
ന്യൂഡൽഹി: മഹാമാരിക്കാലത്ത് വൻ തിരിച്ചടി നേരിട്ട ആഭ്യന്തര വ്യോമയാത്രയ്ക്ക് വീണ്ടും പ്രിയമേറുന്നു. ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധന 20.54 ശതമാനമാണ്. 63.54 ലക്ഷം പേരാണ് കഴിഞ്ഞമാസം രാജ്യത്ത് വിമാനയാത്ര നടത്തിയത്.
ഒക്ടോബറിൽ പറന്നത് 52.71 ലക്ഷം പേരാണ്; സെപ്തംബറിൽ എണ്ണം 39.43 ലക്ഷം പേരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) കണക്ക് വ്യക്തമാക്കി. അതേസമയം, 2019 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞമാസം യാത്രക്കാരുടെ എണ്ണത്തിലെ കുറവ് 50.93 ശതമാനമാണ്. കഴിഞ്ഞമാസം മൊത്തം യാത്രക്കാരിൽ 53.9 ശതമാനം പേരും പറന്നത് ഇൻഡിഗോയിലാണ്. 13.2 ശതമാനം വിഹിതവുമായി സ്പൈസ് ജെറ്റാണ് രണ്ടാമത്.
8.40 ലക്ഷം പേരാണ് സ്പൈസ് ജെറ്റ് തിരഞ്ഞെടുത്തത്. 6.56 ലക്ഷം പേർ എയർ ഇന്ത്യയിലും 5.77 ലക്ഷം പേർ ഗോ എയറിലും പറന്നു. എയർ ഏഷ്യയിൽ 4.21 ലക്ഷം പേരും വിസ്താരയിൽ 3.97 ലക്ഷം പേരും യാത്ര ചെയ്തു. ഓരോ സർവീസിലും ശരാശരി ഏറ്റവുമധികം യാത്രക്കാരെ ഉൾക്കൊള്ളിച്ചത് സ്പൈസ് ജെറ്റാണ്; 77.7 ശതമാനം.
74 ശതമാനവുമായി ഇൻഡിഗോ രണ്ടാമതാണ്. വിസ്താരയ്ക്കും ഗോ എയറിനും ഇത് 70.8 ശതമാനവും എയർ ഇന്ത്യയ്ക്ക് 69.6 ശതമാനവും എയർ ഏഷ്യയ്ക്ക് 66.3 ശതമാനവുമാണ്. സർവീസ് കൃത്യനിഷ്ഠയിൽ 97.5 ശതമാനവുമായി ഇൻഡിഗോ മുന്നിലെത്തി. എയർ ഏഷ്യ (95.6 ശതമാനം), വിസ്താര (94.8 ശതമാനം), സ്പൈസ് ജെറ്റ് (91.7 ശതമാനം), എയ ഇന്ത്യ (89.3 ശതമാനം), ഗോ എയർ (84 ശതമാനം) എന്നിങ്ങനെയാണ് മറ്റുള്ളവയുടെ പ്രകടനം.