mala

കൊച്ചി: 14 ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷയിൽ ചേർന്ന യോഗത്തിൽ ശബരിമലയിൽ ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ അകലം പാലിച്ച് പ്രതിദിനം 10,000 ഭക്തർക്ക് പ്രവേശനം നൽകാനാവുമെന്നും വെർച്വൽ ക്യൂവിൽ പേരു രജിസ്റ്റർ ചെയ്യുന്നവരിൽ 40 ശതമാനം ദർശനത്തിനെത്തുന്നില്ലെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചിരുന്നു. ഡിസംബർ 13 വരെ 48 ഭക്തർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ നിലയ്ക്കലിൽ നിന്നു തന്നെ ആശുപത്രിയിലേക്ക് മാറ്റി.

കൂടുതൽ ഭക്തർക്ക് അനുമതി നൽകുന്നതു 26 നു ശേഷം പരിഗണിക്കാമെന്നായിരുന്നു ഉന്നതാധികാര സമിതിയുടെ തീരുമാനം. വായു സഞ്ചാരമില്ലാത്തവിധം അടഞ്ഞസ്ഥലം, ആൾക്കൂട്ടം എന്നിവയ്ക്കു പുറമേ ആളുകൾ അടുത്തിടപഴകുന്നതും കൊവിഡ് വ്യാപനം രൂക്ഷമാക്കുന്ന സാഹചര്യങ്ങളാണെന്ന് ആരോഗ്യ വകുപ്പിന്റെ പുതുക്കിയ മാർഗ നിർദ്ദേശങ്ങളിൽ പറയുന്നു. ശബരിമലയിൽ ഇത്തരം സാഹചര്യങ്ങളില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമല സന്നിധാനം വായു സഞ്ചാരമില്ലാത്ത അടഞ്ഞ സ്ഥലമല്ല. ആൾക്കൂട്ടം ഉണ്ടാകാതെ നിയന്ത്രിക്കാനും ആളുകൾ അടുത്തിടപഴകുന്നത് ഒഴിവാക്കാനും പൊലീസിനു കഴിയും. ഇത്തരമൊരു സാഹചര്യത്തിൽ ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ അപാകതയില്ല. വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യുന്നവരിൽ 40 ശതമാനം ദർശനത്തിനെത്തുന്നില്ലെന്നതും കണക്കിലെടുക്കണം. നെയ്യഭിഷേകം നേരിട്ടു നടത്താൻ അനുവദിക്കേണ്ടെന്ന മുൻതീരുമാനത്തിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.