
ലോസ്ആഞ്ചലസ് : ഭൂമിയ്ക്ക് പുറത്ത് ഇതുവരെ ഏകദേശം 4,500 ലധികം എക്സോ പ്ലാനറ്റുകളെയാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഭൂമിയ്ക്ക് പുറത്ത് ജീവനുണ്ടോ എന്ന അന്വേഷണമാണ് ഓരോ എക്സോ പ്ലാനറ്റുകളുടെയും കണ്ടെത്തലിലേക്ക് വഴിതെളിക്കുന്നത്.
നമ്മുടെ സൗരയൂഥത്തിന് പുറത്ത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെയാണ് നാം ' എക്സോ പ്ലാനറ്റ് ' എന്ന് പറയുന്നത്. ഇത്തരം എക്സോ പ്ലാനറ്റുകളിൽ ജീവന്റെ സാന്നിദ്ധ്യം ഇതുവരെ ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ പുതിയ ഒരു വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്.
വിദൂരതയിലുള്ള ബോഓട്ടിസ് നക്ഷത്ര സമൂഹത്തിലെ ' ടോ ബോഓട്ടിസ് ' സിസ്റ്റം എന്ന ഭാഗത്തെ ഒരു എക്സോ പ്ലാനറ്റിൽ നിന്നെന്ന് കരുതുന്ന റേഡിയോ സിഗ്നൽ തങ്ങൾ കണ്ടെത്തിയെന്നാണ് ഒരു കൂട്ടം ഗവേഷകർ പറയുന്നത്. ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് സയന്റിഫിക് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഗവേഷകരുടെ വെളിപ്പെടുത്തൽ.
റേഡിയോ സിഗ്നലുകളുടെ ധ്രുവീകരണവും എക്സോ പ്ലാനറ്റിന്റെ കാന്തികക്ഷേത്രവും തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ എക്സോപ്ലാനറ്റിൽ നിന്നാണ് റേഡിയോ സിഗ്നലുകൾ ഉണ്ടാകുന്നതെന്ന് കരുതുന്നതായി ഗവേഷക സംഘത്തെ നയിച്ച കോർനെൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ജേക്ക് ടർണർ പറയുന്നു. ഭൂമിയിൽ നിന്നും 51 പ്രകാശവർഷം അകലെയാണ് ബോഓട്ടിസ് നക്ഷത്ര സമൂഹം സ്ഥിതി ചെയ്യുന്നത്.
ഏകദേശം 6 ട്രില്ല്യൺ മൈലുകളാണ് ഒരു പ്രകാശ വർഷം. നെതർലൻഡ്സിലെ ലോ ഫ്രീക്വൻസി അറേ ( LOFAR ) റേഡിയോ ടെലിസ്കോപ്പിലൂടെയാണ് ഗവേഷകരുടെ കണ്ടെത്തൽ. റേഡിയോ സിഗ്നലുകളുടെ ഉത്ഭവം ബോഓട്ടിസ് നക്ഷത്രസമൂഹത്തിൽ നിന്നാണെന്ന് സ്ഥിരീകരിക്കാൻ ഗവേഷകർക്ക് കഴിഞ്ഞാൽ, അത് എക്സോ പ്ലാനറ്റുകളിലേക്ക് ഒരു പുതിയ ജാലകം തുറക്കും. ആയിരക്കണക്കിന് പ്രകാശവർഷം അകലെയുള്ള ഗ്രഹങ്ങളിലെ ജീവസാന്നിദ്ധ്യത്തെ പറ്റി പഠിക്കുന്നതിന് പുതിയ മാർഗങ്ങൾ സൃഷ്ടിക്കും.