radhakrishna-menon

പാലക്കാട്: പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ബി ജെ പിയുടെ വിജയാഘോഷത്തിനിടെ ജയ്ശ്രീറാം ബാനർ തൂക്കിയ സംഭവത്തിൽ ബി ജെ പിയിൽ പൊട്ടിത്തെറി. നടപടി അപക്വമെന്നും പ്രവർത്തകരുടെ ആവേശം സംഘടന പ്രവർത്തനത്തിനായി ഉപയോഗിക്കാൻ നേതൃത്വം ശ്രമിക്കണമെന്നും മുതിർന്ന നേതാവ് ബി രാധാകൃഷ്‌ണ മേനോൻ വിമർശിച്ചു.

കമ്മറ്റികൾ പോലും സജ്ജമാക്കാതെയാണ് തിരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടതെന്നും രാധാകൃഷ്‌ണ മേനോൻ തുറന്നടിച്ചു. നേതാക്കളുടെ വിഴുപ്പലക്കലും തിരിച്ചടിയായി. കോട്ടയം ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുളളവർ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിച്ചില്ല. ബി ഡി ജെ എസും കാര്യമായ മുന്നേറ്റമുണ്ടാക്കിയില്ല. മുതിർന്ന നേതാക്കളോടുളള സമീപനത്തിൽ ഉൾപ്പടെ നേതൃത്വത്തിന് കാതലായ മാറ്റം വേണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറയുന്നു.

പാലക്കാട്ടെ പ്രവർത്തകരുടെ അതിരുവിട്ട പ്രകടനം നേതൃത്വത്തിന്റെ കൂടി വീഴ്‌ചയാണ്. തിരഞ്ഞെടുപ്പിൽ പാർട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്ന് തുറന്നു പറഞ്ഞ രാധാകൃഷ്‌ണ മേനോൻ സംഘടന സംവിധാനത്തിൽ കാര്യമായ പോരായ്‌മകളുണ്ടെന്നും ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുളള ബി ജെ പിയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് പാലക്കാട് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ജയ്ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയത്. മിനിറ്റുകൾക്കകം ബാനർ നീക്കം ചെയ്യുകയും ചെയ്‌‌തു. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.