bindhu-krishna

തിരുവനന്തപുരം: കൊല്ലത്തെ തോൽവിക്ക് പിന്നാലെയുണ്ടായ പോസ്‌റ്റർ വിവാദത്തിൽ പ്രതികരിച്ച് ഡി സി സി അദ്ധ്യക്ഷ ബിന്ദു കൃഷ്‌ണ. കൊല്ലം ഡി സി സി ഓഫീസിനും ആർ എസ് പി ഓഫീസിനും മുന്നിലാണ് ബിന്ദു കൃഷ്‌ണക്ക് എതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാർട്ടിക്ക് കൊല്ലത്തുണ്ടായ തിരിച്ചടിയെപ്പറ്റി വിശദീകരിക്കുന്ന ബിന്ദുകൃഷ്‌ണ നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചുവരവ് കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും പ്രത്യാശ പ്രകടിപ്പിക്കുന്നു. ബിന്ദകൃഷ്‌ണ കേരളകൗമുദി ഓൺലൈനിനോട്...

കൊല്ലത്ത് ശരിക്കും എന്താണ് സംഭവിച്ചത്? കെ പി സി സി അദ്ധ്യക്ഷൻ പറഞ്ഞതുപോലെ ജയിക്കുമ്പോൾ ആരും ക്രെഡിറ്റ് തരാതെ തോറ്റപ്പോൾ വളഞ്ഞിട്ട് ആക്രമിക്കുകയാണോ?

അത് തന്നെയാണല്ലോ സത്യം. കൊല്ലത്തെ സംബന്ധിച്ച് നൂറല്ല നൂറ്റി പത്ത് ശതമാനം അത് ശരിയാണ്. ഞാൻ ഡി സി സി പ്രസിഡന്റായി വരുന്നതിന് മുമ്പ് കൊല്ലം ജില്ലയിലെ പതിമൂന്ന് നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫ് ദയനീയമായാണ് പരാജയപ്പെട്ടത്. സി ആർ മഹേഷ് മാത്രമാണ് ചെറിയ മാർജിനിൽ തോറ്റത്. ബാക്കിയെല്ലാവരും പതിനേഴായിരത്തി എഴുന്നൂറ് മുതൽ നാൽപ്പതിനായിരം വരെയുളള മാർജിനിലാണ് തോറ്റത്. മുപ്പതിനായിരം ആയിരുന്നു ഇവിടത്തെ തോൽവിയുടെ ശരാശരി റെയ്ഞ്ച്. അവിടെ നിന്നാണ് ഞാൻ തുടങ്ങുന്നത്. ആ തോൽവി കാരണം എല്ലാവരും മനോവീര്യം തകർന്ന് നിൽക്കുകയായിരുന്നു. പ്രവർത്തകർക്ക് ഊർജ്ജം കൊടുക്കുകയായിരുന്നു ആദ്യത്തെ കാര്യം. ഒരു കുഞ്ഞു പ്രശ്‌നമുണ്ടായാൽ പോലും എല്ലായിടത്തും ഞാൻ ഓടിയെത്തുമായിരുന്നു. കൊല്ലത്ത് പാർട്ടി സംഘടിപ്പിച്ച ഒരു പരിപാടി പോലും പരാജയപ്പെട്ടിട്ടില്ല. കൊല്ലത്ത് ഈ പാർട്ടിയിലെ തൊണ്ണൂറ്റിയെട്ട് ശതമാനം പേരും ഒറ്റക്കെട്ടാണ്. ചില പ്രദേശങ്ങളിൽ സംഘടനപരമായ പ്രശ്‌നങ്ങളുണ്ട്.

ഇപ്രാവശ്യം എന്തുകൊണ്ടാണ് ഇത്തരമൊരു വലിയ തോൽവി സംഭവിച്ചത്?

