under-water-tunnel

സമുദ്റത്തിനടിയിൽക്കൂടി സഞ്ചരിക്കുന്നത് ഒരു അപൂർവ അനുഭവമാണ്. എന്നാൽ സമുദ്രത്തിനടിയിലൂടെ യാത്ര ചെയ്ത് അവിടെ കലാപരമായി വിഭാവനം ചെയ്ത ഒരു കവലയിലും അവിടുത്തെ ട്രാഫിക് റൗണ്ട് എബൗട്ടിലും പോയാലോ?​ അത് അത്യപൂർവ അനുഭവമാകും. ഇത് ഒരു കെട്ടുകഥയല്ല. അ​റ്റ്ലാന്റിക് സമുദ്റത്തിൽ ഫറോദ്വീപ് സമൂഹത്തിലെ രണ്ടു ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ടണൽ മാർഗത്തിലാണ് കടലിനടിയിൽ മൂന്നു വഴികൾ ഒരുമിക്കുന്ന കവലയും ട്രാഫിക് റൗണ്ട് എബൗട്ടും നിർമിച്ചിരിക്കുന്നത്.

നോർത്ത് അ​റ്റ്ലാന്റിക് സമുദ്റത്തിൽ നോർവേക്കും ഐസ്‌ലാൻഡിനും നടുക്കുള്ള 18 ദ്വീപുകളാണ് ഫറോ ഐലൻഡ്സ് എന്നറിയപ്പെടുന്നത്. ഡെൻമാർക്കിന്റെ കീഴിലുള്ള സ്വയംഭരണപ്രദേശമായ ഈ ദ്വീപ് സമൂഹം പ്രകൃതിദൃശ്യങ്ങൾക്ക് വളരെ പ്രസിദ്ധമാണ്. സ്‌ട്രെമോയ്,​ എസ്​റ്റുറോയ് ദ്വീപുകളെ ബന്ധിപ്പിച്ചാണ് 11 കിലോ മീ​റ്റർ നീളത്തിലുള്ള പുതിയ ടണൽ നിർമ്മിച്ചിരിക്കുന്നത്. ഈ പാതയിലെ ഏ​റ്റവും താഴ്ന്ന ഭാഗം സമുദ്റനിരപ്പിൽ നിന്ന് 613 അടി താഴെയാണ്. ഫറോദ്വീപിന്റെ തലസ്ഥാന നഗരമായ ടോർഷവ്നിൽ നിന്ന് ഒരു മണിക്കൂറിലധികം സമയം സഞ്ചരിച്ച് എത്തേണ്ട പല സ്ഥലങ്ങളിലേക്കും എസ്​റ്റുറോയ് ടണലിലൂടെ മിനി​റ്റുകൾകൊണ്ട് എത്താൻ കഴിയും.

എസ്​റ്റുറോയ് ദ്വീപിൽ വിശാലമായൊരു ഫിയോർഡിന് (പാറക്കെട്ടുകളുടെ ഇടയിലേക്ക് വ്യാപിച്ചു കിടക്കുന്ന കടൽ പ്രദേശം) ഇരുവശത്തുമായിട്ടാണ് ഗ്രാമങ്ങളും നഗരങ്ങളും ജനവാസകേന്ദ്രങ്ങളും രൂപപ്പെട്ടിരിക്കുന്നത്. സ്‌ട്രെമോയ് ദ്വീപിലേക്കുള്ള തുരങ്കപാതയിലേക്ക് എസ്​റ്റുറോയ് ദ്വീപിൽ ഫിയോർഡിന് ഇരുവശത്തുനിന്നും പ്രവേശിക്കാവുന്ന രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. തുരങ്കത്തിനുള്ളിൽ ഒരു റൗണ്ട് എബൗട്ട് വരാനുള്ള കാരണവും ഇതു തന്നെയാണ്. എസ്​റ്റുറോയ് ടണലിലെ റൗണ്ട് എബൗട്ട് ഏ​റ്റവും കലാപരമായി രൂപകൽപന ചെയ്യാനും ഫറോ ദ്വീപ് അധികൃതർ വളരെയേറെ ശ്രദ്ധിച്ചിട്ടുണ്ട്. റൗണ്ട് എബൗട്ടിന് മദ്ധ്യത്തിലുള്ള ശിൽപങ്ങൾ രൂപകൽപന ചെയ്തത് പ്രശസ്ത ഫറോസി കലാകാരനായ ട്രോണ്ഡർ പാ​റ്റൂഴ്സണാണ്.