national-day-parade

ദോഹ: കൊവിഡ് പോരാട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് ഖത്തറിന്റെ ദേശീയ ദിന പരേഡ്. ഇന്നലെയായിരുന്നു ഖത്തറിന്റെ ദേശീയ ദിനം. സൈനിക കരുത്തും ദേശീയ ഐക്യവും പ്രകടമാക്കുന്നതായിരുന്നു പരേഡ്. സൗദി അമീർ ഷേഖ് തമീം ബിൻ ഹമദ് അൽതാനിയും മറ്റ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

കൈയില്‍ ദേശീയ പതാകയേന്തിയ ആരോഗ്യപ്രവർത്തകരാണ് പരേഡിൽ ആദ്യം അണിനിരന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി ജീവനക്കാർ, വൊളന്റിയർമാർ എന്നിവരുൾപ്പെടുന്ന സംഘം അണിനിരന്നപ്പോൾ ആരോഗ്യപ്രവർത്തകരോട് ആദരവ് അർപ്പിച്ച് സായുധ സേന പ്രത്യേക ഗാനാലാപനവും നടത്തി. പിന്നാലെ വിവിധ സേനാ വിഭാഗങ്ങളും അണിചേർന്നു.

അത്യാധുനിക സായുധ, സൈനിക, പൊലീസ് വാഹനങ്ങൾ, ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമായെത്തിയ സൈന്യം, ആകാശ പ്രകടനം എന്നിവയോടെയാണ് പരേഡ് സമാപിച്ചത്. അമീരി നാവിക സേനയുടെ യുദ്ധകപ്പലുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയും പരേഡിനിടെ പ്രദർശിപ്പിച്ചു. കോർണിഷിലെ കടലിൽ സൈനിക സ്പീഡ് ബോട്ടുകളുടെ പ്രകടനങ്ങളും നടന്നു. വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളും ശ്രദ്ധേയമായി