vibitha-babu

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന് താൻ കടുത്ത വ്യക്തിഹത്യ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടക്കുകയാണെന്നും ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരിച്ച് പത്തനംതിട്ട മല്ലപ്പള്ളി പഞ്ചായത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വിബിത ബാബു. സൈബർ സ്പെയ്സിൽ താൻ അതിക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഈ നിലയിലുള്ള ആക്രമണം നേരിടാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്നും എന്തിനാണ് തന്നോട് ഇത്തരത്തിൽ വൈരാഗ്യം കാട്ടുന്നതെന്നുമാണ് വിബിത തന്റെ ഫേസ്ബുക്ക് ലൈവിലൂടെ ചോദിക്കുന്നത്.

1477 വോട്ടുകൾക്കാണ് താൻ മല്ലപ്പളി ഡിവിഷനിൽ പരാജയപ്പെട്ടതെന്നും 16,257 വോട്ടുകൾ താൻ നേടിയിരുന്നുവെന്നും ആ വോട്ടുകൾ ചെയ്തവർക്ക് വിലയില്ലേ എന്നും വിബിത ചോദിക്കുന്നുണ്ട്. താൻ എല്ലാവർക്കുമായി നിലനിൽക്കുന്ന വ്യക്തിയാണെന്നും ആരൊക്കെ എന്ത് ആവശ്യവുമായി സമീപിച്ചാലും തന്റെ കഴിവിനൊത്ത് അവരെയെല്ലാം സഹായിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും യുവതി വീഡിയോയിലൂടെ പറയുന്നു.തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ഫോട്ടോകൾ ഉപയോഗിച്ചുകൊണ്ട് തനിക്കെതിരെ ഇങ്ങനെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതുവഴി എന്താണ് ലഭിക്കുന്നതെന്നും അവർ ചോദിക്കുന്നു.

പ്രമുഖസ്ഥാനാർത്ഥികൾ അടക്കമുള്ള എത്രയോ പേർക്ക് തോൽവിയുണ്ടായി, എന്നാൽ താൻ മാത്രമാണ് ഇത്തരത്തിൽ ക്രൂരമായ ആക്രമണം നേരിടുന്നത്. തോൽവി അംഗീകരിക്കുകയും വിജയിച്ച സ്ഥാനാർത്ഥിയെ അഭിനന്ദിക്കുകയും ചെയ്ത ആളാണ് താൻ. ഏതോ ഒരു സ്ത്രീ ബീച്ചിലൂടെ നടക്കുന്നത് കാട്ടി അത് താനാണെന്ന് പ്രചരിപ്പിക്കുന്നത് എന്തിനാണ്. സുന്ദരിയാണെന്ന് പറഞ്ഞുകൊണ്ട് താൻ ആരോടും വോട്ട് തേടിയിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. ഒരാളെയും ദ്രോഹിക്കാത്ത വ്യക്തിയാണ് താൻ. തനിക്കൊരു കുടുംബവും ഭർത്താവും മാതാപിതാക്കളും ഉണ്ട്. ഒരു ഫാഷൻ ഷോ പോലെയല്ല താൻ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിബിത ബാബു പറയുന്നു.

വീഡിയോ ചുവടെ: