amit-shah

കൊൽക്കത്ത: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിലെത്തി. രണ്ട് മണിക്ക് നടക്കുന്ന മിഡ്‌നാപൂരിലെ റാലിയിൽ അദ്ദേഹം പങ്കെടുക്കും. യോഗത്തിൽ ബംഗാൾ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഷാ ഉയർത്തിക്കുമെന്നാണ് സൂചന.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനുള്ള ബി.ജെ.പിയുടെ കാഹളം കൂടിയാകും ഷായുടെ ഈ റാലി. മുൻമന്ത്രി സുവേന്ദു അധികാരിയടക്കം എം.പിമാരും എം.എൽ.എമാരുമടങ്ങുന്ന തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള നേതൃപട തന്നെ അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ ബി.ജെ.പിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് പുലർച്ചെ 1.30ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഷാ കൊൽക്കത്തയിൽ എത്തിയത്. ഇന്നലെ ഭരക്‌പോർ എം.എൽ.എ ശിൽഭദ്ര ദത്ത, ന്യൂനപക്ഷ സെൽ നേതാവ് കബിറുകൾ ഇസ്‌ളാം എന്നിവർ തൃണമൂൽ കോൺഗ്രസ് വിട്ടിരുന്നു.

അതേസമയം, മന്ത്രിയായിരുന്ന സുവേന്ദു അധികാരിയുടെ രാജി നിയമസഭാ സ്പീക്കർ ബിമൻ ബാനർജി സ്വീകരിച്ചിട്ടില്ല. സുവേന്ദുവിന്റെ രാജിക്കത്തിലെ തീയതിയിലും മറ്റും ചില സംശയങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ ബിമൻ ബാനർജി രാജി പരിഗണിക്കാതിരുന്നത്. തിങ്കളാഴ്ച നേരിട്ട് ഹാജരാകാനും സുവേന്ദുവിനോട് ആവശ്യപ്പെട്ടു. ജിതേന്ദ്ര തീവാരിയുടെ അനുയായിയും സൗത്ത് ബംഗാൾ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ മേധാവിയുമായ കേണൽ ദിപ്താൻഷു ചൗധരിയും തൃണമൂലിൽ നിന്ന് രാജിവച്ചു. ഇദ്ദേഹം മുമ്പ് ബി.ജെ.പിയിൽ നിന്ന് തൃണമൂലിൽ എത്തിയതാണ്.