
ചുവന്ന ഞണ്ടുകളുടെ ഘോഷയാത്ര. ആസ്ട്രേലിയയിലെ ക്രിസ്‌മസ് ദ്വീപിലെ റോഡിലൂടെ സഞ്ചരിക്കുന്നവർ പലപ്പോഴും ഈ അത്ഭുത ഘോഷയാത്രയ്ക്ക് സാക്ഷികളാണ്. മൂളിപ്പാട്ടും പാടി റോഡിലൂടെ വാഹനം ഓടിക്കുന്നതിനിടെ പെട്ടെന്ന് പൊലീസ് വാഹനങ്ങൾ തടഞ്ഞ് നിറുത്തിയിടാൻ ആവശ്യപ്പെടും. മുന്നോട്ട് പോകാൻ കഴിയില്ലത്രേ. കാരണം ഞണ്ട് റോഡ് മുറിച്ച് കടക്കുന്നു പോലും. റോഡിൽ ആനയേയും കാട്ടുപോത്തിനെയും പന്നിയെയും കാളയെയും പശുവിനെയും പട്ടിയെയും ഒക്കെ കണ്ട് ശീലിച്ച നമുക്ക് അൽപം ഞെട്ടലുണ്ടാവുക സ്വാഭാവികം. ഞണ്ടിന് പോകാൻ വാഹനം തടയണോ. ഇവിടെ പക്ഷെ തടയാതെ നിവൃത്തി ഇല്ല. ഒന്നും രണ്ടുമല്ല അമ്പത് മില്യണോളം ചുവന്ന ഞണ്ടുകളാണ് ദ്വീപിന്റെ മദ്ധ്യഭാഗങ്ങളിൽ നിന്ന് കടലിലേക്കും ഏതാനും ദിവസങ്ങൾക്ക് ശേഷം തിരികെയും യാത്ര ചെയ്യുന്നത്. റോഡിലാകെ ചുവന്ന പരവതാനി വിരിച്ചത് പോലുള്ള ഞണ്ടുകളുടെ ഈ ഘോഷയാത്ര ഒന്നു കാണേണ്ടതു തന്നെയാണ് !
അത്ഭുത ഘോഷയാത്ര
ആസ്‌ത്രേലിയൻ വൻകരയുടെ വടക്ക് പടിഞ്ഞാറ് ,1500 കിലോമീറ്റർ അകലെയായി ഇൻഡ്യൻ മഹാസമുദ്രത്തിലെ ക്രിസ്മസ് ദ്വീപിലാണ് പ്രകൃതിയിലെ ഈ മഹാ വിസ്മയം എല്ലാ വർഷവും അരങ്ങേറുന്നത്. ഏകദേശം 60 ദശലക്ഷം ചുവന്ന കര ഞണ്ടുകൾ തീരത്തേക്ക് വരുന്ന ഒരു പ്രകൃതി വിസ്മയമാണിത്. ഇണചേരാനും മുട്ടകൾ കടലിൽ നിക്ഷേപിക്കാനുമാണ് ചുവന്ന ഞണ്ടുകളുടെ യാത്ര. ദിവസങ്ങളോളം , ചുവപ്പ് പരവതാനി പോലെ ലക്ഷക്കണക്കിന് ഞണ്ടുകൾ ദ്വീപിനെയാകെ കൈയടക്കും. മഴക്കാലത്തിന്റെ തുടക്കം സൂചിപ്പിക്കുന്ന ആദ്യ മഴയിൽ തന്നെ ഇവർ യാത്ര തുടങ്ങും. ചാന്ദ്രഘട്ടത്തിന്റെ അവസാന പാദത്തിൽ മുട്ടകൾ കടലിൽ നിക്ഷേപിക്കാൻ സാധിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിക്കുക.
ക്രിസ്‌മസ് ദ്വീപിലെ പന്ത്രണ്ട് ഇനം കരഞണ്ടുകളിൽ ഒരിനമാണ് ജെക്കാർ കോയിഡിയ നതാലിസ് എന്ന ശാസ്ത്രീയ നാമമുള്ള ചുവന്ന ഞണ്ടുകൾ. ചൂട് സമയങ്ങളിൽ കാട്ടിലെ പാറകൾക്കിടയിലും മറ്റ് ഈർപ്പമുള്ള ഇടങ്ങളിലുമാണ് കഴിയുക. ഇലകളും വിത്തുകളും മറ്റും ഭക്ഷിക്കുന്ന ഈ ഞണ്ടുകൾ ദ്വീപിലെ സസ്യസമ്പത്തിന്റെ നിലനിൽപിന് പ്രധാന ഘടകമാണ്.