വലിയ തോൽവിയെന്ന് പറയാൻ പറ്റില്ല. കോർപ്പറേഷനിൽ വലിയ തോൽവിയാണ്. കേരളത്തിൽ മൊത്തമുണ്ടായിരുന്ന അലയൊലി കൊല്ലത്തും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ എട്ട് പ‌ഞ്ചായത്ത് മാത്രമാണ് കിട്ടിയത്. ഇത്തവണ 22 പഞ്ചായത്ത് സ്വന്തം നിലയ്‌ക്ക് ഭരിക്കാനുണ്ട്. ആറ് പഞ്ചായത്തുകളിൽ കക്ഷിനില തുല്യം തുല്യമാണ്. കുറച്ച് പഞ്ചായത്തുകൾ നേരിയ വ്യത്യാസത്തിലാണ് നഷ്‌ടപ്പെട്ടത്. അങ്ങനെ നോക്കുമ്പോൾ നമ്മൾ തകർന്ന് പോയൊന്നുമില്ല. കഴിഞ്ഞ തവണത്തെക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ കോർപ്പറേഷനിലാണ് വലിയ തകർച്ച നേരിട്ടത്. ചില സ്ഥലങ്ങളിൽ റിബൽ ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. പക്ഷെ കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് റിബലുകളുടെ എണ്ണം കുറവായിരുന്നു. ഞാൻ, പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, കോൺഗ്രസ് നേതാക്കന്മാർ തുടങ്ങി ഞങ്ങൾ എല്ലാവരും റിബൽ നേതാക്കളെ വീടുകളിൽ പോയി കണ്ട് കുറേ പേരെ പിന്തിരിപ്പിച്ചിരുന്നു. ഏറ്റവും സിസ്റ്റമാറ്റിക്കായി നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടന്ന സീറ്റുകൾ പോലും ഞങ്ങൾക്ക് നഷ്‌ടപ്പെട്ടിട്ടുണ്ട്. അത് അപ്രതീക്ഷിതമായിരുന്നു.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണല്ലോ തർക്കം. എന്തെങ്കിലും പാളിച്ച പറ്റിയിരുന്നോ?

സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായിരുന്നില്ല. ഞാൻ വ്യക്തിപരമായി ഒരാളെ പോലും സ്ഥാനാർത്ഥിയാക്കിയിട്ടില്ല. ഞാൻ ഒരാളെ വാശി പിടിച്ച് നിർത്തി അത് തോറ്റാൽ അതിന്റെ ഉത്തരവാദിത്വം എന്റെ തലയിൽ വരുമെന്നുളളത് കൊണ്ട് സ്വകാര്യമായി ആവശ്യപ്പെട്ടവരോടൊക്കെ നേതാക്കന്മാരെ കാണാനാണ് ഞാൻ പറഞ്ഞത്. എട്ടംഗ കെ പി സി സി കമ്മിറ്റി രണ്ടാഴ്‌ച ചർച്ച ചെയ്‌താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. എല്ലാ പഞ്ചായത്തുകളിലും താഴെ തട്ടിൽ നിന്നു വന്ന പേരുകൾ അംഗീകരിക്കുകയായിരുന്നു. കോർപ്പറേഷനിലും കൂട്ടായ തീരുമാനമായിരുന്നു.

ഫോർവേഡ് ബ്ലോക്കിനൊക്കെ സീറ്റ് നൽകിയത് തിരിച്ചടിയായോ?

കോൺഗ്രസ് മൊത്തത്തിൽ ജയിച്ചിട്ട് അവർ തോറ്റിരുന്നെങ്കിൽ അങ്ങനെ വിലയിരുത്താമായിരുന്നു. പൊതുവായി കോർപ്പറേഷൻ മുഴുവൻ യു ഡി എഫിന് എതിരായ തരംഗമായിരുന്നു. എന്നാൽ എവിടെ പോയാലും ജനങ്ങൾ കോർപ്പറേഷന് എതിരായാണ് പറഞ്ഞുകൊണ്ടിരുന്നത്.

കോൺഗ്രസിനുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധി തിരഞ്ഞെടുപ്പിനെ ബാധിച്ചോ?

യഥാർത്ഥ കാരണം അതായിരുന്നു. സാമുദായികവും സാമൂഹികവും രാഷ്ട്രീയവുമായ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അടിസ്ഥാനപരമായ കാര്യം സാമ്പത്തികം ഇല്ലായ്‌മയായിരുന്നു.

വ്യക്തിപരമായി ടാർഗറ്റ് ചെയ്‌ത് ബിന്ദു കൃഷ്‌ണയെ ആക്രമിക്കുകയാണോ?

ഒരു സംശയവുമില്ല. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് മൂവർണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണ്. ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു തരത്തിലുളള പ്രവർത്തനങ്ങൾക്കും ഞാൻ അറിഞ്ഞും അറിയാതെയും കൂട്ട് നിന്നിട്ടില്ല. കൊവിഡ് കാലത്ത് ആരും നിരത്തിലിറങ്ങാതെ ഇരുന്നപ്പോൾ കൂട്ടുകാരിയുടെ സ്‌കൂട്ടറുമെടുത്ത് പൊതിച്ചോറുമായി തെരുവിൽ ഇറങ്ങിയ ഒരാളാണ് ഞാൻ. അന്ന് ഒരു കമ്മ്യൂണിറ്റി കിച്ചണുമുണ്ടായിരുന്നില്ല. പിന്നീടാണ് ഷെൽറ്റർ ഹോമൊക്കെ തുടങ്ങുന്നത്. ജില്ലയിൽ എവിടെ ആയാലും ആളുകൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഓടിയെത്തുന്ന ഞാൻ ഈ പാർട്ടിയെ തകർക്കാൻ ശ്രമിച്ചുവെന്ന് പറയുന്നത് സങ്കടമാണ്. ഏറ്റവും സങ്കടം ഞാൻ ബി ജെ പി ഏജന്റെന്ന് പറഞ്ഞതാണ്.

