
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിടപറഞ്ഞ പ്രമുഖരെപ്പറ്റിയാണ് ഇത്തവണത്തെ റീക്യാപ് ഡയറി
മിസ് യു ഡുക്ക്
വിഖ്യാത ദക്ഷിണകൊറിയൻ സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചതാണ് കഴിഞ്ഞയാഴ്ചയിലെ വലിയ നഷ്ടങ്ങളിലൊന്ന്. ബാൾട്ടിക് രാജ്യമായ ലാത്വിയയിലെ ആശുപത്രിയിൽ കൊവിഡാനന്തരമുള്ള അസ്വസ്ഥതകളെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരം ചലച്ചിത്ര മേളകളിലൂടെ കേരളം നെഞ്ചേറ്റിയ മഹാപ്രതിഭ, ഈ ഡിസംബറിൽ വിടവാങ്ങിയത് മലയാളികളായ ആരാധകർക്കെല്ലാം ഞെട്ടലായി.
ആധുനിക ലോകസിനിമയിൽ കിഴക്കൻ ഏഷ്യയിലെ പ്രതിഭാധനരായ സംവിധായകരിൽ പ്രമുഖനായിരുന്നു കിം കി ഡുക്. വെനീസ് മേളയിൽ ഗോൾഡൻ ലയൺ (പിയാത്ത), സിൽവർ ലയൺ (3–അയൺ), ബെർലിൻ മേളയിൽ സിൽവർ ബെയർ (സമരിയ), കാൻ മേളയിൽ അൺ സെർട്ടൻ റിഗാർഡ് (അറിറാങ് - ഡോക്യുമെന്ററി) എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോങ്‍വയിലാണ് കിമ്മിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഫാക്ടറി തൊഴിലാളിയായി. 1990 - 93 കാലയളവിൽ പാരീസിലെ ഫൈൻ ആർട്‌സ് പഠനം അദ്ദേഹത്തിന്റെ ജാതകം തിരുത്തിക്കുറിച്ചു. 1995ൽ കൊറിയയിൽ തിരിച്ചെത്തിയ കിം തിരക്കഥാകൃത്തായി. ആദ്യ തിരക്കഥ കൊറിയൻ ഫിലിം കൗൺസിലിന്റെ മത്സരത്തിൽ ഒന്നാമതെത്തി.
ദ ബോ, ഡ്രീം, ടൈം, ബ്യൂട്ടിഫുൾ, ദ നെറ്റ്, മോബിയസ്, ഹ്യൂമൻ - സ്‌പേസ് - ടൈം ആൻഡ് ഹ്യൂമൻ തുടങ്ങിയവ പ്രധാന സിനിമകളാണ്.
നാട്യവിസ്മയം
ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തെയും പാശ്ചാത്യ നൃത്തരീതിയെയും സമന്വയിപ്പിച്ച്, ശരീരം താളനിബദ്ധമാക്കി ജീവിച്ച നർത്തനരംഗത്തെ വിസ്‌മയം അസ്താദ് ദേബൂ (73) വിടവാങ്ങിയതും കഴിഞ്ഞയാഴ്ച.
കഥക്, കഥകളി, പാശ്ചാത്യ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ച ശൈലിയിലൂടെ ലോകമെമ്പാടുമുള്ള ആസ്വാദകരുടെ മനം കവർന്നിരുന്നു. വ്യാഴാഴ്ച രാവിലെ മുംബയിലെ വസതിയിലായിരുന്നു അന്ത്യം. ഗുജറാത്തിലെ നവസാരി സ്വദേശിയാണ്.
ചെറുപ്പത്തിൽ തന്നെ ഗുരു പ്രഹ്ലാദ് ദാസിൽ നിന്ന് കഥക് അഭ്യസിച്ച ദേബൂ മുംബയിലെ ബിരുദപഠനത്തിനു ശേഷം ന്യൂയോർക്കിലെ മാർത്ത ഗ്രഹാം സെന്റർ ഓഫ് കണ്ടംപററി ഡാൻസിൽ ചേർന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം തിരുവല്ലയിൽ ഗുരു ഇ. കൃഷ്ണപ്പണിക്കരിൽ നിന്നാണ് കഥകളി അഭ്യസിച്ചത്. അരനൂറ്റാണ്ട് തുടർന്ന നൃത്തസപര്യയിൽ ചൈനയിലെ വൻമതിലിൽ ഉൾപ്പെടെ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യൻ, പാശ്ചാത്യ നൃത്തരൂപങ്ങൾ കോർത്തിണക്കിയ 'ദേബൂ സ്റ്റൈൽ' എഴുപതോളം രാജ്യങ്ങളിലെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
പ്രിയ കഥാകാരൻ
മലയാളത്തിന്റെ പ്രിയ കഥാകാരൻ യു.എ ഖാദറും (85) നമ്മെ വിട്ടുപിരിഞ്ഞു. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മലയാളിയായ പിതാവ് മൊയ്തീൻ കുട്ടി ഹാജിയുടെയും മ്യാൻമർ സ്വദേശി മാമൈദിയുടെയും മകനായി 1935ൽ കിഴക്കൻ മ്യാൻമറിലെ ബില്ലിൻ എന്ന ഗ്രാമത്തിലായിരുന്നു യു.എ.ഖാദറിന്റെ ജനനം. ഖാദർ ജനിച്ച് മൂന്നാം ദിവസം അമ്മ മരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഖാദറിന്റെ ഏഴാം വയസിലാണ് അച്ഛന്റെ നാടായ കൊയിലാണ്ടിയിൽ എത്തുന്നത്. കൊയിലാണ്ടി ഗവൺമെന്റ് ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഒഫ് ആർട്‌സിൽ ചിത്രകലാപഠനം നടത്തിയെങ്കിലും പൂർത്തിയാക്കിയില്ല.
ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവ.ജനറൽ ആശുപത്രിയിലും ജോലി ചെയ്ത ഖാദർ 1990ൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു.
കാവും തെയ്യവും നാട്ടാചാരങ്ങളും ഖാദറിന്റെ രചനകളിൽ നിറഞ്ഞു നിന്നു.
ആർ. ഹേലിക്ക് വിട
പ്രമുഖ കൃഷിശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറും കാർഷിക പത്രപ്രവർത്തനത്തിന്റെ ഉപജ്ഞാതാവുമായ ആർ.ഹേലി അന്തരിച്ചതും ഈയാഴ്ച. അരനൂറ്റാണ്ടിലേറെ കേരളത്തിൽ കൃഷി ശാസ്‌ത്രത്തിന്റെ പ്രതീകമായി അറിയപ്പെട്ട ഹേലിക്ക് 86 വയസായിരുന്നു. സർക്കാരിന്റെ കർഷക ഭാരതി അവാർഡ‌് ജേതാവാണ്. നിരവധി കാർഷിക ഗ്രന്ഥങ്ങൾ രചിച്ചു. ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻപുറം പരിപാടികളും പത്ര - മാസികകളിലെ കാർഷിക പംക്തികളും ജനകീയമായി. കാർഷിക നയരൂപീകരണ സമിതി അംഗമായിരുന്നു.
കലാസംവിധായകൻ പി.കൃഷ്ണമൂർത്തി
അഞ്ചുതവണ ദേശീയ പുരസ്കാരം നേടിയ പ്രശസ്ത കലാസംവിധായകൻ പി.കൃഷ്ണമൂർത്തി അന്തരിച്ചതും ഈയാഴ്ച. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55 ഓളം സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. കലാസംവിധാനത്തിന് മൂന്നു തവണയും വസ്ത്രാലങ്കാരത്തിന് രണ്ടു തവണയുമാണ് ദേശീയ പുരസ്കാരം ലഭിച്ചത്. കൂടാതെ, അഞ്ചുതവണ കേരള സംസ്ഥാന പുരസ്‌കാരവും തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡും കലൈമാമണി പുരസ്‌കാരവും ലഭിച്ചു.
സ്വാതിതിരുനാളാണ് മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തുടർന്ന് വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, രാജശില്‍പി, പരിണയം, ഗസൽ, കുലം, വചനം, ഒളിയമ്പുകൾ തുടങ്ങി പതിനഞ്ചിലേറെ മലയാള ചിത്രങ്ങളുടെ ഭാഗമായി.