
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുസ്ലീം ലീഗ് നേതാക്കൾ കോൺഗ്രസ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. യു ഡി എഫ് യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്‌ച. കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കളാണ് കൂടിക്കാഴ്‌ചയിൽ പങ്കെടുക്കുക. കോൺഗ്രസ് നേതാക്കൾ പരസ്യ വിഴുപ്പലക്കൽ നടത്തരുതെന്ന് ലീഗ് ആവശ്യപ്പെടും.
കോൺഗ്രസിലെ ആഭ്യന്തര തർക്കത്തെ കുറിച്ച് മുസ്ലീം ലീഗിന് കടുത്ത അതൃപ്‌തിയാണുളളത്. ഇതേ വികാരമാണ് മറ്റ് ഘടകകക്ഷികൾക്കുമുളളത്. താഴെത്തട്ടിൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുളള തീരുമാനം യു ഡി എഫ് എടുക്കും. മുഖ്യമന്ത്രിയുടെ 22 മുതലുളള പര്യടനത്തിന് ബദൽ ജാഥയും ആലോചിക്കും.
തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ കെ പി സി സിയിലും തിരുത്തൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രാവിലെ കെ പി സി സി ജനറൽ സെക്രട്ടറിമാരുടെ യോഗം മുല്ലപ്പളളി രാമചന്ദ്രൻ വിളിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലേയും പരാജയം യോഗത്തിൽ പ്രത്യേകം വിലയിരുത്തും. വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ് ചുമതലയുളള ജനറൽ സെക്രട്ടറിമാർ ജില്ലകളുടെ അവലോകന റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം.
തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ വലിയ കലാപമാണ് കോൺഗ്രസിനുളളിൽ നടക്കുന്നത്. പല ജില്ലകളിലും ഡി സി സികൾക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രംഗത്ത് വന്നിരുന്നു. തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി പാർട്ടിയിൽ വേണമെന്നും കെ സുധാകരനും കെ മുരളീധരനും തുറന്നടിച്ചിട്ടുണ്ട്.