പോസ്റ്ററുകൾ ഒട്ടിച്ചതിനെതിരെ കെ പി സി സിക്ക് പരാതി നൽകുമോ?

ഒരു പരാതിയും ഞാൻ നൽകില്ല. ഇതിന് അപ്പുറമാണ് കെ പി സി സി നേതാക്കൾക്ക് എതിരെ പറയുന്നത്. ഭൂരിപക്ഷം പ്രവർത്തകരും നേതാക്കളും എനിക്കൊപ്പമുണ്ട്. യൂത്ത് കോൺഗ്രസുകാരും കെ എസ് യുക്കാരുമുണ്ട്. വെറുതെ വിവാദമുണ്ടാക്കാൻ ഞാനില്ല. എല്ലാം ഈശ്വരനോട് പറയുന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ പ്രതീക്ഷ എന്തൊക്കെയാണ്?

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും ഞങ്ങൾ ലീഡ് ചെയ്‌തത്. ഈ തോൽവിയുടെ ഘടകം എന്തായാലും പ്രവർത്തകർക്ക് കടുത്ത നിരാശ ഉണ്ടായിട്ടുണ്ട്. അവരെല്ലാം ഉണർന്ന് പ്രവർത്തിക്കും. നേതൃത്വവും അവർക്കൊപ്പമുണ്ടാകും. ഈ പോസ്റ്റർ ഒട്ടിച്ച ആളുകളെയൊക്കെ ഞങ്ങൾക്കറിയാം. ബിന്ദുകൃഷ്ണ പേയ്‌മെന്റ് നടത്തിയെന്നാണ് പറയുന്നത്. 1348 സ്ഥാനാർത്ഥികളാണ് കൊല്ലത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചത്. ആ സ്ഥാനാർത്ഥികളോടോ അവരുടെ പാർട്ടിയിലെയോ കുടുംബത്തിലെയോ രക്ഷകർത്താക്കളോടും ചോദിച്ച് നോക്കൂ. ഒരു ചായ പോലും ഞാൻ അവരുടെ കൈയിൽ നിന്ന് വാങ്ങി കുടിച്ചിട്ടില്ല. ജീവൻ പോയാലും അഭിമാനമാണ് എനിക്ക് വലുത്. ഒരാളോട് പോലും ഞാൻ പണം ചോദിച്ചിട്ടില്ല. സഹപ്രവർത്തകരാണ് പാർട്ടി പ്രവർത്തനത്തിന് പണം കണ്ടെത്തി തരുന്നത്.

ഒരു ലക്ഷം രൂപയുടെ ആവശ്യമുണ്ടെങ്കിൽ കണ്ടെത്തി തരുന്നത് അറുപതിനായിരം ആയിരിക്കും. ബാക്കി കടമാണ്. ലോകം മൊത്തം കടമുണ്ട് എനിക്ക്. മുപ്പത്തിയഞ്ച് വർഷമായി പണി പൂർത്തിയാക്കാതെ കിടന്ന കൊല്ലത്തെ പാർട്ടി ഓഫീസിന്റെ നിർമ്മാണം പൂർത്തിയാക്കിയത് ഈ കാലഘട്ടത്തിലാണ്. ഈ തിരഞ്ഞെടുപ്പിന് സ്വന്തം ബൂത്തിൽ പോലും പ്രവർത്തനത്തിന് ഇറങ്ങാത്തവരാണ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഞാൻ ഒരു സാധാരണക്കാരിയാണ്. ഇതിനു മുമ്പും ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ബി ജെ പിക്ക് എതിരായി വളരെ ഷാർപ്പായാണ് ഞാൻ കടന്നാക്രമണം നടത്തുന്നത്. സി പി എമ്മുകാർ പോലും എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന-പ്രാദേശിക വിഷയങ്ങളിലെല്ലാം പ്രതികരിക്കുന്ന എല്ലായിടത്തും ഓടിയെത്തുന്ന ഒരാളാണ് ഞാൻ. ‌ഞാൻ ഒരു തെറ്റും ചെയ്‌തിട്ടില്ല.