fish-trap

തായ്‌വാനിലെ വ്യത്യസ്തമായ മത്സ്യബന്ധന രീതി വലിയ കൗതുകകരമാണ്. തിരക്കേറിയൊരു വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. ഒറ്റനോട്ടത്തിൽ ഇവിടം കണ്ടാൽ കരിങ്കല്ലിൽ തീർത്ത ഹൃദയാകൃതിയിലുള്ള രണ്ട് ശിൽപ്പമാണന്നേ തോന്നു. എന്നാൽ ഇത് മത്സ്യബന്ധനത്തിനുള്ള പുരാതനമായൊരു രീതിയാണ്. കൗതുകകരമായ ഈ മത്സ്യബന്ധന രീതി കാണാനും ചിത്രങ്ങളെടുക്കാനും അനേകായിരങ്ങളാണ് ഇവിടെ എത്തുന്നത്.

തെക്കൻ പസഫിക് ദ്വീപുകൾ, പസഫിക് സമുദ്രത്തിന്റെ തീരത്തുള്ള ഏഷ്യൻ രാജ്യങ്ങൾ, ഫിൻലാന്റ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പുരാതന കാലത്ത് ഈ രീതിയിലൂടെയാണ് മീൻപിടിച്ചിരുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തായ്‌‌വാനിലെ പടിഞ്ഞാറ് ഭാഗത്തുള്ള പെൻഗു ദ്വീപ് സമൂഹത്തിൽ, കഴിഞ്ഞ 700 വർഷമായി പ്രാദേശിക മത്സ്യത്തൊഴിലാളികൾ കല്ലുകൾ അടുക്കി വച്ച് ഒരു പ്രത്യേകരീതിയിൽ ചിറകെട്ടിയാണ് മീൻപിടിക്കുന്നത്. കല്ലുകൾക്കിടയിൽ മീൻ കുടുങ്ങിയാൽ അവയ്ക്ക് അതിൽ നിന്നും നീന്തിമാറാൻ സാധിക്കില്ല.

ഇത്തരത്തിൽ കല്ല് കൊണ്ട് മീൻപിടിക്കുന്ന 570ലധികം സ്ഥലങ്ങൾ പെൻഗുവിലുണ്ട്. അവയിൽ ഏറ്റവും പ്രസിദ്ധമായത് ചിമൈ ടൗൺഷിപ്പിലെ ട്വിൻഹാർട്ട് സ്റ്റോൺ വെയർ അഥവാ ഇരട്ടഹൃദയാകൃതിയിലുള്ള ചിറയാണ്. ബസാൾട്ട്, പവിഴപ്പുറ്റുകൾ എന്നിവയിൽ നിന്ന് നിർമിച്ച ഈ ചിറ അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ രണ്ട് ഹൃദയങ്ങളോട് സാമ്യമുള്ളതാണ്. ഒരു കാലത്ത് പെൻഗുവിലെ മത്സ്യത്തൊഴിലാളികളുടെ സമ്പദ്‌‌വ്യവസ്ഥയുടെ ഒരു പ്രധാന ഉറവിടമായിരുന്നു ഈ കല്ലുകൊണ്ട് മീൻപിടിക്കുന്ന രീതി. ഇത്തരം കെണികൾ സമുദ്ര പരിസ്ഥിതിക്ക് കേടുപാടുകൾ വരുത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിലനിൽക്കുന്നതും​ സംരക്ഷിക്കപ്പെടുന്നതുമായ ഏക കല്ല് കൊണ്ടു മീൻപിടിക്കുന്ന ഇടമാണ് പെൻഗുവിലെ ഇരട്ട ഹൃദയാകൃതിയിലുള്ള ഈ ചിറ. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് ഫോട്ടോയെടുക്കുന്നതിനായി പ്രത്യേകം സെൽഫി സ്‌പോട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്.