architect-

ഭോപ്പാൽ : റോഡിലുണ്ടായ വാക്കുതർക്കത്തിനിടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി യുവ ആർക്കിടെക്ടിന് ദാരുണാന്ത്യം. ഇൻഡോർ സ്മാർട്ട് സിറ്റി പ്രോജക്ടിന് വേണ്ടി ജോലി ചെയ്യുന്ന 32 കാരനായ സിദ്ധാർത്ഥ് സോണിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒന്നാം വിവാഹ വാർഷികത്തിന് വെറും നാല് ദിവസങ്ങൾ ശേഷിക്കെയാണ് ദുരന്തം.

കഴിഞ്ഞ ദിവസം ജോലിയ്ക്ക് പോകുന്ന വഴിക്ക് ഇൻഡോറിലെ പലാസിയാ മേഖലയിൽ വച്ച് സിദ്ധാർത്ഥിന്റെ കാർ അബദ്ധത്തിൽ വികാസ് യാദവ് എന്നയാളുടെ സ്കൂട്ടറിൽ ഉരസി. ഉടൻ തന്നെ സിദ്ധാർത്ഥ് കാർ നിറുത്തുകയും വികാസിന്റെ അടുത്തെത്തി ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ വികാസ് സിദ്ധാർത്ഥിന് നേരെ അസഭ്യം പറയുകയും തർക്കത്തിലേർപ്പെടുകയും സിദ്ധാർത്ഥിനെ മർദ്ദിക്കുകയും ചെയ്തു.

ഇതിനിടെ അടിയേറ്റ സിദ്ധാർത്ഥ് അബദ്ധത്തിൽ റോഡിലൂടെ കടന്നു പോയ ലോറിയുടെ അടിയിൽ തെറിച്ചു വീഴുകയായിരുന്നു. ലോറിയുടെ പിൻചക്രങ്ങൾ സിദ്ധാർത്ഥിന്റെ ശരീരത്തിന് മുകളിലൂടെ കയറിയിറങ്ങി. സിദ്ധാർത്ഥ് സംഭവ സ്ഥലത്ത് വച്ച് മരിച്ചു. വികാസ് ഉടൻ തന്നെ ഓടിരക്ഷപ്പെടുകയും ചെയ്തു. ലോറി ഡ്രൈവറേയും വികാസിനെയും പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു.