
സുധ കൊങ്ങര സംവിധാനം ചെയ്ത പാവ കഥൈകളിലെ ട്രാൻസ് ജെണ്ടറായ സത്താറിന്റെ വേഷം കാളിദാസിന്റെ പുതിയ മുഖം അടയാളപ്പെടുത്തുന്നു....
പ്രിയ കാളിദാസ്, നിങ്ങളെ ഇനി തെന്നിന്ത്യൻ സിനിമ സത്താറായി അടയാളപ്പെടുത്തും. സ്ത്രൈണവ ഭാവത്തിൽ ചുണ്ടിൽ ചുവപ്പ് തേച്ച് സ്നേഹത്തിന്റെയു നിഷ്കളങ്കതയുടെയും മുഖമായി ഒരു വിങ്ങൽ പോലെ നിങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. കഴിഞ്ഞ ദിവസം ഒ .ടി .ടി റിലീസിനെത്തിയ പാവ കഥൈകൾ എന്ന ആന്തോളജി ചിത്രത്തിൽ പ്രമുഖ സംവിധായിക സുധ കൊങ്ങരയുടെ തങ്കം എന്ന ചിത്രത്തിൽ സത്താർ എന്ന ട്രാൻസ്ജെണ്ടറിന്റെ വേഷത്തിൽ കാളിദാസ് മലയാളത്തിന്റെ കണ്ണൻ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.ദുരഭിമാന കൊലപാതകത്തെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് തങ്കത്തിലൂടെ സുധ.
ഒരു സമൂഹം എന്ന നിലയിൽ ആലോചിച്ചാൽ നാണിച്ചു തലതാഴ്ത്തേണ്ട പച്ചയായ നേർകാഴ്ചയാണ് സുധകൊങ്ങരയുടെ തങ്കം. 1981 അരങ്ങേറുന്ന കഥ. മുസ്ലിം കുടുംബത്തിൽ ജനിച്ച സത്താർ.ശരവണൻ(ശാന്തനു ഭാഗ്യരാജ് ) സത്താറിന്റെ ബാല്യ കാല സുഹൃത്താണ്. ശരവണന് സത്താറിനെ ഒരു സുഹൃത്ത് എന്ന നിലയിൽ ഇഷ്ടമാണ്. സത്താറിന് അതിനപ്പുറമുള്ള ഒരു ലോകമാണ് ശരവണൻ. തന്റെ സഹോദരിയെയാണ് ശരവണൻ ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കി അവർക്ക് വേണ്ടി തന്റെ സ്നേഹത്തെ ഉള്ളിൽ ഒതുക്കുന്ന സത്താർ പ്രേക്ഷകരുടെ ഉള്ളിലെ നീറ്റലാണ്.

ശരവണൻ സത്താറിനെ കെട്ടിപ്പിടിക്കുന്നു ഒരു സീനിൽ സത്താർ പറയുന്നുണ്ട് എന്നെ ഇത്രയും സ്നേഹത്തിൽ ആരും ചേർത്ത് നിർത്തിയിട്ടില്ലെന്ന്. ക്ലൈമാക്സ് രംഗത്തിലെ സത്താറിന്റെ പ്രകടനം ഗംഭീരമായി.സത്താറായി കാളിദാസ് മാറുമ്പോൾ ബോഡി മൂവ്മെന്റ്സ്, ഓരോ നോട്ടങ്ങൾ, ഭാവങ്ങൾ തുടങ്ങി കാളിദാസ് സത്താറിലേക്ക് മികവാർന്ന നിലയിൽ പകർന്നാട്ടം നടത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ഇനിയും നിങ്ങൾ തമിഴ് സിനിമയുടെ ഭാഗമാവാണമെന്ന് തമിഴ് ജനത ഒന്നടങ്കം കാളിദാസിനോട് പറയുന്നു.മലയാള സിനിമയുടെ മകനാണ് കാളിദാസ്. മലയാളത്തിലെ ജനപ്രിയ താര ജോഡികളായ ജയറാമിന്റെയും പാർവതിയും മകനായി ജനിച്ച കാളിദാസ് സിനിമയിൽ എത്തിയതിൽ അത്ഭുതമില്ല. ബാലതാരമായി എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ പ്രകടനത്തിൽ ദേശിയ അംഗീകാരം നേടി. ബാലതാരമായി മലയാള സിനിമയിൽ എത്തിയ കാളിദാസ് നായകനായി എത്തിയത് എബ്രിഡ് ഷൈനിന്റെ പൂമരത്തിലൂടെയാണ്.

തുടക്കം മുതൽ വിമർശനങ്ങൾ നേരിടേണ്ടിവന്ന നടൻ.ചോക്ലേറ്റ് ഹീറോ നായകനല്ലാതെ അഭിനയ സാദ്ധ്യതകളുള്ള കഥാപാത്രങ്ങൾ കാളിദാസിനെ തേടിയെത്തിയില്ല. സത്യം പറഞ്ഞാൽ കാളിദാസിനെ വേണ്ടരീതിയിൽ മലയാളത്തിലെ സംവിധായകർ ഉപയോഗിച്ചില്ലെന്ന് വേണം പറയാൻ. അർജന്റീന ഫാൻസ് കാട്ടൂർകടവ് ,മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, ഹാപ്പി സർദാർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കാളിദാസിന്റെ കഥാപാത്രങ്ങൾ വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതിനെ ചൊല്ലി വിമർശിച്ചവർക്കുള്ള മറുപടിയാണ് കാളിദാസിന്റെ സത്താർ.ഇതിനു മുൻപ് റിലീസ് ചെയ്ത തമിഴ് ആന്തോളജി ചിത്രം പുത്തം പുതു കാലൈയിലെ സുധ കൊങ്ങര ഒരുക്കിയ ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തിൽ കാളിദാസിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അച്ഛൻ ജയറാം ചിത്രത്തിൽ സാന്നിദ്ധ്യമായപ്പോൾ അതൊരു അഭിനയ മത്സരമായി പോലും കാണുന്നവർക്ക് തോന്നി. പ്രിയപ്പെട്ട കാളിദാസ് നിങ്ങളിലെ നടനെ ഇനി ആർക്കും അവഗണിക്കാനാവില്ല.ചിത്രത്തിൽ സാന്നിദ്ധ്യമായപ്പോൾ അതൊരു അഭിനയ മത്സരമായി പോലും കാണുന്നവർക്ക് തോന്നി. പ്രിയപ്പെട്ട കാളിദാസ് നിങ്ങളിലെ നടനെ ഇനി ആർക്കും അവഗണിക്കാനാവില്ല.