യാത്രയും പ്രജനനവും
ആദ്യ മഴയോടെ യാത്ര തുടങ്ങുമെങ്കിലും ചാന്ദ്രഘട്ടങ്ങളുടെ സാമീപ്യമനുസരിച്ച് യാത്രയുടെ വേഗവും ക്രമപ്പെടുത്തും എന്നത് അത്ഭുതമാണ്. മഴ വൈകുന്ന സന്ദർഭങ്ങളിൽ ഞണ്ടുകൾ യാത്ര വേഗത്തിലാക്കുന്നതായി കാണാം. മഴ ഏറെ വൈകിയാൽ യാത്ര അടുത്ത മാസത്തേക്ക് മാറ്റിവയ്‌ക്കും. ആദ്യം ആൺ ഞണ്ടുകളും അവരെ പിന്തുടർന്ന് പെൺഞണ്ടുകളും യാത്ര തുടങ്ങും. ചില കടൽ പക്ഷികളും ഒരുതരം മഞ്ഞ ഉറുമ്പുകളും യാത്രക്കിടയിൽ ഇവരെ ആക്രമിക്കാറുണ്ട്.
ഞണ്ടുകൾക്കൊരു പാലം
ദ്വീപ് നിവാസികൾ ഇവരുടെ യാത്ര സുഗമമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. വാഹനങ്ങൾ നിയന്ത്രിച്ചും ഞണ്ടുകൾക്ക് സഞ്ചരിക്കാൻ പ്രത്യേകം പാലങ്ങൾ നിർമ്മിച്ചും അധികൃതർ ഇവയെ സംരക്ഷിക്കുന്നു. അണ്ടർപാസുകളും ഞണ്ടുകൾക്കായി നിർമ്മിച്ചിട്ടുണ്ട്.
ആദ്യം കടലിലെത്തുന്ന ആൺഞണ്ടുകൾ തങ്ങളുടെ ശരീരോഷ്മാവ് ക്രമീകരിക്കാനും ശരീരത്തിലെ ഉപ്പിന്റെ കുറവ് നികത്താനുമായി ധാരാളം സമയം വെള്ളത്തിൽ ചെലവിടുന്നു. പിന്നീട് കരയിലുണ്ടാക്കുന്ന മാളങ്ങളിൽ ഇണചേരുന്നു. ഇതിന് ശേഷം ആൺഞണ്ടുകൾ തിരികെ യാത്ര ആരംഭിക്കും. പെൺഞണ്ടുകൾ മുട്ടകൾ പൂർണമായി രൂപപ്പെടുന്നതിനായി രണ്ടാഴ്ചയോളം മാളത്തിൽത്തെന്നെ കഴിയും. ചാന്ദ്രഘട്ടങ്ങളുടെ അവസാന പാദത്തിൽ പുലർച്ചക്ക് തൊട്ടുമുൻപുള്ള വേലിയേറ്റത്തിൽ ഇവ കടലിൽ മുട്ടകൾ നിക്ഷേപിക്കും. പിന്നെ മടക്കയാത്ര. നിക്ഷേപിച്ചയുടൻ മുട്ട വിരിഞ്ഞ് ലാർവകൾ പുറത്തുവരും. ഒരു മാസത്തിന് ശേഷം പൂർണമായും ഞണ്ടിൻ കുഞ്ഞുങ്ങളായി മാറുകയും കാട്ടിലേക്കുള്ള യാത്ര ആരംഭിക്കുകയും ചെയ്യും. ക്രിസ്‌മസിന്റെ നിറം ചുവപ്പായത് കൊണ്ടാകാം ക്രിസ്‌മസ് ദ്വീപിനെ പ്രകൃതി ഈ ചുവപ്പ് പ്രതിഭാസം കൊണ്ടനുഗ്രഹിച്ചത്.
ക്രിസ്‌മസ് ദ്വീപ്
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുദ്വീപാണ് ക്രിസ്‌മസ് ദ്വീപ്. ആസ്‌ട്രേലിയയുടെ അധികാരപരിധിയിലാണിത്. ഫ്ളൈയിങ്ങ് ഫിഷ് കോവ് ആണ് തലസ്ഥാനം. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷ. ആസ്‌ട്രേലിയൻ നഗരമായ പെർത്തിൽ നിന്നും 2600 കിലോമീറ്ററും, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും 360 കിലോമീറ്ററും, കൊക്കോസ് ദ്വീപിൽ നിന്നും 975 കിലോമീറ്ററും ദൂരത്തായാണ് ക്രിസ്‌മസ് ദ്വീപിന്റെ സ്ഥാനം. 1403 ആണ് ജനസംഖ്യ. ആസ്‌ട്രേലിയ അഭായർത്ഥികൾക്കായി ദ്വീപിൽ ക്യാമ്പ് നടത്തുന്നുണ്ട്. ഒരു നായയുടെ ആകൃതിയാണ് ദ്വീപിന്. 1643 ക്രിസ്‌മസ് ദിനത്തിൽ ഇവിടെത്തിയ ക്യാപ്ടൻ വില്യം മൈനേഴ്സ് ആണ് ഈ പേരിട്ടത്. ഗുഹകൾക്കും പവിഴപ്പുറ്റുകൾക്കും ഏറെ പേരുകേട്ട വിനോദസഞ്ചാരകേന്ദ്രമാണ് ഇവിടം.