
ന്യൂഡൽഹി : മക്കളില്ലാത്ത ദുഃഖം മറികടക്കാൻ കാളക്കുട്ടിയെ ദത്തെടുത്ത് ദമ്പതികൾ. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ സ്വദേശികളായ വിജയ്പാൽ എന്ന കർഷകനും ഭാര്യ രാജേശ്വരി ദേവിയുമാണ് കഴിഞ്ഞ 15 വർഷമായി മക്കളില്ലാത്തതിനാൽ കാളക്കുട്ടിയെ തങ്ങളുടെ മകനായി ദത്തെടുത്തത്.
' ലാൽതു ബാബ ' എന്നാണ് കാളക്കുട്ടിയ്ക്ക് നൽകകിയിരിക്കുന്ന പേര്. വിജയ്പാലിന്റെ അച്ഛൻ പരിപാലിച്ചിരുന്ന പശുവിന്റെ കുട്ടിയാണിത്. വിജയ്പാലിന്റെ പിതാവ് മരിച്ചതിന് പിന്നാലെ പശുവും ചത്തു. തുടർന്നാണ് അനാഥനായ കാളക്കുട്ടിയെ ദത്തെടുക്കാൻ ദമ്പതികൾ തീരുമാനിച്ചത്.
കുഞ്ഞുങ്ങൾ ജനിച്ച് കഴിഞ്ഞ് നടത്താറുള്ള ' മുണ്ഡൻ ' ചടങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങളും കാളക്കുട്ടിയ്ക്ക് വേണ്ടി ദമ്പതികൾ നടത്തി. ഗ്രാമവാസികളും ബന്ധുക്കളും ഉൾപ്പെടെ 500 ഓളം പേരാണ് ചടങ്ങിനെത്തിയത്. ചടങ്ങിനെത്തിയവർ കാളക്കുട്ടിയ്ക്ക് നിരവധി സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ഒരു പശുവിനെ അമ്മയായി കാണാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഒരു കാളക്കുട്ടിയെ മകനായി ദത്തെടുക്കാൻ കഴിയില്ല എന്ന് വിജയ്പാൽ ചോദിക്കുന്നു. കഴിഞ്ഞ വർഷമാണ് യു.പി സർക്കാർ ' നിരാശ്രിത് / ബെസഹാര ഗോവൻഷ് സഹ്ഭഗിത യോജന ' പദ്ധതി പ്രഖ്യാപിച്ചത്. പശുവിനെ ദത്തെടുക്കുന്നവർക്ക് അതിന്റെ പരിപാലത്തിനായി പ്രതിദിനം 30 രൂപ വീതം നൽകുന്ന പദ്ധതിയാണിത്.