
സാംബാൽ:കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ പ്രതിഷേധം ഉയർത്തിയ കർഷകർക്ക് 50 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് സമർപ്പിക്കാൻ ജില്ലാ ഭരണകൂടം നോട്ടീസ് നൽകി. ക്രമസമാധാന ലംഘനത്തിനാണ് ജില്ലാഭരണകൂടം നോട്ടീസ് നൽകിയത്. തുക വളരെ വലുതാണെന്ന് കാണിച്ച് കർഷകർ ഇതിനെതിരെ പരാതി നൽകിയതിന് പിന്നാലെ പൊലീസ് ഇത് തിരുത്തി 50000 ആക്കി നൽകി. ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിലാണ് സംഭവം.
ചില ആളുകൾ കർഷകരെ പ്രേരിപ്പിച്ചു കൊണ്ട് സമാധാനം ലംഘിക്കാൻ ശ്രമിക്കുന്നതായി ഹയാത് നഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് ലഭിച്ചു, ഇവർക്ക് 50 ലക്ഷം രൂപ വീതമുള്ള വ്യക്തിഗത ബോണ്ടുകൾ
നൽകണം എന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്. പ്രതിഷേധത്തിൽ പങ്കെടുത്ത ഭാരതീയ കിസാൻ യൂണിയൻ (അസ്ലി) ജില്ലാ പ്രസിഡന്റ് രാജ്പാൽ സിംഗ് യാദവ്, കർഷക നേതാക്കളായ ജൈവർ സിംഗ്, ബ്രഹ്മചാരി യാദവ്, സതേന്ദ്ര യാദവ്, വീർ സിംഗ് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. നോട്ടീസ് നൽകി ജനാധിപത്യ പ്രതിഷേധം തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കർഷകർ ആരോപിച്ചു.
അതേസമയം 50 ലക്ഷമല്ലെന്നും 50000 രൂപയുടെ ബോണ്ടാണ് ആവശ്യപ്പെട്ടതെന്നും അച്ചടിയിലുണ്ടായ പിഴവാണ് 50 ലക്ഷം എന്ന് വരാൻ കാരണമെന്നും അധികൃതർ അറിയിച്ചു. തുടർന്ന് കർഷക നേതാക്കൾക്ക് 50000 രൂപയുടെ ബോണ്ട് എന്ന് തിരുത്തി നോട്ടീസ് നൽകിയതായും പൊലീസ് അറിയിച്ചു.