
അബുദാബി:പാകിസ്ഥാനെതിരെ ഇന്ത്യ സർജിക്കൽ സ്ട്രെെക്കിന് ഒരുങ്ങുന്നുവെന്ന ആരോപണവുമായി
പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. ആഭ്യന്തരപ്രശ്‌നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഇന്ത്യയുടെ നീക്കമെന്നും മഹമൂദ് ഖുറേഷി ആരോപിച്ചു. അബുദാബിയിൽ നടന്ന ഒരു വാർത്താസമ്മേളനത്തിലാണ് ഖുറേഷി ഇക്കാര്യം പറഞ്ഞത്.
"ഒരു സുപ്രധാന വിവരം ഞങ്ങളുടെ രഹസ്യാന്വേഷണ ഏജൻസിയിൽ നിന്നും ലഭിച്ചു. ഇന്ത്യ പാകിസ്ഥാനെതിരെ ഒരു സർജിക്കൽ സ്ട്രെെക്കിന് തയ്യാറെടുക്കുന്നു." മഹമൂദ് ഖുറേഷി പറഞ്ഞു.
സർക്കാരിന്റെ പരാജയപ്പെട്ട നയങ്ങൾ കാരണം ഇന്ത്യയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാവുകയാണെന്നും
ഖുറേഷി പറഞ്ഞു.
കാശ്മീരിലെ സ്ഥിതി, കർഷക പ്രതിഷേധം, പകർച്ചവ്യാധി, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്നീ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ഖുറേഷി രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്‌തു.
പാകിസ്ഥാനിൽ ഇന്ത്യ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ഖുറേഷി ആരോപിച്ചു.