police

കൊച്ചി: ഷോപ്പിംഗ് മാളിൽവച്ച് യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. പ്രവേശന കവാടത്തിൽ പേര് വിവരങ്ങൾ നൽകാതെയാണ് പ്രതികൾ മാളിൽ പ്രവേശിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പ്രതികൾ വന്നതും, തിരിച്ച് പോയതും മെട്രോ റെയിൽ വഴിയാണ്. മെട്രോയിലെ ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചു. നടിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ മാളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ പ്രതികൾ മാസ്ക് വച്ചിരുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ല.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഷോപ്പിംഗ് മാളിൽവച്ച് അപമാനിക്കപ്പെട്ട വിവരം നടി വെളിപ്പെടുത്തിയത്. രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും, ശരീരത്തിൽ സ്പർശിച്ച ശേഷം ഇവർ പിന്തുടർന്നെന്നുമാണ് നടിയുടെ ആരോപണം. കുടുംബത്തോടൊപ്പം ഷോപ്പിംഗ് മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

സംഭവത്തെ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ അപലപിച്ചിരുന്നു. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. എംസി ജോസഫൈൻ ഇന്ന് രാവിലെ നടിയുടെ വസതിയിലെത്തി വിവരങ്ങൾ ശേഖരിക്കും.