
ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയിൽ കന്നുകാലി മാംസത്തിന് കടുത്ത ക്ഷാമം. ക്രിസ്തുമസുമായി ബന്ധപ്പെട്ട ഉത്സവ സീസൺ അടുത്തെത്തിയതും കർണാടകയിലെ കന്നുകാലി കശാപ്പ് നിരോധന, പരിപാലന നിയമം(2020) മൂലവുമാണ് ഗോവയിൽ കന്നുകാലി മാംസത്തിന്റെ ലഭ്യതകുറവ് രൂക്ഷമായി അനുഭവപ്പെടാൻ തുടങ്ങുന്നത്. മാംസത്തിന്റെ അവസാനത്തെ സ്റ്റോക്ക് എത്തിച്ചേർന്നത് വ്യാഴാഴ്ചയാണ്. തുടർന്ന് പുതിയ സ്റ്റോക്ക് എത്തിചേരാനില്ലാത്തതിനാൽ വ്യാപാരികൾ തങ്ങളുടെ കടകൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
കർണാടകയിൽ കന്നുകാലി കശാപ്പ് നിരോധന നിയമം വന്നതോടെ മാംസത്തിന്റെ വരവ് കാര്യമായി കുറഞ്ഞുവെന്നും കന്നുകാലികളെ വിൽപ്പനയ്‌ക്കോ കശാപ്പിനോ കൊടുപോകാൻ സാധിക്കുന്നില്ലെന്നും ഖുറേഷി മീറ്റ് ട്രേഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ അൻവർ ബെപ്പാരി പറയുന്നു. ഇതുമൂലം കന്നുകാലികളെയും മാംസവും സർട്ടിഫൈ ചെയ്യാൻ മൃഗഡോക്ടർമാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
'കടകൾ അടച്ചത് മൂലം വരുമാനമില്ല. ഈ രംഗത്ത് പ്രവർത്തിക്കുന്നവരും അവരുടെ കുടുംബങ്ങളും ഇതുമൂലം കഷ്ടപ്പാടിലാണ്. അതോടൊപ്പം ബേക്കറികൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയും ഈ വിഷയം കാരണം ഇപ്പോൾ പ്രതിസന്ധിയിലാണ്. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന സീസൺ കൂടിയാണിത്. ക്രിസ്തുമസിനും ന്യൂ ഇയറിനുമായി എത്തുന്ന അവർക്കും കന്നുകാലി മാംസം ആവശ്യമാണ്. സർക്കാരും ഈ വിഷയത്തിൽ ഇടപ്പെട്ട് വേണ്ട പരിഹാരം കണ്ടേ മതിയാകൂ. ഗോവ, ബീഫിനായി പൂർണമായും കർണാടകത്തെയാണ് ആശ്രയിക്കുന്നത്. അവരിൽ നിന്നും ഇപ്പോൾ ഒന്നും ലഭിക്കുന്നില്ല'-ബെപ്പാരി പറയുന്നു.
മാംസവ്യാപാരികൾ ഇത് സംബന്ധിച്ച് മെമ്മോറാൻഡം സമർപ്പിച്ചതിനെ തുടർന്ന്, സംസ്ഥാനത്തേക്കുള്ള കന്നുകാലി മാംസത്തിന്റെ വരവ് പുനഃസ്ഥാപിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞിരുന്നു. ഗോവയിൽ ഒരു ദിവസം ജനങ്ങൾ ഭക്ഷിക്കുന്നത് 15 മുതൽ 20 ടൺ ബീഫാണ്. മുൻപ് ബീഫിനായി ഗോവ ആശ്രയിച്ചിരുന്നത് മഹാരാഷ്ട്രത്തെയാണ്. 2015ൽ ഗോവധ നിരോധനത്തിനൊപ്പം മാംസത്തിനായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും സർക്കാർ നിരോധിച്ചതോടെ മഹാരാഷ്ട്രത്തിൽ നിന്നുമുള്ള മാംസത്തിന്റെ വരവ് നിലച്ചു. തുടർന്നാണ് ഗോവ ബീഫിനായി കർണാടകത്തെ ആശ്രയിക്കാൻ ആരംഭിച്ചത്.