k-surendran-

കോഴിക്കോട്: പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം എന്നെഴുതിയ ഫ്ലക്‌സ് ഉയർത്തിയ സംഭവത്തിൽ ന്യായീകരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശ്രീരാമന്റെ പേര് എങ്ങനെ അപരാധമാകുമെന്ന് സുരേന്ദ്രൻ ചോദിച്ചു. ഭരണം പിടിച്ചെടുത്തതിന് പിന്നാലെ നഗരസഭാ കെട്ടിടത്തിന് മുകളിൽ ശ്രീരാമന്റെ പേരിൽ ഫ്ലക്സ് ഉയർത്തിയ സംഭവം വിവാദമായതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.

അതേസമയം സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു നേതാവും കത്തയച്ചിട്ടില്ലെന്നും ആർക്കും പരാതിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കത്തയച്ചവർ അത് തുറന്ന് പറയാനുള്ള ആർജവം കാട്ടണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തു നിന്നു കെ.സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു
പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ എന്നീ പക്ഷങ്ങൾ ചേർന്ന് കേന്ദ്രനേതൃത്വത്തിന് കത്തയച്ചിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും പ്രതീക്ഷിച്ച ജയം ലഭിക്കാതിരുന്നത് അദ്ധ്യക്ഷന്റെ പിടിപ്പുകേടും ഏകാധിപത്യ നിലപാടുകളും മൂലമാണെന്നും കത്തിൽ പറയുന്നു. തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് സുരേന്ദ്രൻ രാജിവയ്ക്കണമെന്നും ബി.ജെ.പിയിൽ ഒരു കൂട്ടം ആവശ്യപ്പെട്ടിരുന്നു.