mohanlal-suresh-gopi

ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ പരിഹാസ കുറിപ്പുമായി മാദ്ധ്യമപ്രവർത്തകൻ ടിജെഎസ് ജോർജ്. സിനിമയിൽ ഉപയോഗിക്കുന്ന ഡയലോഗുകൾക്ക് സമാനമായ ഭാഷാപ്രയോഗങ്ങളാണ് സുരേഷ് ഗോപിക്ക് വിനനായി തീർന്നതെന്നും പൊതുജനങ്ങളോടുള്ള സമീപനത്തെക്കുറിച്ച് അദ്ദേഹം അജ്ഞനാണെന്നും മാദ്ധ്യമപ്രവർത്തകൻ പറയുന്നു. ഒരു മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച 'ആർക്കുവേണം സുരേഷ് ഗോപിയെ?' എന്ന തലക്കെട്ടിലുള്ള കുറിപ്പിലാണ് അദ്ദേഹം ബിജെപി എം.പിയെ ഇത്തരത്തിൽ വിമർശിച്ചത്.

ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച സുരേഷ് ഗോപി 'ഡൽഹിയിൽ മന്ത്രിയാകണ'മെന്ന ആഗ്രഹം മൂലം അധികം വൈകാതെ ബിജെപിയുടെ ഭാഗമായെന്ന് പറയുന്ന മാദ്ധ്യമപ്രവർത്തകൻ അടുത്തിടെ സുരേഷ് ഗോപി നടത്തിയ 'അറബിക്കടൽ' പ്രയോഗം ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നിരവധി പരാമർശങ്ങളെ തന്റെ കുറിപ്പ് വഴി വിമർശിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത്, തന്റെ സിനിമാപശ്ചാത്തലം നൽകിയ 'സ്വാതന്ത്ര്യ ലഹരിയിൽ' അദ്ദേഹം തൃശൂരിൽ നടത്തിയ പ്രസ്താവനകൾ തിരിച്ചടികളായിട്ടുണ്ടെന്നും മാദ്ധ്യമപ്രവർത്തകൻ പരിഹാസത്തിന്റെ ഭാഷയിൽ ചൂണ്ടിക്കാട്ടുന്നു.

തൃശൂരിലെ ജനങ്ങൾക്കിടയിൽ സുരേഷ് ഗോപിയുടെ ഈ വാക്കുകൾക്ക് ഒരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ലെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സുരേഷ് ഗോപിക്ക് മനസിലായെന്നും അദ്ദേഹം പരിഹസിച്ചു. ടിജെഎസ് ജോർജ് വിമർശിക്കുന്നു. ആദ്യകാലത്ത് അദ്ദേഹം കമ്യൂണിസ്റ്റുകാരെ 'സ്നേഹിച്ചതാണെ'ന്നും 2011ൽ സിപിഎമ്മിലെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദന് വേണ്ടി അദ്ദേഹം പ്രചാരണത്തിനിറങ്ങിയതാണെന്നും മാദ്ധ്യമപ്രവർത്തകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോൺഗ്രസിന്റെ പിന്തുണയും ഒരിക്കൽ ലഭിച്ചിരുന്ന അദ്ദേഹം ബിജെപിയിലേക്ക് വന്നത് 'ഡൽഹി മനസിൽ വച്ചുകൊണ്ടായിരുന്നു' എന്നും ടിജെഎസ് ജോർജ് തന്റെ കുറിപ്പിലൂടെ പറയുന്നുണ്ട്.

തന്നെ സന്ദർശിച്ച വേളയിൽ നരേന്ദ്ര മോദി അദ്ദേഹത്തിന് മന്ത്രിപദത്തെ കുറിച്ച് സൂചന നൽകിയിരുന്നിരിക്കാം എന്നും അദ്ദേഹം അനുമാനിക്കുന്നുണ്ട്. അധികാരമില്ലാത്ത സമയത്ത് ബിജെപി പ്രസിഡന്റിന്റെ കത്തുമായി വരണമെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് 'കസേര കിട്ടിയാൽ എന്തായിരിക്കും പുകിലെ'ന്നും മാദ്ധ്യമപ്രവർത്തകൻ ആശങ്കപ്പെടുന്നുണ്ട്. മലയാളത്തിലെ സൂപ്പർതാരമായ മോഹൻലാലിലെ കുറിച്ചും ടിജെഎസ് ജോർജ് തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. മോഹൻലാലും ഒരുകാലത്ത് രാഷ്ട്രീയ മോഹം ഉണ്ടായിരുന്ന ആളാണെന്നും എന്നാൽ മലയാളിയുടെ സ്വഭാവം നേരത്തെ തന്നെ അദ്ദേഹം മനസിലാക്കിയിരുന്നു എന്നും മാദ്ധ്യമപ്രവർത്തകൻ നിരീക്ഷിക്കുന്നു.

എന്നാൽ 'സ്വന്തം മാനം നോക്കി' സ്വന്തം തട്ടകത്തിൽ തന്നെ തുടരുന്നതാണ് അഭികാമ്യമെന്ന് ബുദ്ധിമാനായ അദ്ദേഹം മനസ്സിലാക്കുകയായിരുന്നു എന്നും അതുമൂലം സ്നേഹവും ബഹുമാനവും നിറഞ്ഞ 'ലാലേട്ടൻ' എന്ന വിളിയിൽ അദ്ദേഹത്തിന് സന്തോഷം കണ്ടെത്താൻ സാധിച്ചുവെന്നും ടിജെഎസ് ജോർജ് പറയുന്നു. ആ സ്നേഹവും ബഹുമാനവുമാണ് സുരേഷ് ഗോപിക്ക് നഷ്ടമായെന്നും എന്നിട്ടും സ്ഥാനമാനങ്ങൾ നേടാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും മാദ്ധ്യമപ്രവർത്തകൻ തന്റെ കുറിപ്പിലൂടെ പറഞ്ഞു.