
പന്തളം: ശ്രീരാമന്റെ പേരിൽ ജയ്ശ്രീറാം വിളിച്ചാൽ എങ്ങനെയാണ് മതേതര വിരുദ്ധമാകുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ചോദിച്ചു. പന്തളം നഗരസഭാ ഭരണം നേടിയ ബി.ജെ.പി ജനപ്രതിനിധികൾക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലെ മുഖചിത്രം ശ്രീരാമന്റേതാണ്. രാമന്റെ നാമവും ചിത്രവും ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ അത് ഈ രാജ്യത്ത് വിലപ്പോവില്ല. പാർലമെന്റിനകത്ത് ജയ്ശ്രീറാം വിളികളുയരുന്ന കാലമാണിതെന്ന് മറക്കേണ്ട. 1200 സീറ്റിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ ഇരുമുന്നണികളും മതതീവ്രവാദികളും ഒന്നിച്ചു. തിരുവനന്തപുരത്തും കോൺഗ്രസ് വോട്ട് മറിച്ചു. ഇരുമുന്നണികളും ഒന്നിച്ചത് സ്വാഗതാർഹമായ കാര്യമാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വളർച്ചയാണ് ഇത് കാണിക്കുന്നത്. സംസ്ഥാനത്തെ പ്രധാന പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞുവെന്ന് സുരേന്ദ്രൻ പറഞ്ഞു.