
തിരുവനന്തപുരം: വൈറസ് രോഗവ്യാപനം വർദ്ധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൂടിച്ചേരലിന്റെ ഭാഗമായി രോഗത്തിന്റെ ഗ്രാഫ് ഉയരുമെന്ന ഭീതിയുണ്ടെന്നും, ജനങ്ങൾ വളരെ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂവെന്നും കെ.കെ ശൈലജ മുന്നറിയിപ്പ് നൽകി.
ആരോഗ്യമന്ത്രിയുടെ വാക്കുകൾ
'നാം ഒരു പുതിയ ഘട്ടത്തിലെത്തി നിൽക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കൂടിച്ചേരലിന്റെ ഭാഗമായി കൊവിഡിന്റെ ഗ്രാഫ് ഉയരുമെന്ന ഭയം ഇപ്പോഴുണ്ട്. അവിടവിടായി കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വരുന്ന രണ്ടാഴ്‌ചക്കാലം വളരെ കരുതിയിരിക്കേണ്ടതാണ്. കേസുകളിൽ എത്രമാത്രം വർദ്ധനവുണ്ടാകുമെന്ന് ഈ രണ്ടാഴ്‌ചക്കാലം കൊണ്ടുമാത്രമേ പറയാൻ സാധിക്കുകയുള്ളൂ. തിരഞ്ഞെടുപ്പിന് ശേഷം വൻതോതിൽ വർദ്ധനവുണ്ടാകുമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ശ്രദ്ധയോടെയുള്ള ഇടപെടലിന്റെ ഭാഗമായി അവിടെയും നമുക്ക് രക്ഷപ്പെടാൻ സാധിക്കണം. നിർദേശങ്ങൾ കൃത്യമായി പാലിക്കണം. മാസ്‌ക് ധരിക്കണം, കൈകൾ ഇടയ‌്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശുചിയാക്കണം, കൃത്യമായ അകലം എന്നിവ കൃത്യമായി പാലിക്കണം. ഇനിയുള്ള ഓരോദിവസവും കൂട്ടായ‌്‌മകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. കാരണം, തിരഞ്ഞെടുപ്പ് യോഗങ്ങളിൽ നിന്ന് ആർക്കെങ്കിലും രോഗം പകർന്നിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കാൻ വേണ്ടിയാണ്. വളരെ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ'.
കോവിഡ് 19തെരഞ്ഞെടുപ്പ് കഴിഞ്ഞു കോവിഡെല്ലാം പോയെന്ന് കരുതരുത്...
Posted by K K Shailaja Teacher on Friday, 18 December 2020