചാൽ ഫോണെടുക്കില്ല. തിരിച്ചു വിളിക്കില്ല. നിങ്ങളാരാണ്?. ചക്രവർത്തിയാണോ? നിങ്ങൾക്ക് ഈ പണി പറ്റില്ല' എന്നുവരെ വിമർശനം നീണ്ടു.

മുല്ലപ്പള്ളിയെ ഒറ്റപ്പെടുത്തി, വളരെ മോശം പദപ്രയോഗങ്ങൾ നടത്തിയിട്ടും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കേട്ടിരുന്നതേയുള്ളൂ. പാർട്ടി സ്ഥാനാർത്ഥി നിർണയത്തിൽ സാമൂഹിക നീതി പാലിക്കപ്പെടാതിരുന്നതിനെ പിന്നീട് സംസാരിച്ച കെ.മുരളീധരൻ മാത്രമാണ് വിമർശിച്ചത്.

'ക്രൂര മൃഗങ്ങൾക്ക് ഇടയിൽപ്പെട്ട മാനിനെപ്പോലെയായിരുന്നു എന്റെ അവസ്ഥ. വളഞ്ഞു നിന്ന് ആക്രമിക്കുകയായിരുന്നു. ഇത്രയ്ക്ക് ഒറ്റപ്പെടുത്തി ആക്രമിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? പിന്നീട് വാർത്താസമ്മേളനത്തിൽ വികാരാധീനനായി മുല്ലപ്പള്ളി ചോദിച്ചത് ഇതും മനസിൽ വച്ചായിരുന്നു.