rajapalayam-chippipparai

കോലഞ്ചേരി: ശനി ദശയൊഴിഞ്ഞു. ഇന്ത്യൻ നായ ഇനങ്ങൾക്ക് വിപണയിൽ നല്ല കാലം. വിദേശ ബ്രീഡുകൾക്കൊപ്പം വില്പനയിൽ മുമ്പന്തിയിലാണിപ്പോൾ ഇന്ത്യൻ നായ്ക്കൾ. ചിപ്പിപ്പാറ, രാജപാളയം, മുധോൾ ഹൗണ്ട്, കോമ്പൈ, കന്നി, ബുള്ളി കുത്ത തുടങ്ങിയ ബ്രീഡുകൾക്ക് വൻഡിമാൻഡാണ്. നേരത്തെ അരുമകളായി വളർത്താൻ പോലും തയ്യാറാകാത്ത ഇവയുടെ വിപണയിലെ കുതിച്ചുചാട്ടം ഏവരെയും അമ്പരപ്പിക്കുകയാണ്.

കാത്തിരിക്കണം ആറ് മാസം വരെ

ഇന്ത്യൻ ബ്രീഡ് നായ്ക്കളെ വാങ്ങാൻ ചുരുങ്ങിയത് ആറ് മാസം വരെ കാത്തിരിക്കണം. അത്രയ്ക്കാണ് ഡിമാൻഡ്. നേരത്തെ മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ നായ ജനുസുകളുടെ സൗന്ദര്യത്തെയും കഴിവിനെയും പ്രകീർത്തിച്ചിരുന്നു. ഇതാണ് നായ്ക്കളുടെ തലവര മാറാൻ വഴിവച്ചത്.

ഇപ്പോൾ ഇന്ത്യൻസൈന്യത്തിലേക്കും ഇന്ത്യൻ ബ്രീഡ് നായ്ക്കാളെ തിരഞ്ഞെടുക്കുന്നുണ്ട്. നായ സ്നേഹികൾ നാടൻ നായ്ക്കളേയും എടുത്തു വളർത്തുന്നതും പാഷനായി. അഡോപ്റ്റഡ് ഡോഗ്സ് എന്ന ഫേസ് ബുക്ക് പേജു വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളലുള്ള കൂട്ടായ്മകൾ, ഉപേക്ഷിക്കുന്ന നായ്ക്കുട്ടികളെ കണ്ടെത്തി ആവശ്യക്കാർക്ക് എത്തിക്കുന്നുമുണ്ട്.

താരം ചിപ്പിപ്പാറ

സ്വദേശി നായ്ക്കളിൽ താരങ്ങൾ തമിഴ്നാട്ടുകാരാനായ ചിപ്പിപ്പാറയാണ്. രാജപാരമ്പര്യത്തിൽപ്പെട്ട ഇവയുടെ കൂർത്ത മുഖം, നീളമേറിയ പിൻകാലുകൾ, ചെറിയ വാൽ, മെലിഞ്ഞ ശരീരം എന്നിവയെല്ലാമാണ് മറ്റ് നായ്ക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. തമിഴ്‌നാട്ടിലെ മധുരയാണ് സ്വദേശം. ഇരയെ കണ്ട് പിന്തുടർന്ന് പിടിക്കുന്ന വേട്ടക്കാരാണ് ചിപ്പിപ്പാറകൾ. ഉടമയോടുള്ള കരുതലും മികച്ച കാവൽനായ എന്ന ഖ്യാതിയുമെല്ലാം ഇവരെ പ്രിയപ്പെട്ടവരാക്കുന്നു. നായ്ക്കുട്ടികളുടെ വില്പനയിൽ മുൻനിരയിലാണിവ. രാജപ്പാളയവും മുന്നിൽ തന്നെയുണ്ട്. കുഞ്ഞിന് വില 20000 കടന്നു.

നായ്ക്കൾ പ്രധാനമായും ഘ്രാണശക്തിയിലാണ് പ്രശസ്തരെങ്കിലും ഇരയിൽ മാത്രം കാഴ്ച കേന്ദ്രീകരിച്ച് പിടിക്കുക എന്നതാണ് നായ്ക്കളുടെ പ്രത്യേകത. 270 ഡിഗ്രി കാഴ്ച നൽകുന്ന വിധത്തിലാണ് ചിപ്പിപ്പാറയുടെ കണ്ണുകളുടെ സ്ഥാനം. ഇതുകൂടാതെ തീർത്തും മെലിഞ്ഞ ശരീരം ഇവരുടെ വേട്ട സ്വഭാവത്തിന് കരുത്തു നൽകുന്നു. വയർ ഭാഗം നന്നേ കുറവ് ആയതിനാൽത്തന്നെ വലിയ അളവിലുള്ള ഭക്ഷണം ആവശ്യമില്ല. എല്ലുകളും പേശികളുമാണ് ഇവയുടെ ഭാരത്തിന്റെ നല്ലൊരു ശതമാനവും. ഷോർട്ട് കോട്ട് ടൈപ്പ് രോമമായതിനാൽ ഗ്രൂമിംഗിന്റെ ആവശ്യവുമില്ല. ഇന്ത്യയിലെ വരണ്ട കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ശരീരപ്രകൃതം.