
വൈക്കം വിജയലക്ഷ്മിയെ ആരാധകർ കണ്ടിട്ട് നാളേറെയായി. ഗായിക എവിടെപ്പോയെന്ന ആരാധകരുടെ ചോദ്യങ്ങൾക്കൊടുവിൽ മകൾ വീട്ടിൽ സുഖമായിരിക്കുകയാണെന്ന് പിതാവ് അടുത്തിടെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി.
കാഴ്ച തീരെ ഇല്ലാതിരുന്ന തനിക്ക് ഇപ്പോൾ ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നാൻ തുടങ്ങിയിട്ടുണ്ടൈന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു. എന്നാൽ കാഴ്ച തിരികെ കിട്ടിയെന്നു തെറ്റിദ്ധരിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
കാഴ്ചശക്തി കിട്ടാനായി അമേരിക്കയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുന്ന ചികിത്സയിൽ പ്രതീക്ഷയുണ്ടെന്നും, ശസ്ത്രക്രിയ ഇല്ലാതെ മരുന്നു കൊണ്ടു തന്നെ രോഗം മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസം ഡോക്ടർമാരും പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
വൈക്കത്തെ വീട്ടിൽ താമസിച്ച് ചികിത്സ നടത്തുകയാണ് ഗായിക ഇപ്പോൾ. വൈറസ് ഭീഷണി മാറിയാൽ താൻ തുടർചികിത്സയ്ക്കായി ന്യൂയോർക്കിലേയ്ക്ക് വീണ്ടും പോകുമെന്ന് വൈക്കം വിജയ ലക്ഷ്മി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കാഴ്ചശക്തി നൽകുന്ന ഞരമ്പുകൾ ജന്മനാ ചുരുങ്ങിപ്പോയതാണ് ഗായികയുടെ അന്ധതയ്ക്കു കാരണം.